Categories
kerala

ദ്രൗപദി മുര്‍മുവിനെ പിന്തുണയ്‌ക്കാന്‍ അഭ്യര്‍ഥിച്ച്‌ പിണറായിക്കും സതീശനും ബി.ജെ.പി.യുടെ കത്ത്‌

രാഷ്‌ട്രപതി തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുർമുവിനെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത് നൽകി. ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ തയ്യാറാവണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

പിണറായി വിജയന്‌ അയച്ച കത്തിന്‍റെ പൂര്‍ണ്ണരൂപം:

thepoliticaleditor

ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ഒഡിഷയിൽ നിന്നുള്ള ആദിവാസി നേതാവ് ശ്രീമതി ദ്രൗപതി മുർമു മത്സരിക്കുന്ന വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയാകുമെന്നതാണ് പ്രത്യേകത. ‘ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ച ദശലക്ഷങ്ങളുടെ പ്രതിനിധി’ എന്നാണ് ദ്രൗപതി മുർമുവിനെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവായ ദ്രൗപതി മുർമു കൗൺസിലറായാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റെയ്റാങ്പുർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013ൽ ഒഡീഷയിലെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നാണ് എംഎൽഎയായി ജയിച്ചത്. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു(നിലാകാന്ത പുരസ്കാരം). 2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണറായി ദ്രൗപതി മുർമു മാറി. ജാർഖണ്ഡിന്റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.

ഭരണരംഗത്തെ മികവും പരിചയ സമ്പത്തും ദ്രൗപതി മുർമുവെന്ന വനിതയെ രാഷ്ട്രപതി പദവിയിൽ വിജയത്തിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന് അതീതമായി മുർമു ഭാരതത്തിന്റെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ആവശ്യമായി മാറി കഴിഞ്ഞു. തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും, ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ താങ്കളും ഇടതുപക്ഷവും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു

Spread the love
English Summary: BJP LETTER TO PINARAYI VIJAYAN AND VD SATHEESAN SEEKING SUPPORT TO DRAUPADI MURMU

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick