പാര്‍ടി പാര്‍ടിക്കാരുടെതല്ല, ജനങ്ങളുടെതാണെന്നും ജനങ്ങള്‍ പറയുന്നത് അംഗീകരിച്ചില്ലെങ്കില്‍ പോലും ക്ഷമയോടെ കേള്‍ക്കാന്‍ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും തുറന്നടിച്ച് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം തോമസ് ഐസക്. പത്തനംതിട്ടയില്‍ ഏറ്റുവാങ്ങിയ ലോക്‌സഭാ തോല്‍വിയുടെ അനുഭവത്തില്‍ തോമസ് ഐസക് പറയുന്നത് മണ്ഡലത്തില്‍ പാര്‍ടി അനുഭാവികള്‍ പോലും വോട്ട് തനിക്ക് ചെയ്തിട്ടില്ല എന്നാണ്. ഇത് തുറന്ന മനസ്സോടെ പരിശോധിക്കണം. പാര്‍ടിക്കകത്ത് മാത്രം പരിശോധിച്ചാല്‍ പോരാ പുറത്ത് സമൂഹത്തിനു മുന്നില്‍ തന്നെ തുറന്ന നിലയില്‍ പരിശോധന വേണമെന്ന് തോമസ് ഐസക് ഒരു പ്രാദേശിക യു-ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഐസകിന്‍രെ തുറന്നു പറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തോമസ് ഐസകിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ പറയുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരായി വരുന്ന മൂര്‍ച്ഛയേറിയ വിമര്‍ശനമാണ്.
“ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവര്‍ പറയുന്ന കാര്യങ്ങള്‍ നമുക്ക് അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കുക തന്നെ വേണം. പാര്‍ടി പാര്‍ടിക്കാരുടെതല്ല, ജനങ്ങളുടെ പാര്‍ടിയാണ്. തുറന്ന മനസ്സോടെ വിമര്‍ശനങ്ങളെല്ലാം കേള്‍ക്കണം. ഒരു പക്ഷവും ഇല്ലാത്ത ഒരുപാടു പേര്‍ ഉണ്ട്. പ്രത്യേകിച്ച് യുവജനങ്ങള്‍. അവരെയൊക്കെ അകറ്റുന്ന രീതിയിലുളള പദപ്രയോഗങ്ങളും ശൈലികളും നേതാക്കളുടെ വെല്ലുവിളികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏത് ലക്ഷ്യത്തോടെയാണോ പാര്‍ടി ഇടപെടുന്നത് അതിലേക്കെത്തുന്നില്ല എന്നല്ല വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.”- തോമസ് ഐസക് പറഞ്ഞു.
“ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കപ്പെടണം. തിരുത്തേണ്ട തെറ്റുകള്‍ തിരുത്തപ്പെടണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായി പരിശോധിക്കപ്പെടണം. പാര്‍ടിക്കുള്ളില്‍ അച്ചടക്കം സ്വയം തീരുമാനിക്കപ്പെടണം.”- ഐസക് തുറന്നടിച്ചു.