Categories
exclusive

ഷാജ്‌ കിരണ്‍ സംഘപരിവാറിന്റെ ഏജന്റാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കാനാവുമോ..?

എല്ലാ രാഷ്ട്രീയ പാര്‍ടികളിലും വ്യാപകമായ ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഷാജ്‌ കിരണ്‍ പല വിഷയങ്ങളിലും ഇടതു- വലതു രാഷ്ട്രീയ നേതാക്കളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാറുള്ളയാളാണെന്ന്‌ പ്രസിദ്ധിയുള്ള വ്യക്തിയാണ്‌. എല്ലാ രാഷ്ട്രീയക്കാരും ഷാജ്‌ കിരണിനെ ഉപയോഗിക്കാറുണ്ടെന്നതാണ്
പരസ്യമായ രഹസ്യം.

Spread the love

സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ ഷാജ്‌ കിരണ്‍ എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനെ മുഖ്യമന്ത്രി അയച്ചു എന്ന നിലയില്‍ രാഷ്‌്‌ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി. ചീഫ്‌ എഡിറ്റര്‍ എം.വി.നികേഷ്‌ കുമാറിന്റെ വെളിപ്പെടുത്തല്‍ കൂടി വരുമ്പോള്‍ ഷാജ്‌ കിരണ്‍ ആരുടെ ഏജന്റാണെന്ന ദുരൂഹതയിലേക്ക്‌ വെളിച്ചം വീഴുകയാണ്‌. തന്നെയും ബ്ലാക്ക്‌മെയില്‍ ചെയ്‌ത്‌ സ്വപ്‌ന കേസില്‍ സംശയ നിഴലിലാക്കാന്‍ ഷാജ്‌ കിരണ്‍ ശ്രമിച്ചു എന്ന്‌ നികേഷ്‌ സംശയിക്കുന്നു. ഇതോടെ ഷാജ്‌ കിരണ്‍ ദൗത്യമേറ്റെടുത്തത്‌ ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന കാര്യത്തിലും സംശയം ബലപ്പെടുന്നു.

മുഖ്യമന്ത്രിയുടെ അനധികൃത ഇടപെടല്‍ എന്ന വിഷയം കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഒരു തെളിവു വസ്‌തുവായിത്തീര്‍ന്നിരിക്കയാണ്‌ ഷാജ്‌ കിരണ്‍ ഇപ്പോള്‍. മുഖ്യമന്ത്രിയെ കൂടുതല്‍ വിമര്‍ശനത്തിന്‌ ഇരയാക്കാന്‍ ഷാജിന്‌ ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു. ഷാജിനെ നിയോഗിച്ചത്‌ മുഖ്യമന്ത്രിയാണെന്ന രീതിയിലേക്ക്‌ ചര്‍ച്ചകളുടെ സൂചന നീളുന്നതോടെ പിണറായി സര്‍ക്കാര്‍ വലിയ സമ്മര്‍ദ്ദത്തിലേക്കാണ്‌ നീങ്ങിയിരിക്കുന്നത്‌. ഇത്‌ സാധ്യമാക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടന്നുവെന്നാണ്‌ സി.പി.എം. സംശയിക്കുന്നത്‌.

ഷാജ്‌ കിരണിനെ ഇടപെടുവിച്ച്‌ സ്വപ്‌നയുമായി ചര്‍ച്ചാ നാടകം നടത്തി മുഖ്യമന്ത്രിയുടെ ഇടപെടലാണെന്ന്‌ സംശയമുണര്‍ത്തുന്നത്‌ ഇടതു സര്‍ക്കാരിനെതിരെ ജനമനസ്സില്‍ വ്യാപകമായ പ്രതിഷേധവും വ്യക്തിപരമായി പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ഉയര്‍ന്ന രീതിയിലുള്ള വിശ്വാസ്യത തകര്‍ക്കാനും സാധിക്കുമെന്ന തിരക്കഥ ഒരുക്കിയത്‌ സംഘപരിവാറും പി.സി.ജോര്‍ജ്ജും ചേര്‍ന്നാണെന്ന്‌ സി.പി.എം. കേന്ദ്രങ്ങള്‍ വ്യാപകമായി വിശ്വസിക്കുന്നു.

ഷാജ്‌ കിരണ്‍ തന്റെ വ്യക്തിത്വം മറച്ചു വെച്ചാണ്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിയത്‌. മലയാളത്തിലെ പല ചാനലുകളിലും കൊച്ചി കേന്ദ്രീകരിച്ച്‌ ദൃശ്യമാധ്യമപ്രവര്‍ത്തനം നടത്തിയ ഷാജിന്റെ ഈ പശ്ചാത്തലം മറച്ചു വെച്ചാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഇദ്ദേഹത്തിന്റെ പ്രതികരണം ബ്രേക്ക്‌ ചെയ്‌തത്‌ എന്ന വിമര്‍ശനം സി.പി.എം. ഉയര്‍ത്തുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌, ഇന്‍ഡ്യാ വിഷന്‍, ജയ്‌ ഹിന്ദ്‌ ചാനലുകളില്‍ ജോലി ചെയ്‌തിട്ടുള്ള ഷാജ്‌ കിരണ്‍ നിലവില്‍ ബിസിനസ്സ്‌ രംഗത്താണ്‌. എല്ലാ രാഷ്ട്രീയ പാര്‍ടികളിലും വ്യാപകമായ ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഷാജ്‌ കിരണ്‍ പല വിഷയങ്ങളിലും ഇടതു- വലതു രാഷ്ട്രീയ നേതാക്കളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കാറുള്ളയാളാണെന്ന്‌ പ്രസിദ്ധിയുള്ള വ്യക്തിയാണ്‌. എല്ലാ രാഷ്ട്രീയക്കാരും ഷാജ്‌ കിരണിനെ ഉപയോഗിക്കാറുണ്ടെന്നതാണ് പരസ്യമായ രഹസ്യം.

മാത്രമല്ല, ഷാജ്‌ കിരണിന്‌ ഇപ്പോള്‍ സംഘപരിവാര്‍ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം ഉണ്ടെന്നും സി.പി.എം. സംശയിക്കുന്നുണ്ട്‌. ഇതിന്‌ തെളിവായി ഒരു സമൂഹമാധ്യമ ചിത്രം സി.പി.എം. പക്ഷ വാട്‌സ്‌ ആപ്പുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. ഷാജ്‌ കിരണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒപ്പം നില്‍ക്കുന്ന ചിത്രമാണത്‌.

എന്തായാലും ഷാജ്‌ കിരണിന്റെ ഇടപെടലിനെ ചുറ്റിപ്പറ്റി ഇനിയും വ്യക്തമാകാത്ത നിഴല്‍രൂപങ്ങള്‍ ഉണ്ടെന്ന സംശയം വളരുന്നുണ്ട്‌. എന്നാല്‍ മാധ്യമങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ദൂതനാണെന്ന ആശയത്തിനാണ്‌ പല സൂചനകളിലൂടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്‌.

അതേസമയം സി.പി.എം. കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ്‌ ഷാജ്‌ കിരണ്‍ സ്വപ്‌നയെ കണ്ടതും സമവായത്തിന്‌ നിര്‍ബന്ധിച്ചതും സ്വപ്‌നയെക്കൊണ്ട്‌ നികേഷ്‌ കുമാറുമായി സംസാരിപ്പിച്ച്‌ റിപ്പോര്‍ട്ടര്‍ ടി.വി.യില്‍ അഭിമുഖം വരുത്തിക്കാന്‍ പ്ലാന്‍ ചെയ്‌തതും എന്ന ആക്ഷേപമാണ്‌ പ്രതിപക്ഷം ഉയര്‍ത്തുന്നത്‌.

ഒരു ഇടക്കാലത്ത്‌ സി.പി.എമ്മും കേരളത്തിലെ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വന്‍ സംഘര്‍ഷവും വാക്‌ തര്‍ക്കവും പിണക്കവും തന്നെ ഉണ്ടായ ശേഷം അടുത്ത കാലത്തായി അത്‌ ശാന്തമായി വരികയായിരുന്നു. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും വഴി വീണ്ടും മാധ്യമ-സി.പി.എം ബന്ധം സംഘര്‍ഷഭരിതമായ കാലത്തേക്ക്‌ തിരിച്ചു പോകുകയാണെന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ട്‌. സി.പി.എം. ഗ്രൂപ്പുകളില്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകരെ തെറി പറയുന്ന പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെട്ടുവരികയാണ്‌.

Spread the love
English Summary: shaj kiran an agent of sangh parivar suspects cpm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick