ഹാക്ക് ചെയ്യപ്പെടാന്‍ വലിയ സാധ്യതയുളളതിനാല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) ഒഴിവാക്കണമെന്ന ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ ആഹ്വാനം ഏറ്റു പിടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഇവിഎമ്മുകളെ “ബ്ലാക്ക് ബോക്‌സ്” എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിലെ വോട്ടെടുപ്പ് സംബന്ധിച്ച , കോളിളക്കം സൃഷ്ടിച്ച ഒരു വാർത്ത ഉദ്ധരിക്കുകയും ചെയ്തു. മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭയിൽ വിജയിച്ച സ്ഥാനാർത്ഥിയുടെ ബന്ധുക്കൾ ഇവിഎമ്മുമായി ബന്ധിപ്പിച്ച ഫോൺ ഉപയോഗിക്കുന്നുവെന്ന വാർത്താ റിപ്പോർട്ട് ആണ് രാഹുൽ ഉദ്ധരിച്ചത്.
“ഇന്ത്യയിലെ ഇവിഎമ്മുകൾ ഒരു “ബ്ലാക്ക് ബോക്‌സ്” ആണ്, അവ സൂക്ഷ്മമായി പരിശോധിക്കാൻ ആരെയും അനുവദിക്കുന്നില്ല. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്നു,” രാഹുൽ ഗാന്ധി എക്‌സിൽ എഴുതി.
മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ എംപിയിൽ 48 വോട്ടിന് വിജയിച്ച രവീന്ദ്ര വൈക്കറിൻ്റെ ഭാര്യാ സഹോദരൻ മങ്കേഷ് പാണ്ടിൽക്കറിനെതിരെ ജൂൺ 4ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കേസെടുത്തിട്ടുണ്ട്. നെസ്‌കോ സെൻ്ററിലെ ഇവിഎം മെഷീൻ അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമാണെന്ന് “മിഡ്-ഡേ” എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ഫോൺ കോൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതാണോയെന്ന് പരിശോധിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ട്.
എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇലോണ്‍ മസ്‌കിനെതിരെ പ്രതികരിച്ചു. മസ്‌ക് പറയുന്നത്, യു.എസിലും മറ്റും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഇന്റര്‍നെറ്റുമായും ബ്ലൂ ടൂത്തുമായും ബന്ധിപ്പിച്ചതാണ് എന്നതു കൊണ്ടായിരിക്കാമെന്നും ഇന്ത്യയില്‍ ഇത്തരം മെഷീനുകള്‍ അല്ല ഉപയോഗിക്കുന്നതെന്നും രാജീവ് പറഞ്ഞു.