കൊവിഡ് മുന്‍കരുതല്‍ ബോധവല്‍ക്കരണത്തിനായി ഫോണ്‍ വിളികളുടെ തുടക്കത്തില്‍ കേള്‍പ്പിക്കുന്ന പ്രീ-കോള്‍ ശബ്ദരേഖ ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഈ പ്രീ-കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്നും മൊബൈൽ വരിക്കാരിൽ നിന്നും ലഭിച്ച കത്തുകളെ തുടർന്നാണ് ഇത്.
അടിയന്തിരഘട്ടത്തില്‍ വിളിക്കുന്ന കോളുകള്‍ വൈകിപ്പിക്കുന്ന അവസ്ഥ ഈ ഓഡിയോ ക്ലിപ്പുകള്‍ കാരണം ഉണ്ടാകുന്നു എന്ന പരാതി നേരത്തേ ഉണ്ട്. ഇപ്പോള്‍ കൊവിഡ് ബാധ കുറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഈ ബോധവല്‍ക്കരണ വോയ്‌സ് ട്യൂണ്‍ ഉപേക്ഷിക്കാനാണ് തീരുമാനം. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ ശബ്ദം ഉൾക്കൊള്ളുന്ന കോവിഡ് -19 കോളർ ട്യൂൺ രണ്ട് വർഷം മുമ്പ് മഹാമാരി ആരംഭിച്ചപ്പോഴാണ് തുടങ്ങിയത്.
















