ഉക്രെയിനില്‍ നിന്നും യുദ്ധം കാരണം പലായനം ചെയ്ത വിദ്യാര്‍ഥികള്‍ തങ്ങളുടെ തുടര്‍പഠനത്തിന് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഡല്‍ഹി ജന്തര്‍മന്തറില്‍ ധര്‍ണ നടത്തി. 22,500 വിദ്യാര്‍ഥികളാണ് യുദ്ധം കാരണം ഉക്രെയിനില്‍ നിന്നും പഠനം പാതി വഴിയില്‍ നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങിയത്. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇവരെല്ലാം.
അതേസമയം ഉക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ മുഴുവന്‍ ഇന്ത്യാ സര്‍ക്കാര്‍ തിരിച്ചെത്തിച്ചതോടെ ഇതു സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസ് കോടതി തീര്‍പ്പാക്കി. ഇനി പരാതികളൊന്നും നിലനില്‍ക്കുന്നില്ല എന്ന സര്‍ക്കാര്‍ സത്യവാങ്മൂലം അനുസരിച്ചാണ് കേസ് തീര്‍പ്പാക്കിയത്.
എന്നാല്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയത് ഇതേത്തുടര്‍ന്നാണ്.
കേരളത്തിലുള്ള രണ്ടായിരത്തിലധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്റെ സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.














