നഴ്‌സിങ് പഠനത്തിനുള്ള ടെക്‌സ്റ്റ് ബുക്കില്‍ സ്‌ത്രീധനത്തെ ന്യായീകരിച്ചും വിരൂപകളായ പെണ്‍കുട്ടികളുടെ വിവാഹത്തിന് സ്‌ത്രീധനം അനിവാര്യമാകുമെന്ന് പറഞ്ഞുമുള്ള പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നു. ടി.കെ. ഇന്ദ്രാണി എഴുതിയ ടെക്‌സ്റ്റ്‌ബുക്ക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സസ്
എന്ന പുസ്‌തകത്തിലാണ് വിവാദ പ്രസ്‌താവനകള്‍ ഉള്ളത്. പുസ്‌തകത്തില്‍ ഇത് അച്ചടിച്ച പേജുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്. ഇതോടെ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പാഠഭാഗത്തെ അപലപിച്ച് രംഗത്തു വന്നിട്ടുണ്ട്. രാജ്യത്തിന്റെ നിലവിലുള്ള നിയമത്തിന് വിരുദ്ധമായ ഏതെങ്കിലും തരംതാണ ഉള്ളടക്കത്തെ ശക്തമായി അപലപിക്കുന്നു. വിവിധ നഴ്സിംഗ് പ്രോഗ്രാമുകൾക്കുള്ള സിലബസ് മാത്രമേ ഞങ്ങൾ നിർദ്ദേശിക്കുന്നുള്ളൂ-കൌൺസിൽ വ്യക്തമാക്കി.

സ്ത്രീധന സമ്പ്രദായത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും വിവരിച്ചു കൊണ്ടാണ് ഇന്ദ്രാണി തന്റെ പുസ്തകത്തിൽ തരാം താണ പരാമർശങ്ങൾ നടത്തിയത്. സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ” എന്ന ഉപശീർഷകത്തിന് കീഴിലാണ് ഈ ഭാഗം . സ്‌ത്രീധനത്തിന്റെ ഗുണഗണങ്ങളായി പല കാര്യങ്ങളെയും പുസ്‌തകത്തില്‍ പുകഴ്‌ത്തുന്നുണ്ട്. സ്‌ത്രീധനമായി ലഭിക്കുന്ന മെത്തകള്‍, വാഹനം, ഫര്‍ണിച്ചര്‍, ടെലിവിഷന്‍ തുടങ്ങിയവ കുടുംബത്തില്‍ മികവുണ്ടാക്കും, പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിന്റെ ഭാഗം ലഭിക്കും തുടങ്ങിയ ഗുണങ്ങള്‍ വിവരിച്ചതിനു ശേഷമാണ് ഏറ്റവും തരംതാണതെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന “ഗുണം” വിവരിക്കുന്നത്. വൃത്തികെട്ട പെൺകുട്ടികളെ ആകർഷകമായ സ്ത്രീധനം നൽകിയാൽ നല്ലതോ വൃത്തികെട്ടതോ ആയ ആൺകുട്ടികളുമായി വിവാഹം കഴിപ്പി ക്കാം–ഇതാണ് വിവാദ പരാമർശം.
















