കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി ലോക്സഭാ സീറ്റ് നിലനിർത്തും. വയനാട് സീറ്റ് വിടാനും അവിടെ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് മത്സരിക്കുവാനും തീരുമാനം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചതാണ് ഇത്.
കുടുംബവുമായി അടുത്ത ബന്ധമുള്ളതിനാൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിർത്തണമെന്ന് പാർട്ടി തീരുമാനിച്ചതായി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹത്തിൻ്റെ വസതിയിൽ നടത്തിയ ചർച്ചയ്ക്ക് ശേഷം ഖാർഗെ പറഞ്ഞു.

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി വദ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു .
ഇന്ദിരാ ഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിർത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണു നേടിയത്. ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.