ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഭരണസഖ്യ കക്ഷിയായ തെലുങ്ക് ദേശം പാർട്ടി മത്സരിക്കുമെങ്കിൽ ഇന്ത്യ മുന്നണി പിന്തുണ നൽകാമെന്നും പിന്തുണ ഉറപ്പാക്കാൻ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിൻ്റെ എല്ലാ പങ്കാളികളും ശ്രമിക്കുമെന്നും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് .
ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് നിർണായകമാകുമെന്നും ബിജെപിക്ക് സ്ഥാനം ലഭിച്ചാൽ അത് ടിഡിപി, ജെഡിയു തുടങ്ങിയ പാർട്ടികളെയും ചിരാഗ് പാസ്വാൻ്റെയും ജയന്ത് ചൗധരിയുടെയും രാഷ്ട്രീയ സംഘടനകളെയും തകർക്കുമെന്നും റാവുത്ത് മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ടിഡിപി തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കേൾക്കുന്നു. അങ്ങനെ സംഭവിച്ചാൽ, ഇന്ത്യൻ ബ്ലോക്ക് പങ്കാളികൾ വിഷയം ചർച്ച ചെയ്യും. എല്ലാ ഇന്ത്യ സഖ്യ പങ്കാളികളും ടിഡിപിക്ക് പിന്തുണ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കും .”– അദ്ദേഹം പറഞ്ഞു.
ജൂൺ 26 നു നടക്കാൻ പോകുന്ന സ്പീക്കർ തിരഞ്ഞെടുപ്പ് എൻഡിഎയുടെ ഇന്നത്തെ കൂട്ടുകെട്ട് രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയിരിക്കുകയാണ്.യഥാക്രമം 17, 16 ലോക്‌സഭാ എംപിമാരുള്ള തെലുങ്ക് ദേശം പാർട്ടി (ടിഡിപി), ജനതാദൾ (യുണൈറ്റഡ്) എന്നിവയുൾപ്പെടെയുള്ള പാർട്ടികളുടെ ഒരു സഖ്യം ഉൾപ്പെടുന്ന എൻഡിഎ സർക്കാർ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയിലാണ്. എൻഡിഎയുടെ പ്രധാന സഖ്യകക്ഷിയെന്ന നിലയിൽ, സഭയിൽ 240 എംപിമാരുടെ വലിയ അംഗബലം ഉള്ളതിനാൽ ഈ സ്ഥാനം എൻഡിഎ സഖ്യകക്ഷികൾക്ക് വിട്ടുനൽകാൻ ബിജെപി വിമുഖത കാണിക്കുന്നു.