14 വയസ്സ്കാരന്റെ ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതി വിരുദ്ധ പീഡനമായി കണക്കാക്കി ഐപിസി 377ാം വകുപ്പിൽ ഉൾപ്പെടുത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. പോക്സോ വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ കുറ്റാരോപിതന് കോടതി ജാമ്യം അനുവദിച്ചു.
കുട്ടിയുടെ വൈദ്യപരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടില്ലെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ഒരു വര്‍ഷം മുമ്പ് കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിന്മേൽ പ്രതി തടവില്‍ കഴിയുകയായിരുന്നു.
ജസ്റ്റിസ് അനുഭ പ്രഭുദേശായ് ആണ് വിധി പുറപ്പെടുവിച്ചത്.
“കുട്ടിയുടെ മൊഴിയും എഫ്ഐആറും, പ്രഥമദൃഷ്ട്യാ പ്രതി ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തതായി പരമാർശിക്കുന്നുണ്ട്. തന്‍റെ കാഴ്ചപ്പാടിൽ ഇത് പ്രഥമദൃഷ്ടിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾ) പ്രകാരമുള്ള കുറ്റകൃത്യമല്ല” കോടതി പറയുന്നു.
വീട്ടിൽ നിന്ന് പണം കാണാതായത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്.
ഓൺലൈൻ ഗെയിം റീചാർജ് ചെയ്യാനായി പണം മൊബൈൽ കടയിലെ ആൾക്ക് കൊടുത്തെന്നായിരുന്നു കുട്ടി പറഞ്ഞത്. പിന്നാലെയാണ് ഓൺലൈൻ ഗെയിം റീചാർജ് ചെയ്യുന്നതിനായി കടയിലേക്ക് പോകാറുള്ളതും, പ്രതി പീഡിപ്പിക്കുന്നതും പിതാവ് അറിയുന്നത്.
കുട്ടി റീചാർജ് ചെയ്യാൻ പോയപ്പോൾ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പർശിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.













