Categories
kerala

സ്ത്രീപക്ഷ സർക്കാരിനെ പ്രതിരോധത്തിലാക്കി നടിയുടെ ആരോപണങ്ങൾ: രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം

നടിയെ ആക്രമിച്ച കേസിൽ സർക്കാരിനും വിചാരണ കോടതിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഭരണകക്ഷി നേതൃത്വം കേസ് അട്ടിമറിക്കുന്നു, തുടരന്വേഷണം പൂർത്തിയാക്കാതെ അവസാനിപ്പിക്കാൻ ഉന്നത നേതാക്കൾ ഇടപെടുന്നു, തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട്‌ നൽകാൻ അന്വേഷണ സംഘത്തെയും പ്രോസിക്ക്യൂഷനെയും ഭീഷണിപ്പെടുത്തുന്നു
തുടങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി ആരോപണങ്ങൾ നടി ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

thepoliticaleditor

ദിലീപിന്റെ അഭിഭാഷകർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടപെട്ടു.അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും സീനിയർ അഭിഭാഷകന് സർക്കാരിലുള്ള സ്വാധീനം മൂലം കഴിഞ്ഞില്ല.തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇവർക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. തുടങ്ങിയ ആരോപണങ്ങളും നടിയുടെ ഹർജിയിലുണ്ട്.

സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം തുടങ്ങിയവ അധികാരത്തിലേറിയത് മുതൽ മുദ്രാവാക്യമായി ഉയർത്തിക്കാട്ടുന്ന സർക്കാരിനെ ഈ ആരോപണങ്ങൾ പ്രതിരോധത്തിലാക്കുമെന്നത് തീർച്ചയാണ്.

വിസ്മയ കേസിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നു എന്ന നേട്ടം സർക്കാരിന് ഒരു വശത്ത് ഉണ്ടാകുന്നിടത്താണ് മറുവശത്ത് ഗുരുതര ആരോപണങ്ങളുമായി നടിയുടെ ഹർജി നിൽക്കുന്നത്.

തുടക്കത്തിൽ അതിജീവിതയ്‌ക്കൊപ്പം നിന്ന സർക്കാർ നിലപാട് പിന്നീട് കേസ് ഇല്ലാതാക്കാൻ സർക്കാർ തന്നെ ഇടപെടുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നു എന്ന് നടി പറയുന്നു.

മറ്റൊരു ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത് വിചാരണ കോടതിക്ക് നേരെയാണ്.
കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്ന് ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ 2020 ജനുവരി 10ന് വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ട് ലഭിച്ചത് ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബ്ളിക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല.

മെമ്മറി കാർഡിലെ ഫയൽ ആരെങ്കിലും കാണുകയോ പകർത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവിൽ മാറ്റം വരികയുള്ളൂ.

മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാൻ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നടപടിയെടുത്തില്ല. തുടങ്ങിയവയാണ് വിചാരണ കോടതിക്ക് നേരെ നീളുന്ന ആരോപണങ്ങൾ.

ആരോപണങ്ങൾ ഒക്കെയും ഗൗരവമേറിയതാണ്. തുടരന്വേഷണ അവസാനിപ്പിച്ച് ഈ മാസം 30-ന് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് നടിയുടെ ആരോപണങ്ങൾ എന്നതും ശ്രദ്ധേയമാണ്.

നടിയുടെ ആരോപണങ്ങൾ സർക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം ഉപയോഗിക്കാൻ ആരംഭിച്ചു കഴിഞ്ഞു. തൃക്കാക്കരയിലടക്കാം ഇത് രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം പ്രയോഗിക്കും.

താൻ അപമാനിതയായ കേസ് ഒത്തു തീർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന പരാതിയുമായി അക്രമിക്കപ്പെട്ട നടിക്ക്‌ ഹൈകോടതിയെ സമീപിക്കേണ്ടി വന്നത് ഗുരുതര സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലും പി.സി ജോർജിന്റെ കേസിലും ഇടനിലക്കാരായി പ്രവർത്തിച്ച സിപിഎം നേതാക്കളുടെ പേര് വിവരങ്ങൾ അടക്കം പുറത്ത് വിടുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്.

Spread the love
English Summary: actress major allegations against government and trial court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick