പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ബോഗ്‌തുയി ഗ്രാമത്തിൽ വെന്തുമരിച്ച എട്ട് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജീവനോടെ തീയില്‍ വെന്തു മരിക്കുംമുമ്പെ എട്ടു പേര്‍ക്കും ക്രൂരമായി മര്‍ദ്ദനം ഏറ്റിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ അജ്ഞാതർ തീയിട്ടതായി ആരോപിക്കപ്പെടുന്ന വീടുകൾക്കുള്ളിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക കണ്ടെത്തലനുസരിച്ച്, ഇരകളെ ആദ്യം ക്രൂരമായി മർദ്ദിക്കുകയും പിന്നീട് ജീവനോടെ കത്തിക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക തൃണമൂൽ നേതാവ് കൊല്ലപ്പെട്ടതാണ് തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്ക് കാരണമെന്ന് കരുതപ്പെടുന്നു.
ബിർഭം അക്രമക്കേസിൽ തെളിവുകൾ നശിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഓരോ ഗ്രാമീണരുടെയും സാക്ഷികളുടെയും സുരക്ഷ ജില്ലാ കോടതിയും സംസ്ഥാന ഉന്നത പോലീസും ഉറപ്പാക്കേണ്ടതുണ്ട്.
അക്രമം നടത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച ഉറപ്പുനൽകി. സംഭവത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ അവരുടെ (രാഷ്ട്രീയ) നിറങ്ങൾ പരിഗണിക്കാതെ കർശന നടപടിയെടുക്കുമെന്ന് മമത പറഞ്ഞു.
അക്രമം നടന്ന ഗ്രാമം മമത ബാനര്‍ജി സന്ദര്‍ശിച്ചു…കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം വീതം കൈമാറി
എട്ടു പേരെ ചുട്ടുകൊന്ന സംഭവം നടന്ന ഗ്രാമം മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് സന്ദര്‍ശിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി: തകർന്ന വീടുകൾ പുനർനിർമിക്കാൻ 2 ലക്ഷം രൂപ ധനസഹായം നൽകും. തീപിടിത്തത്തിൽ മരിച്ച 10 പേരുടെ കുടുംബത്തിന് ജോലിയും അഞ്ച് ലക്ഷം രൂപയും നൽകുമെന്നും അവർ പറഞ്ഞു
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയും ബിജെപിയുടെ അഞ്ചംഗ കേന്ദ്ര സംഘവും ബൊഗ്തുയി സന്ദർശിക്കും. കൊലപാതകങ്ങളെ ഹീനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുകയും കുറ്റവാളികൾക്ക് മാപ്പ് നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.
















