Categories
kerala

കിരൺകുമാറിന് പത്ത്‌ വര്‍ഷം തടവ്‌

പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു

Spread the love

സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർത്താവിന്റെ പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ ഭർത്താവ് കിരൺകുമാറിനെ(31)പത്ത്‌ വര്‍ഷം തടവിന്‌ ശിക്ഷിച്ചു. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു വകുപ്പുകളിലായി 25 വര്‍ഷമാണ്‌ തടവ്‌ എങ്കിലും ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. സ്ത്രീധന പീഡന മരണം 304 (ബി) പ്രകാരം പത്തു വർഷം തടവ്. ആത്മഹത്യപ്രേരണ 306 പ്രകാരം ആറു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. 498 (എ) പ്രകാരം രണ്ടു വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമം 3, 4 വകുപ്പുകൾ പ്രകാരം യഥാക്രമം ആറും ഒന്നും വർഷം വീതം തടവും 10 ലക്ഷവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധികമായി ജയിലിൽ കഴിയണം. പിഴത്തുകയിൽനിന്ന് 2 ലക്ഷം വിസ്മയയുടെ അമ്മയ്ക്കു നൽകണം.

കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി കെ.എന്‍.സുജിത്ത്‌ ആണ്‌ ശിക്ഷ വിധിച്ചത്‌. രാവിലെ മുതല്‍ ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ അന്തിമ വാദം കേട്ട ശേഷമാണ്‌ വിധി ഉണ്ടായത്‌.

thepoliticaleditor

ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നെന്നും ശിക്ഷയില്‍ തൃപ്‌തിയില്ലെന്നും വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്‌മയയുടെ അമ്മ സജിത ആദ്യ പ്രതികരണത്തില്‍ പറഞ്ഞു.

അതേസമയം വിധി തൃപ്‌തികരമാണെന്നും സ്‌ത്രീധന പീഢന മരണക്കേസുകളില്‍ ജീവപര്യന്തം ശിക്ഷ ഉണ്ടാകാറില്ലെന്നാണ്‌ അറിവെന്നും പത്ത്‌ വര്‍ഷത്തെ തടവ്‌ ശരിയായ ശിക്ഷയാണെന്നും വിസ്‌മയയുടെ പിതാവ്‌ ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ ഈ കേസില്‍ കിരണ്‍ മാത്രമല്ല കുറ്റക്കാരെന്നും കുടുംബത്തിലെ മറ്റുള്ളവരുടെ പ്രേരണയും ഉണ്ടെന്ന്‌ അഭിപ്രായമുണ്ടെന്നും അവര്‍ക്കും ശിക്ഷ വാങ്ങിക്കൊടുക്കാനായി നിയമപോരാട്ടം തുടരുമെന്നും പിതാവ്‌ പറഞ്ഞു.

താന്‍ നിരപരാധിയാണെന്നും കുറ്റം ചെയ്‌തിട്ടില്ലെന്നും കിരണ്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. വിസ്‌മയയുടെത്‌ ആത്മഹത്യയാണെന്ന്‌ പ്രതി കിരണ്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. തനിക്ക്‌ 31 വയസ്സ്‌ മാത്രമേയുള്ളൂ എന്നും കുറഞ്ഞ പ്രായം പരിഗണിക്കണമെന്നും പ്രതി അഭ്യര്‍ഥിച്ചു. തന്റെ പിതാവ്‌ അസുഖ ബാധിതനാണെന്നും താനാണ്‌ കുടുംബത്തിന്റെ അത്താണിയെന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും കിരണ്‍കുമാര്‍ അന്തിമവാദത്തില്‍ ഇന്ന്‌ കോടതിയില്‍ അഭ്യര്‍ഥിച്ചു.

എന്നാല്‍ പ്രതിക്ക്‌ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്ന്‌ പ്രൊസിക്യൂഷന്‍ വാദിച്ചു. സമൂഹത്തിനാകെ മാതൃകയാകുന്ന ശിക്ഷ നല്‍കണം. ഭാര്യയുടെ ആത്മാവിനെ കൊല്ലുന്ന നടപടിയാണ്‌ പ്രതി സ്വീകരിച്ചത്‌. ചില പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യയും കൊലപാതകമായി കാണണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സര്‍വ്വീസ്‌ ചട്ടം ലംഘിച്ചാണ്‌ സ്‌ത്രീധനം വാങ്ങിയതെന്നും അത്‌ കടുത്ത നിയമലംഘനമാണെന്നും ഉറപ്പാണ്‌. ജയിലില്‍ കിടന്നു കൊണ്ടുതന്നെ പ്രതി മാനസാന്തരപ്പെടണം. പ്രതിയോട്‌ യാതൊരു അനുകമ്പയും പാടില്ല.-പ്രൊസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ആത്മഹത്യാപ്രേരണയ്‌ക്ക്‌ ജീവപര്യന്തം ലോകത്തെവിടെയും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കിരണ്‍കുമാറിന്‌ ജീവപര്യന്തം ശിക്ഷ നല്‍കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഭാര്യയുടെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ പൊലീസുകാരന്‌ പത്ത്‌ വര്‍ഷം തടവ്‌ മാത്രമാണ്‌ സുപ്രീംകോടതി വിധിച്ചത്‌ എന്ന വിധിന്യായം കൂടി ഉദ്ധരിച്ചാണ്‌ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്‌.

കേരളം ഏറെ ചർച്ച ചെയ്ത വിസ്മയ കേസിൽ നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. 2021 ജൂൺ 21-നാണ് ഭർത്തൃഗൃഹത്തിൽ കിടപ്പുമുറിയിൽ മരിച്ചത്. കുളിമുറിയിലെ ജനാലയിൽ വിസ്മയ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർവാഹനവകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്.സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തത് കൊണ്ടും വാഗ്ദാനം ചെയ്ത 100 പവൻ സ്വർണത്തിൽ കുറവ് വന്നതിനാലും കിരൺകുമാർ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. വിസ്മയ വീട്ടുകാരോടും സുഹൃത്തുക്കളോടും പീഡനവിവരം പറയുന്നതിന്റെ ശബ്ദരേഖകളും പുറത്ത് വന്നിരുന്നു. ഉദ്ദേശിച്ച കാർ കിട്ടാത്തതിന് വിസ്മയയോട് മോശമായി സംസാരിക്കുന്ന ശബ്ദശകലങ്ങളും പുറത്ത് വന്നിരുന്നു.

സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണു കിരണിനെതിരെ ചുമത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് വിസ്മയയെ ഉപദ്രവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.കിരൺകുമാറിനെ അറസ്റ്റ് ചെയ്തു. ആദ്യം സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick