Categories
latest news

കാനഡയിലെ ട്രക്ക്‌ സമരം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്‌…പ്രധാനമന്ത്രി ഒരാഴ്‌ചയായി ഒളിവില്‍

കാനഡ അതിര്‍ത്തി കടന്ന്‌ സര്‍വ്വീസ്‌ നടത്തുന്ന വാണിജ്യ ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ പൂര്‍ണഡോസ്‌ വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിര്‍ബന്ധത്തിനെതിരെ രാജ്യത്തെ ട്രക്കര്‍മാര്‍ തുടങ്ങിയരിക്കുന്ന സമരം നാടകീയമായ സംഭവങ്ങളിലേക്ക്‌ നയിക്കുകയാണ്‌. ജനുവരി 26-ന്‌ രാജ്യത്തെ ട്രക്കര്‍മാര്‍ അവരുടെ വാഹനങ്ങളുമായി തലസ്ഥാനമായ ഒട്ടാവയിലെ പാര്‍ലമെന്റ്‌ ഹില്ലിലേക്ക്‌ റാലി നടത്തിയതോടെയാണ്‌ സമരം ശക്തമായത്‌.

അതിനും ഒരാഴ്‌ച മുമ്പേ ട്രക്ക്‌ റാലി ആരംഭിച്ചിരുന്നു. ഒട്ടാവയിലായിരുന്നു കൂടിച്ചേരല്‍. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കും ലിബറല്‍ സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനും എതിരായ നീക്കമായി ട്രക്കര്‍മാരുടെ റാലി വളര്‍ന്നു. ഒട്ടാവയിലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലേക്ക്‌ ട്രക്ക്‌ റാലി എത്തിയതോടെ ജസ്‌റ്റിന്‍ ട്രൂഡോ കുടുംബസമേതം അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറിയിരിക്കയാണ്‌. മാധ്യമങ്ങള്‍ക്കു പോലും അദ്ദേഹം എവിടെയെന്ന്‌ സൂചനയില്ല. പ്രധാനമന്ത്രി എവിടെ? എന്നുള്ള ഹാഷ്ടാഗ് ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച മാത്രം 2700 പുതിയ ട്രക്കുകളാണ് സമരത്തിനായി ഒട്ടാവയില്‍ എത്തിയത്.

thepoliticaleditor

ജനുവരി 26-ന്‌ പാര്‍ലമെന്റ്‌ ഹില്ലിലേക്ക്‌ എത്തിയ ട്രക്ക്‌ റാലി രണ്ടു ദിവസത്തിനകം പിരിഞ്ഞു പോകുമെന്നായിരുന്നു സര്‍ക്കാരിന്റെ നിഗമനം. എന്നാല്‍ അത്‌ തെറ്റി. അവര്‍ പിരിഞ്ഞു പോയില്ലെന്നു മാത്രമല്ല ടെന്റുകള്‍ കെട്ടി സ്ഥിരമായി സമരത്തിന്‌ ഒരുങ്ങി. പലരും ആഴ്‌ചകള്‍ ജീവിക്കാനാവശ്യമായ ഭക്ഷണവുമായാണത്രേ എത്തിയിരിക്കുന്നത്‌. മാത്രമല്ല ഒരാഴ്‌ചയായി തലസ്ഥാനത്തെ റോഡുകളെല്ലാം ട്രക്കുകളെക്കൊണ്ട്‌ നിറഞ്ഞ്‌ ഗതാഗതം ആകെ സ്‌തംഭിച്ചിരിക്കയാണ്‌.

ഫ്രീഡം കോണ്‍വോയ് എന്ന പേരില്‍ അറിയപ്പെടുന്ന ട്രക്കുകാരുടെ ഈ സമരക്കൂട്ടായ്മയ്ക്ക് കാനഡയില്‍ വര്‍ധിച്ച പിന്തുണയാണ് ലഭിക്കുന്നത്. വാക്‌സിന്‍ വിരുദ്ധ സമരത്തിന്റെ മറവില്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍ക്കെതിരായ സമരമാണ്‌ നടത്തുന്നതെന്നാണ്‌ സര്‍ക്കാര്‍ ഊഹിക്കുന്നത്‌. ഉയരുന്ന മുദ്രാവാക്യങ്ങളിലും ഇത്‌ പ്രതിഫലിക്കുന്നു.

സമരം ചെയ്യുന്ന ട്രക്കുകാര്‍ ദീര്‍ഘകാല സമരത്തിന്റെ സൂചനയായി കഴിഞ്ഞ ദിവസം ടെന്റുകള്‍ ഉയര്‍ത്തിയിരുന്നു. സമരക്കാര്‍ ഇതില്‍ താമസിച്ചാണ് ഇപ്പോള്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്.

വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ലോകത്ത്‌ ഏറ്റവും അധികം പ്രതിഷേധം നടന്ന രാജ്യമാണ്‌ കാനഡ. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ്‌ ലിബറല്‍ കക്ഷിയുടെ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയത്‌. ഇത്‌ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. അവരില്‍ ചിലര്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല. ഈ സമയത്താണ്‌ ട്രക്കര്‍മാരുടെ പ്രതിഷേധം വരുന്നത്‌. അതോടെ ഈ സമരം വാക്‌സിന്‍ വിരുദ്ധ സമരവും ട്രൂഡോ വിരുദ്ധ സമരവുമായി വളര്‍ന്നിരിക്കുന്നു. ട്രക്ക്‌ റാലിയെ സഹായിക്കാനായി പിരിച്ചെടുത്തത്‌ ഏകദേശം 700 മില്യണ്‍ ഡോളറാണ്‌. ഇപ്പോഴും സംഭാവനകള്‍ വരുന്നു. ഇത്‌ കാണിക്കുന്നത്‌ സര്‍ക്കാരിനെതിരായ സമരമാക്കി ട്രക്ക്‌ സമരത്തെ മാറ്റാന്‍ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ്‌ എന്ന്‌ സര്‍ക്കാര്‍ സംശയിക്കുന്നു.

Spread the love
English Summary: truckrs strike in ottawa continues prime minister in scilence

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick