Categories
latest news

തിരക്കിട്ട് പാർട്ടി രൂപീകരിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോർ; പകരം മറ്റൊരു പദ്ധതി

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപീകരിക്കുന്നു എന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. എന്നാൽ തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നില്ല എന്നാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

ഈ വർഷം ഒക്ടോബർ മൂന്നു മുതൽ ബിഹാറിൽ 3,000 കിലോമീറ്റർ പദയാത്ര നടത്തുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു.

thepoliticaleditor

നിലവിൽ ബിഹാറിൽ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് തന്റെ പദ്ധതിയിലില്ലെന്നാണ് പ്രശാന്ത് കിഷോർ അറിയിച്ചത്.

പരമാവധി ആളുകളിലേക്ക് എത്തുന്നതിനായാണ് പദയാത്രയെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി. അടുത്ത 3–4 വർഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പ്രവർത്തിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

അദ്ദേഹം പ്രഖ്യാപിക്കുന്ന ‘ജൻ സുരാജ്’ രാഷ്ട്രീയ പ്രസ്ഥാനം ആം ആദ്മി പാർട്ടിയുടെ മാതൃകയിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തിരക്കിട്ട് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന വിശദീകരണം. സ്വദേശമായ ബിഹാറിലാകും പുതിയ രാഷ്ട്രീയ പരീക്ഷണമെന്നു പ്രശാന്ത് കിഷോർ മുൻപ് പറഞ്ഞിരുന്നു.

രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിലെ യാത്രയ്ക്കുശേഷം ജനങ്ങളെന്ന യഥാർഥ യജമാനരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സമയമായെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് ഒരാഴ്ച തികയും മുൻപാണ് പ്രശാന്ത് നിർണായക രാഷ്ട്രീയ നീക്കത്തിനൊരുങ്ങുന്നത്. മുൻപ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് തെറ്റിപ്പിരിഞ്ഞു.

പ്രശാന്തിന്റെ പ്രസ്ഥാനം ബിഹാർ രാഷ്ട്രീയത്തിൽ ചലനമൊന്നും സൃഷ്ടിക്കില്ലെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു.

Spread the love
English Summary: will not announce a new political party says prashanth kishor

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick