ധര്‍മശാലയില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ നിന്നും മാങ്കടവ് വഴിയുള്ള ബൈപാസ് റോഡ് വീതി കൂട്ടി ടാര്‍ ചെയ്‌തപ്പോള്‍ വാഹനങ്ങളുടെ ഓട്ടം അനായാസമായി. എഞ്ചിനിയറിങ് കോളേജ് കാമ്പസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ഈ ഭാഗത്ത് രാത്രിയിലും ജനസഞ്ചാരം വളരെയേറെയാണ്.

എന്നാല്‍ സൂപ്പറായി റോഡ് രാത്രിയില്‍ ഇരുട്ടിലാണ്, പ്രത്യേകിച്ച് കെ.എസ്.ഇ.ബി. ഓഫീസ് മുതല്‍ ഇരുമ്പുല്ലിന്‍ തട്ട് കയറ്റം വരെ. ഇവിടെ രാത്രിയില്‍ വഴിയാത്രികരെ വാഹനങ്ങള്‍ ഇടിച്ചിടുന്നത് പതിവാകുന്നു. റോഡ് അടിപൊളി ആയതോടെ രാത്രിയിൽ ചീറിപ്പായുന്ന വാഹനങ്ങൾക്ക് റോഡരികിലൂടെ നടന്ന് പോകുന്ന കാൽനടക്കാരെ കാണാൻ പറ്റാത്ത സ്ഥിതിയാണ്.


ധർമശാല പറശ്ശിനിക്കടവ് റോഡിൽ നിന്ന് മാങ്കടവ് റോഡിലേക്ക് കയറിയാൽ കെ.എസ്.ഇ.ബി വരെയേ വെട്ടമുള്ളൂ. പിന്നെ കുറേ ദൂരത്തേക്ക് ഇരുട്ട് മാത്രമാണ് കാണാനാവുക. ഗവണ്മെന്റ് എഞ്ചിനിയറിങ് കോളേജ് സ്റ്റാഫ് കോട്ടേഴ്സിലാണ് പിന്നെ ലൈറ്റ് ഉള്ളത്. മുന്നോട്ട് മാങ്കടവ് റോഡിലേക്ക് വീണ്ടും ഇരുട്ട്!!! ഇരുട്ട് നിറഞ്ഞ ഈ മേഖലയിലാണ് അപകടങ്ങൾ പതിവാകുന്നത്.
പാൽ സൊസൈറ്റിക്ക് സമീപം റോഡരികിലാണ് റോഡ് പണിക്ക് ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഈ ഭാഗത്തും തീരെ വെളിച്ചമില്ല. വാഹനം ചീറിപ്പായുമ്പോൾ കാൽനട യാത്രക്കാർക്ക് അരികിലേക്ക് മാറി നില്ക്കാൻ പോലും കഴിയാത്ത സ്ഥിതിയാണിവിടെ.
കഴിഞ്ഞ ദിവസം രാത്രയിൽ വഴിയരികിലൂടെ നടന്ന് പോവുകയായിരുന്ന നാട്ടുകാരനെ ഈ ഭാഗത്ത് വെച്ച് ഓട്ടോറിക്ഷ ഇടിച്ചിട്ടിരുന്നു. നടന്നു പോകുന്ന മനുഷ്യനെ പെട്ടെന്ന് കാണാനാവാഞ്ഞതാണ് അപകടത്തിന് കാരണമായത്.
അതിന് മുൻപും എഞ്ചിനീയറിങ് കോളേജിന്റെ ഓഡിറ്റോറിയത്തിന് സമീപം രണ്ട് വാഹനങ്ങൾ കൂട്ടി ഇടിച്ച് അപകടമുണ്ടായി.

കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ ലൈറ്റുകൾ ക്വാട്ടേഴ്സിലേക്ക് മാത്രം കേന്ദ്രീകരിച്ചതിനാൽ ഈ വെട്ടം റോഡിലേക്ക് എത്തുകയില്ല. സ്റ്റാഫ് ക്വാർട്ടേഴ്‌സ് കവാടത്തിലേക്കും വെളിച്ചമില്ലാത്തതിനാൽ ക്വാർട്ടേഴ്സിലേക്ക് വാഹനം തിരിക്കുമ്പോഴും അപകടമുണ്ടാവാറുണ്ട്. ലൈറ്റിന്റെ അഭാവം മൂലം അപകടം പതിവാകുന്നതിനെതിരെ ക്വാർട്ടേഴ്സ് അംഗങ്ങൾ തന്നെ പരാതി പറഞ്ഞിരുന്നു. ഈ ഭാഗത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ പോലും വരുന്ന വാഹനങ്ങൾക്ക് ആളുകളെ കാണാനാവില്ല

കോളേജ് സ്റ്റാഫ് കോട്ടേഴ്‌സുകളും എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസും മറ്റും കൊണ്ട് ജനവാസം ഒരുപാടുള്ള ഈ മേഖലയിൽ വഴിവിളക്കിന്റെ അപര്യാപ്തത ഏറെ ഗൗരവമുള്ള വിഷയമാണ്. തെരുവ് നായ്ക്കളുടെ ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ് .
രാത്രിയിൽ വാഹനം ഓടിച്ചു പോകുന്നവരെ പോലെ തന്നെ കാൽനട യാത്രക്കാരും ഈ വഴിയിൽ ധാരളമുണ്ട്.
റോഡും അരികും തിരിച്ചറിയാനാകാത്ത കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടും പലപ്പോഴും അപകടത്തിന് വഴിവെക്കുകയാണ്.

നഗരസഭയുടെ മൂക്കിൻ കീഴിലുള്ള പ്രധാനപ്പെട്ട സ്ഥലമായ ധർമശാല ജംഗ്ഷനും എഞ്ചിനീയറിംഗ് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഭാഗങ്ങളിലും വഴിവിളക്കുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾ ഇനിയും വർധിക്കാൻ സാധ്യത ഏറെയാണ്. സൂപ്പറായ റോഡിന്റെ കൂടെ സൂപ്പർ ലൈറ്റ് കൂടെ ആയാൽ ധർമശാല മാങ്കടവ് റോഡിലെ യാത്രയും സൂപ്പറാകും.