Categories
kerala

പശു സംരക്ഷകനായി പിണറായി വിജയന്‍ !! സംഘി ഗ്രൂപ്പുകളില്‍ പിണറായിക്ക്‌ പ്രശംസ

മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്‌ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലും ആവര്‍ത്തിച്ച കാര്യം സി.പി.എം. ആണ്‌ സംഘപരിവാര്‍ വിരുദ്ധ പ്രചാരണത്തിന്റെ ക്യാപ്‌റ്റന്‍ എന്നാണ്‌. എന്നാല്‍ ആര്‍.എസ്‌.എസ്‌.-സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പിണറായിക്ക്‌ മറ്റൊരു ഇമേജാണ്‌ അടുത്ത ദിവസങ്ങളില്‍-അത്‌ പശു സംരക്ഷകന്റെതാണ്‌.

ഉത്തര്‍ പ്രദേശ്‌ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എങ്ങിനെയാണോ പശുസംരക്ഷകര്‍ എന്ന്‌ തെളിയിക്കുന്നത്‌ അതു പോലെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി പോലും പശുസംരക്ഷകനായി മാറിയെന്ന പ്രചാരണമാണ്‌ സംഘികള്‍ നടത്തുന്നത്‌. ഇതിലൂടെ അറിഞ്ഞോ അറിയാതെയോ കമ്മ്യൂണിസ്‌റ്റുകളില്‍ പോലും സംഘികള്‍ പറയുന്ന കാര്യങ്ങളോട്‌ മമതയുണ്ടെന്ന്‌ തോന്നിപ്പിക്കുക എന്ന തന്ത്രം ആര്‍.എസ്‌.എസ്‌. നടപ്പാക്കുന്നുണ്ട്‌ എന്ന വിമര്‍ശനം ഇടതുപക്ഷക്കാരില്‍ ഉയരുന്നുമുണ്ട്‌.

thepoliticaleditor

ഉത്തരേന്ത്യയിലാണ്‌ സാധാരണ ഗതിയില്‍ ഇത്തരം ഗോ സംരക്ഷണപദ്ധതികള്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും അവരുടെ ഔദ്യോഗിക വീട്ടുവളപ്പുകളില്‍ നടപ്പാക്കാറുള്ളത്‌. ലാലു പ്രസാദ്‌ യാദവ്‌ ഇക്കാര്യത്തില്‍ ദേശീയ പ്രശസ്‌തനായിരുന്നു. ലാലുവിന്റെ തൊഴുത്തും അതില്‍ ലാലു പശുക്കളെ തഴുകി നില്‍ക്കുന്നതും അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അന്ന്‌ ഗോസംരക്ഷണം ഒരു രാഷ്ട്രീയ അജണ്ടയായി വികസിച്ച സംഘപരിവാര്‍ കാലമായിരുന്നില്ല. ഇന്ന്‌ ഗോസംരക്ഷണവും ഗോശാലാ പരിപാലനവും ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഔഷധ ഗുണവുമെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരണ അജണ്ടയിലൊന്നായി മാറിയിട്ടുണ്ട്‌. ഈ കാലത്ത്‌ ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി സ്വന്തം ഔദ്യോഗിക വസതിയില്‍ ഗോശാലയുണ്ടാക്കുമ്പോള്‍ അത്‌ അറിയാതെ ഒരു രാഷ്ട്രീയ ചര്‍ച്ചാ വിഷയമായി മാറുന്നു. ക്ലിഫ്‌ ഹൗസിലെ പുതിയ ഗോശാലയ്‌ക്ക്‌ അരക്കോടിയോളം രൂപ അനുവദിച്ച വാര്‍ത്ത വന്നയുടനെ ആദ്യം നെറ്റി ചുളിച്ചത്‌ സി.പി.എം. പക്ഷക്കാര്‍ തന്നെയായതും മറ്റൊന്നു കൊണ്ടുമല്ല. മുഖ്യമന്ത്രി ചെയ്യുന്നതെന്തും പ്രത്യയശാസ്‌ത്രപരമായി വിശകലനം ചെയ്യുന്ന രാഷ്ട്രീയതത്വപരിസരമാണ്‌ സി.പി.എം. വളര്‍ത്തിയെടുത്തിട്ടുളളത്‌. പാര്‍ടിയുടെ രാഷ്ട്രീയ ലൈന്‍ വേണം ഭരണത്തില്‍ പ്രതിഫലിക്കാന്‍. അല്ലാത്തത്‌ ചെയ്യുമ്പോള്‍ ചെവിക്കു പിടിക്കുന്ന രീതിയാണ്‌. പശുസംരക്ഷണം ഒരു ഔദ്യോഗിക വസതിയില്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന ചര്‍ച്ച എത്രമാത്രം ദുരുപയോഗപ്പെടാമെന്നതിന്റെ ഉദാഹരണം കൂടിയാണ്‌ ഇപ്പോള്‍ പിണറായി പശുസംരക്ഷകന്‍ എന്ന ലേബലിലൂടെ സംഘി അനുഭാവികള്‍ ഏറ്റെടുത്തിരിക്കുന്നത്‌. എന്തിനാണ്‌ ഇത്തരം അഭ്യാസങ്ങള്‍ എന്ന ചോദ്യം സി.പി.എം. അനുഭാവികളും ഉയര്‍ത്തുന്നുമുണ്ട്‌. 42.90 ലക്ഷം ഉപയോഗിച്ച്‌ ക്ലിഫ്‌ ഹൗസില്‍ ഗോശാല നിര്‍മ്മിക്കുന്നതിനു പകരം പത്ത്‌ പേര്‍ക്ക്‌ നാട്ടില്‍ പശുവളര്‍ത്താന്‍ സഹായം നല്‍കുകയല്ലേ മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന ചോദ്യവും ഇടത്‌ അനുഭാവികള്‍ ഉയര്‍ത്തുന്നു. ഒപ്പം പരിഹാസ പോസ്‌റ്ററുകളും പ്രചരിക്കുന്നുണ്ട്‌. മോദി പിണറായിയെ അഭിനന്ദിക്കുന്നതാണ്‌ പോസ്‌റ്ററുകളിലെ ട്രോള്‍.

ക്ലിഫ് ഹൗസില്‍ പുതിയ ഗോശാല നിര്‍മ്മിക്കുന്നതിനായി 42.90 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത് . കാലിത്തൊഴുത്ത് നിര്‍മിക്കുന്നതിനും തകര്‍ന്ന ചുറ്റുമതില്‍ പുനര്‍ നിര്‍മിക്കുന്നതിനുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ അനുവദിച്ച് പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാറാണ് ഉത്തരവിറക്കിയത്.

പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണചുമതല. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി ചീഫ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22 നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്.

Spread the love
English Summary: pinarayi the savior of cattles says sanghi groups

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick