Categories
national

ബിജെപിയുടെ മതധ്രുവീകരണ രാഷ്ട്രീയ പരീക്ഷണശാലയായി കര്‍ണാടകം മാറുന്നു

ഗുജറാത്തിനും ഉത്തര്‍പ്രദേശിനും ശേഷം ബിജെപിയുടെ മതധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി കര്‍ണാടകം മാറുകയാണ്. ഒന്നിനു പിറകെ മറ്റൊന്നായി മതവിദ്വേഷം വര്‍ധിപ്പിക്കാനുതകുന്ന സംഭവങ്ങളാണ് കര്‍ണാടകയില്‍ അടുത്ത കാലത്തായി ശക്തമാകുന്നത്.

ആദ്യം ഹിജാബ് വിവാദം ഉണ്ടായി അഥവാ സര്‍ക്കാര്‍ ഉണ്ടാക്കി. പിന്നീട് ഹലാല്‍ വിവാദവും അതിനു ശേഷം ആരാധാനാലയങ്ങളില്‍ മൈക്ക് ഉപയോഗിക്കുന്നതില്‍ നിയന്ത്രണവും വന്നിരിക്കുന്നു. എല്ലാം ലക്ഷ്യമിടുന്നത് ഹിന്ദുക്കളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള ധ്രുവീകരണമാണ്.

thepoliticaleditor

ഈ വര്‍ഷം മാത്രം ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്. അത് മറ്റൊന്നുമല്ല, ഈ കൊല്ലമാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഹിന്ദുവോട്ടുബാങ്ക് ശക്തമാക്കി വ്യക്തമായ വിജയത്തിലേക്ക് എത്തുക എന്ന തന്ത്രം മാത്രമാണ് ബിജെപി കര്‍ണാടകത്തില്‍ പയറ്റുന്നത്. ഇതിനു വേണ്ടിയാണ് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ വിദ്വേഷ പ്രചാരണങ്ങളും നടപടികളും എന്ന് വിലയിരുത്തപ്പെടുന്നു.
ഉത്തര്‍പ്രദേശില്‍ വിജയിച്ച മതധ്രുവീകരണ രാഷ്ട്രീയം കര്‍ണാടകയില്‍ പരീക്ഷിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് സൂചന നല്‍കുന്ന സംഭവങ്ങളാണ് സമീപ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തിനൊപ്പം കര്‍ണാടകത്തിലും തിരഞ്ഞെടുപ്പു നടത്താന്‍ ബിജെപി ഒരുങ്ങുന്നു എന്നാണ് സൂചനകള്‍. 2018-ല തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കാലുമാറ്റത്തിലൂടെ എം.എല്‍.എ.മാരെ ചേര്‍ത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ വലിയ വോട്ട് ബാങ്ക് ആയ ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായ ബി.എസ്.യെദ്യൂരപ്പയെ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവെപ്പിച്ചതോടെ ലിംഗായത്തുകള്‍ പാര്‍ടിയോട് വലിയ നീരസത്തിലാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ ബിജെപിക്ക് കിട്ടില്ല എന്ന സൂചനകളുണ്ട്. യെദ്യൂരപ്പയെ മാറ്റി പകരം കൊണ്ടുവന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വളരെ ദുര്‍ബലനായ ഭരണാധികാരിയാണ്. ഇതു വെച്ച് നിയമസഭാ തിരഞ്ഞെടുപ്പു വിജയം സാധ്യമല്ലെന്ന വിലയിരുത്തല്‍ ഉണ്ട്.

ഇത് മറികടക്കാന്‍ ജാതി രാഷ്ട്രീയത്തിനപ്പുറത്ത് മത രാഷ്ട്രീയത്തിലൂടെ ഹിന്ദു വോട്ട്ബാങ്ക് ഉണ്ടാക്കി വിജയം നേടാനാണ് കര്‍ണാടകയില്‍ ബിജെപിയുടെ തന്ത്രമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ മാത്രം വലിയ തോതില്‍ തുടര്‍ച്ചയായി പല തരം വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തല്‍.

ഈ വർഷം ആദ്യം മുതൽ കർണാടകയിൽ ഹിന്ദു-മുസ്ലിം സംഘർഷം രൂക്ഷമാക്കാൻ ഇടയാക്കിയ പല സംഭവങ്ങൾ ബോധപൂർവം ഉണ്ടാക്കിയിട്ടുണ്ട്.

വർഷാരംഭത്തിൽ ചില കോളേജുകളിൽ പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിനെതിരെയുള്ള പ്രതിഷേധം സംസ്ഥാനത്തിന്റെ മുഴുവൻ രാഷ്ട്രീയത്തെയും ചൂടുപിടിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഹിന്ദുത്വവാദികള്‍ക്ക് ആനുകൂല്യം നല്‍കുന്ന സമീപനമാണ് സ്വീകരിച്ചത്. ഹിജാബ് വിലക്കിയ ഉഡുപ്പിയിലെ കോളേജിന്റെതുള്‍പ്പെടെ തീരുമാനം റദ്ദാക്കിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറായില്ല.
വിഷയം കോടതിയിലെത്തി. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധനം കോടതി ശരിവച്ചു.
കർണാടകയിൽ പൊതു തെരുവുകളിലും ഷോപ്പുകളിലും മാംസം നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തപ്പെട്ടു. അടുത്തിടെ, ഹലാൽ മാംസം വിൽക്കുന്ന ഒരു മുസ്ലീം കച്ചവടക്കാരനെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചു. ക്ഷേത്രങ്ങൾക്ക് പുറത്ത് മുസ്ലീം കച്ചവടക്കാർ സാധനങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നതിന് ആവശ്യം ഉയർന്നതും അടുത്തിടെയാണ്.
ആരാധനാലയങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുത്തി സർക്കാർ നോട്ടീസ് നൽകിയത് കഴിഞ്ഞ ആഴ്ചയിലാണ്.

കർണാടകയിൽ അടുത്തിടെ ഉയർന്ന ക്യാബ് വിവാദം ശ്രദ്ധേയമാണ്. മുസ്ലീങ്ങളുടെ ക്യാബ് സർവീസ് എടുക്കരുതെന്ന് ചില വലതുപക്ഷ സംഘടനകൾ ഹിന്ദുക്കളോട് അഭ്യർത്ഥിച്ച സംഭവം ആണിത്.

കഴിഞ്ഞ വര്ഷം കർണാടക നിയമസഭ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കിയിരുന്നു. ഇതേത്തുടർന്ന് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ട കേസുകൾ പലതുണ്ടായി. ഒരു വസ്തുതാന്വേഷണ റിപ്പോർട്ട് അനുസരിച്ച്, 2021 ൽ ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങളുണ്ടായ സംസ്ഥാനങ്ങളിൽ കർണാടക മൂന്നാം സ്ഥാനത്താണ്.

Spread the love
English Summary: BJP AIM TO WIN ASSEMBLY ELECTION IN KARNATAKA PLAYING HATE POLITICS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick