• Home
  • kerala
  • സിപിഎം ദേശീയ സമ്മേളനം നാളെ തുടങ്ങുന്നു…ഇന്നു മുതല്‍ കണ്ണൂര്‍ ദേശീയ ശ്രദ്ധയില്‍…നഗരത്തില്‍ പൊലിമയുള്ള പരിപാടികള്‍

സിപിഎം ദേശീയ സമ്മേളനം നാളെ തുടങ്ങുന്നു…ഇന്നു മുതല്‍ കണ്ണൂര്‍ ദേശീയ ശ്രദ്ധയില്‍…നഗരത്തില്‍ പൊലിമയുള്ള പരിപാടികള്‍


സി.പി.എമ്മിന്റെ 23-ാം ദേശീയ സമ്മേളനത്തിന്‌ നാളെ രാവിലെ കണ്ണൂരില്‍ തുടക്കമാകുന്നു. അഞ്ച്‌ നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനം കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി കേന്ദ്രത്തിനടുത്തുള്ള നായനാര്‍ അക്കാദമി അങ്കണത്തിലെ പ്രത്യേക വേദിയില്‍ രാവിലെ പത്തു മണിക്ക്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. യെച്ചൂരി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ഇന്നലെ തന്നെ എത്തി. ഇതര സംസ്ഥാനങ്ങളിലെ സമ്മേളന പ്രതിനിധികള്‍ എത്തിക്കൊണ്ടിരിക്കയാണ്‌. ഇന്ത്യയിലെ സി.പി.എമ്മിന്റെ എല്ലാ പ്രമുഖ നേതാക്കളും ഇന്ന്‌ വൈകീട്ടോടെ കണ്ണൂരിലെത്തും. സമ്മേളനത്തിന്റെ ഭാഗമാകാന്‍ സി.പി.ഐ. ദേശീയ സെക്രട്ടറി ഡി.രാജയും കണ്ണൂരിലെത്തിയിട്ടുണ്ട്‌.

വൈകീട്ട്‌ കണ്ണൂരില്‍ പൊളിറ്റ്‌ ബ്യൂറോ യോഗം ചേരും. ഇതിലാണ്‌ സമ്മേളന അജണ്ട അന്തിമമായി അംഗീകരിക്കുക.

പ്രതിനിധികളും നീരീക്ഷകരും ഉള്‍പ്പെടെ 906 പേര്‍ സമ്മേളനത്തില്‍ ആദ്യന്തം പങ്കാളികളാവും. ഏറ്റവുമധികം പ്രതിനിധികള്‍ കേരളത്തിന്റെതാണ്‌-175. പുറമേ മൂന്ന്‌ നിരീക്ഷകരും ഉണ്ട്‌.

സമ്മേളനത്തിനുള്ള കൊടിമര, പതാക ജാഥകള്‍ ഇന്ന്‌ വൈകീട്ട്‌ കണ്ണൂരിലെത്തി സംഗമിക്കും. കൊടിമരം കയ്യൂരില്‍ നിന്നും പതാക വയലാറില്‍ നിന്നുമാണ്‌ കൊണ്ടുവരുന്നത്‌. ഇരു ജാഥകളും വൈകീട്ട്‌ പൊതുസമ്മേളനനഗരിയായ ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന്‌ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും.

കണ്ണൂര്‍ ഇപ്പോള്‍ സമ്മേളനവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ചിട്ടുള്ള ഒരു പാട്‌ പരിപാടികളുടെ ഉല്‍സവ സമാനമായ തിരക്കിലാണ്‌. നഗരത്തില്‍ തന്നെ ചിത്ര-ചരിത്ര പ്രദര്‍ശനം രാവിലെ മുതല്‍ രാത്രിവരെ നടക്കുന്നുണ്ട്‌. നായനാര്‍ മ്യൂസിയം ഉല്‍ഘാടനം കഴിഞ്ഞു. പുസ്‌തകോല്‍സവം നടന്നുവരുന്നു.

പാര്‍ടി കോണ്‍ഗ്രസിന്റെ അനുബന്ധപ്രദര്‍ശനങ്ങള്‍ക്ക്‌ സമാന്തരമായി ഇപ്പോള്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വലിയ പ്രദര്‍ശനം കണ്ണൂര്‍ പൊലീസ്‌ മൈതാനിയില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്‌. വന്‍ സന്നാഹമുള്ള ഈ പ്രദര്‍ശനവും പാര്‍ടി കോണ്‍ഗ്രസിനെത്തുന്ന പ്രതിനിധികളെയും അനുഭാവിലക്ഷങ്ങളെയും കാണിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്‌. ഇതും കണ്ണൂരിലെ മൊത്തം പരിപാടികള്‍ക്ക്‌ പൊലിമ നല്‍കുന്നുണ്ട്‌.

നാടക മല്‍സരം, സിനിമാ ഫെസ്റ്റിവല്‍ സയന്‍സ്‌ എക്‌സ്‌പോ, മിനി മാരത്തോണ്‍, മെഗാ ക്വസ്‌ പരിപാടി, കലാ സാഹിത്യ മല്‍സരങ്ങള്‍ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക പരിപാടികള്‍ പലതും ഇതിനികം പൂര്‍ത്തിയായി. . പ്രമുഖ ദേശീയ നേതാക്കള്‍ സംബന്ധിക്കുന്ന സെമിനാറുകള്‍ നടക്കാനുണ്ട്‌. ജനങ്ങള്‍ ഉറ്റുനോക്കുന്ന ചില കാര്യങ്ങള്‍ ഈ സെമിനാറുമായി ബന്ധപ്പെട്ട്‌ ഉണ്ട്‌. കോണ്‍ഗ്രസ്‌ നേതാവ്‌ കെ.വി.തോമസിനെ ക്ഷണിച്ചിട്ടുള്ള സെമിനാര്‍ ഏപ്രില്‍ ഒന്‍പതിനാണ്‌. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്നതാണ്‌ സെമിനാര്‍ വിഷയം. തോമസ്‌ വരുമോ എന്നത്‌ ഇപ്പോള്‍ പ്രധാന രാഷ്ട്രീയ ചര്‍ച്ചാ വിഷയമാണ്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഈ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്‌. സ്റ്റാലിന്റെ സാന്നിധ്യം ഈ പരിപാടിക്ക്‌ വലിയ താരപ്പൊലിമ നല്‍കും. സ്റ്റാലിന്‍ കണ്ണൂരില്‍ പ്രത്യേകിച്ച്‌ മലബാറില്‍ ആദ്യമായി എത്തുന്ന പരിപാടി കൂടിയാവും ഇത്‌.

ഉദ്‌ഘാടനസമ്മേളനം നടക്കുന്ന നായനാര്‍ അക്കാദമിയില്‍ കനത്ത സുരക്ഷാസംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. പത്താം തീയതി വൈകീട്ട്‌ ജവാഹര്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനത്തോടെ പാര്‍ടി കോണ്‍ഗ്രസ്‌ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *