Categories
kerala

കൊല്ലത്തെ ആർഎസ്പി മാർച്ചിൽ സംഘർഷം; എൻ.കെ.പ്രേമചന്ദ്രൻ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു

കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു.

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആർഎസ്പി മാർച്ചിനിടെ നടന്ന സംഘർഷത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി, എ.എ.അസീസ് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു.

thepoliticaleditor

ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നുവട്ടം ടിയർഗ്യാസ് പ്രയോഗിച്ചു. പിന്നീടും സംഘടിച്ചെത്തിയ പ്രവർത്തകർക്കു നേരെ ലാത്തി ചാർജ് നടത്തി. തെരുവു യുദ്ധം നടത്തി സ്വർണക്കടത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നത് സിപിഎം സൃഷ്ടിച്ച അക്രമങ്ങളാണ്. പാർട്ടി ഓഫീസിൽ നിന്ന് കിട്ടുന്ന നിർദേശമനുസരിച്ച് അസഭ്യപ്രയോഗവും മർദനവും നടത്തുകയാണ് പൊലീസെന്നും കൊല്ലത്ത് കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രൻ എംപി ആരോപിച്ചു.

കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇടതുസംഘടനകളുടെ പ്രചാരണ ബോർഡുകളും തോരണവും തകർക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്കു നയിച്ചത്. പൊലീസ് മർദനത്തിൽ ഒരു പ്രവർത്തകനു പരുക്കേറ്റു.

മലപ്പുറം നഗരത്തിൽ നടത്തിയ കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ കുന്നുമ്മലിൽ റോഡ് തടഞ്ഞ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിയാസ് മുക്കോളി, ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി തുടങ്ങിയ 10 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മലപ്പുറം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് ഒന്നര മണിക്കൂർ നീണ്ട സമരം അവസാനിച്ചത്.

Spread the love
English Summary: clashes in RSP march

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick