സി.പി.എം. സെമിനാറില്‍ പങ്കെടുക്കുന്നത് പാര്‍ടി പ്രവര്‍ത്തകരായ നിങ്ങളില്‍ ഒരാളായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് എന്റെ പേരു തന്നെ തെളിവാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഭരണത്തില്‍ പിണറായി തനിക്ക് വഴികാട്ടിയെന്നും സ്റ്റാലിന്‍ പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചാണ് സ്റ്റാലിൻ സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വേറിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. മതേതരത്വത്തിന്‍റെ മുഖാണ് അദ്ദേഹം. ഒരു കൈയ്യിൽ പോരാട്ട വീര്യവും മറുകൈയ്യിൽ ഭരണപാടവവുമുള്ള നേതാവാണ് പിണറായി-സ്റ്റാലിൻ പറഞ്ഞു.

നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. എല്ലാം ഒന്നു മതി എന്ന നിലപാട് ഒരാളിലും ഒരു പാർട്ടിയിലും ഒരു മതത്തിലുമെത്തി നിൽക്കുന്ന സാഹചര്യം ഉണ്ടാക്കും–സ്റ്റാലിൻ പറഞ്ഞു. കൂടുതൽ അധികാരം ലഭിക്കാൻ സംസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കണം. ഒത്തൊരുമയാണ് ബലം എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ഓർമിക്കണം. രാഷ്ട്രീയത്തെ മാറ്റി സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. അത്തരം കൂട്ടായ്മയിലൂടെയേ മതേതരത്വവും സാമൂഹിക നീതിയും നടപ്പിലാകൂ-സ്റ്റാലിൻ അഭിപ്രായപ്പെട്ടു.












