• Home
  • kerala
  • കാവ്യാ മാധവനെ വീട്ടില്‍വച്ച് തന്നെ ചോദ്യംചെയ്യാന്‍ തീരുമാനം

കാവ്യാ മാധവനെ വീട്ടില്‍വച്ച് തന്നെ ചോദ്യംചെയ്യാന്‍ തീരുമാനം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവനെ ബുധനാഴ്ച വീട്ടില്‍വച്ച് ചോദ്യംചെയ്യാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തും. ചോദ്യം ചെയ്യല്‍ വീട്ടില്‍ വെച്ച് നടത്തണമെന്നും നേരത്തെ നിശ്ചയിച്ചിരുന്ന തിങ്കളാഴ്ച എന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നും കാവ്യ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യല്‍ പറ്റില്ലെന്നും സ്വതന്ത്രമായ മറ്റൊരു കേന്ദ്രത്തിലാവാമെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. അതിലാണ് അവസാനനിമിഷം മാറ്റമുണ്ടായിരിക്കുന്നത്. സ്ത്രീ എന്ന നിലയില്‍ കാവ്യയുടെ ആവശ്യത്തിന് പരിഗണന നല്‍കണമെന്ന ഉന്നത തലത്തിലുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഒടുവില്‍ കാവ്യയുടെ താല്‍പര്യം അംഗീകരിച്ചതെന്നാണ് സൂചന. ചെന്നൈയിലുള്ള കാവ്യ ബുധനാഴ്ച മാത്രമാണ് മടങ്ങിയെത്തുക. അതിനാലാണ് ചോദ്യം ചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് കാവ്യ അഭ്യര്‍ഥിച്ചതെന്നാണ് പറയുന്നത്.

ഇതോടൊപ്പം, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നില്‍ നോട്ടിസ് പതിപ്പിച്ചു. ചോദ്യംചെയ്യലിനായി ബുധനാഴ്ച ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. പലതവണ വിളിച്ചിട്ടും ഇരുവരും ഫോണ്‍ എടുക്കാത്തിനെ തുടർന്നാണ് നോട്ടീസ് പതിച്ചത് .

ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം

ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹ‍ർജി നൽകി.

കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്‍റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോൾ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. തുടരന്വേഷണവും നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ കുറയ്ക്കാമെന്നും ദിലിപ് കാമ്പിനെ സമ്മർദത്തിൽ ആക്കാമെന്നുമാണ് പ്രോസിക്യൂഷൻ കണക്കുകൂട്ടന്നത്.

Leave a Reply

Your email address will not be published. Required fields are marked *