• Home
  • kerala
  • പുത്തലത്ത്‌ ദിനേശന്‍ ദേശാഭിമാനി പത്രാധിപരാകും…പൊളിറ്റിക്കല്‍ സെക്രട്ടറി പദത്തിലേക്ക്‌ പി.ശശി

പുത്തലത്ത്‌ ദിനേശന്‍ ദേശാഭിമാനി പത്രാധിപരാകും…പൊളിറ്റിക്കല്‍ സെക്രട്ടറി പദത്തിലേക്ക്‌ പി.ശശി

2016 മുതല്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന പദവിയില്‍ നിശ്ശബ്ദനായി പ്രവര്‍ത്തിച്ച യുവ നേതാവ്‌ പുത്തലത്ത്‌ ദിനേശന്‍ ഇനി സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത്‌ ബ്ലോക്കില്‍ നിന്നും തമ്പാനൂരിലെ ദേശാഭിമാനി ആസ്ഥാനത്തേക്ക്‌. പാര്‍ടി പത്രത്തിന്റെ ചീഫ്‌ എഡിറ്ററാവുകയാണ്‌ ദിനേശന്‍. നേരത്തെ പി.രാജീവും പിന്നീട്‌ താല്‍ക്കാലികമായി കോടിയേരി ബാലകൃഷ്‌ണനും ഇരുന്ന കസേരയിലേക്കാണ്‌ മുഴുവന്‍ സമയ പത്രാധിപരായി പിണറായി വിജയന്റെ വിശ്വസ്‌തനായ പുത്തലത്ത്‌ ദിനേശന്‍ വരുന്നത്‌.

പി.ശശി

ദിനേശന്‍ വഹിച്ചിരുന്ന പദവിയായ പൊളിറ്റിക്കല്‍ സെക്രട്ടറി കസേരയിലേക്ക്‌ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരന്‍ തന്നെയായ പി.ശശിയും അവരോധിക്കപ്പെടുന്നു. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ആയി പ്രവർത്തിക്കവെ ഒരു യുവജന വനിതാ നേതാവിന്റെ സ്വഭാവദൂഷ്യ ആരോപണത്തെത്തുടര്‍ന്ന്‌ പാര്‍ടി നടപടിയെടുത്ത്‌ 11 വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല.

1996-2001 കാലഘട്ടത്തില്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പാരമ്പര്യവും അനുഭവവും ശശിക്കുണ്ട്‌. അക്കാലത്ത്‌ ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്‌തിരുന്ന നായനാരുടെ പല പൊലീസ്‌ തീരുമാനങ്ങളിലും ശശിയുടെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നത്‌ പാര്‍ടിക്കകത്തും പുറത്തും പല വിവാദങ്ങളും ഗോസിപ്പുകളും ഉണ്ടാക്കിയിരുന്നു.

ചിന്ത പത്രാധിപര്‍ സ്ഥാനത്തു നിന്നും സി.പി. നാരായണന്‍ ഒഴിഞ്ഞ ഇടത്ത്‌ ഡോ.ടി.എം.തോമസ്‌ ഐസകിനെ നിയോഗിക്കാനും പാര്‍ടി സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്‌. പ്രായപരിധി മാനദണ്‌ഢത്തിലാണ്‌ സി.പി.നാരായണന്‍ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിഞ്ഞത്‌. ഇതേത്തുടര്‍ന്നാണ്‌ ചിന്ത പത്രാധിപ സ്ഥാനത്തു നിന്നും മാറുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *