Categories
kerala

മുഖ്യന്റെ സുരക്ഷയും മുഖ്യമാണ്…

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാക്രമീകരണങ്ങളാണ് ഇപ്പോൾ കേരളത്തിൽ ചർച്ചാ വിഷയം. സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചത്. നിലവിൽ സെഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇപ്പോഴത്തെ ക്രമീകരണം.

ഇന്നലെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ ഉണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ വലിയ ഒച്ചപ്പാടിന് വഴിവെച്ചിരുന്നു. ‘കറുപ്പ്’ നിറമാണ് എല്ലായിടത്തും താരമായത്.

thepoliticaleditor

കറുത്ത മാസ്ക് അണിഞ്ഞുവന്നവരെയും കറുത്ത വസ്ത്രം ധരിച്ച് എത്തിയവരെയും പോലീസും സംഘാടകരും തടഞ്ഞതോടെ പ്രശ്നം മറ്റൊരു വഴിക്ക് നീണ്ടു. കറുത്ത തുണിയും, മാസ്കും മുഖ്യമന്ത്രിക്ക് നേരെ വീശാനുള്ള കരിങ്കൊടിയാകുമോ എന്ന ഭയത്താലാകണം പോലീസും സംഘാടകരും ഇത്തരമൊരു മുൻകരുതലിലേക്ക് നീങ്ങിയത്.

അതിനിടെ കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് ട്രാൻസ്‌ജെൻഡേഴ്സിനെ പോലീസ് ബലമായി പിടിച്ച് ജീപ്പിലിട്ടതും വിവാദമായി.

ഇന്ന് പരിപാടി നടക്കുന്ന മലപ്പുറം തവനൂരിലും കറുത്ത മാസ്ക് ധരിച്ചെത്തിയവർക്ക് അത് മാറ്റി മഞ്ഞ മാസ്കുകൾ നൽകി എന്ന് റിപ്പോർട്ടുകളുണ്ട്.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കും ട്രോളുകൾക്കും ഇത് വഴിവെക്കുകയാണ്. ‘ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുപോയ മുഖ്യമന്ത്രിക്ക് ഇപ്പോൾ കറുത്ത മാസ്കിനെ പോലും ഭയമാണോ’ എന്നായിരുന്നു പലരുടെയും പരിഹാസം. പ്രമുഖ നേതാക്കളടക്കം പലരും ഈ ചോദ്യവുമായി രംഗത്ത് വന്നു.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തോക്കുധാരികളായ ഇന്ത്യൻ റിസേർവ് ബാറ്റാലിയൻ സുരക്ഷ ഒരുക്കിയ കാലത്തെ അനുസ്മരിപ്പിച്ച് കൊണ്ടാണ് സിപിഎം ആരോപണങ്ങൾക്ക് മറുപടി നൽകിയത്.

അതിനിടെ പഴയ പാർട്ടി സെക്രട്ടറി, മുഖ്യമന്ത്രിക്ക് കറുത്ത തുണി വീശുന്നത് ക്രിമിനൽ കുറ്റമാണോ എന്ന് ചോദിക്കുന്ന പ്രസംഗവും, അധികാരം ഏറ്റെടുത്തപ്പോൾ പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് നൽകിയ നിർദേശവും പലരും ‘കുത്തിപ്പൊക്കിയിട്ടുണ്ട്’. സമൂഹമാധ്യങ്ങളിൽ ഇത് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്.

കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്‌ വിശകലനം ചെയ്താണ് സുരക്ഷ ഏത് നൽകണമെന്ന് തീരുമാനിക്കുന്നത്.വിഐപികള്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും സുരക്ഷയൊരുക്കുന്നത് യെലോ ബുക്കിലെ നിർദേശം അനുസരിച്ചാണ്. പ്രധാനമന്ത്രി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് സുരക്ഷയൊരുക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂ ബുക്കും സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് നിയമവും അനുസരിച്ചും.
സുരക്ഷാ ഭീഷണിയില്ലെന്ന് ഏജൻസികൾ റിപ്പോർട്ട്‌ നൽകിയാൽ അധിക സുരക്ഷ പിൻവലിക്കും. ഭീഷണിയുണ്ടെങ്കിൽ അതനുസരിച്ച് സുരക്ഷ വർധിപ്പിക്കുകയും ചെയ്യും.

Spread the love
English Summary: safety of Chief minister is important

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick