Categories
kerala

കേരളത്തിലെ ഒരു ഗവർണർക്കും അവകാശപ്പെടാനില്ലാത്ത എക്സ്പീരിയൻസാണ് ആരിഫ് മൊഹമ്മദ് ഖാനുള്ളത് ; പരിഹാസവുമായി ഷിബു ബേബി ജോൺ

ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെതിരെ സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ഷിബു ബേബി ജോൺ. അഞ്ചു പാർട്ടികളിൽ മാറി മാറി ചാടിയ പ്രവൃത്തി പരിചയമാണ് ഇപ്പോഴത്തെ ഗവർണർക്ക് ഉള്ളതെന്നും കേരളത്തിൽ മുൻപിരുന്ന ഒരു ഗവർണർക്കും അവകാശപ്പെടാൻ കഴിയാത്ത ‘എക്സ്പീരിയൻസ്’ ആണിതെന്നും ഷിബു പരിഹസിക്കുന്നു.


ഷിബു എഴുതിയത്…

thepoliticaleditor

‘ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എഴുന്നേറ്റ് നടക്കാൻ പോലും ആവതില്ലാത്തവരെ എന്തിനാണ് തിരഞ്ഞുപിടിച്ച് ഗവർണർമാരായി നിയമിക്കുന്നതെന്ന്. എന്നാൽ അധികാരാസക്തിയുടെ കാര്യത്തിൽ നിത്യയൗവനമുള്ള ഒരാൾ കേരള ഗവർണറായി വന്നപ്പോഴാണ് മുൻഗാമികളുടെ കാഴ്ച്ചപ്പാടിന്റെ മഹത്വം മനസ്സിലാകുന്നത്.

ഏത് പദവി ഏറ്റെടുക്കുന്നതിനും ഒരു പക്വതയും പാകതയുമൊക്കെ വേണം. പാർട്ടി സെക്രട്ടറിയാകാനുള്ള പക്വത പോരാ മുഖ്യമന്ത്രിയാകാൻ. മുഖ്യമന്ത്രിയാകുന്നതിനേക്കാൾ വേണം ഗവർണറാകാൻ. ഇപ്പോഴും എംപിയാകാനും കേന്ദ്ര മന്ത്രിയാകാനുമൊക്കെയുള്ള സ്വപ്നവുമായി നടക്കുന്നവരെയൊക്കെ ഗവർണർമാരാക്കിയാലുള്ള പ്രശ്നങ്ങൾ ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഗവർണർ പദവി ഒരു ഭരണഘടനാ ആലങ്കാരിക പദവി മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട ആലങ്കാരിക പദവി. രാഷ്ട്രീയ ജീവിതത്തിന്റെ സായാഹ്ന കാലത്ത് സങ്കുചിത കക്ഷി രാഷ്ട്രീയ ചിന്തകളും രാഷ്ട്രീയ കരിയർ താൽപര്യങ്ങളും പബ്ലിസിറ്റി മാനിയയും അവസാനിച്ച ഒരാൾക്ക് മാത്രമേ സംസ്ഥാനത്തിന്റെ ഭരണ തലവനായി ഭരണാധികാരികളെ തെറ്റുകളിലേക്ക് പോകാതെ നിയന്ത്രിക്കാനാകൂ. എന്നാൽ ഇന്ന് കേരള ഗവർണറുടെ രാഷ്ട്രീയ മോഹങ്ങള നിയന്ത്രിക്കാൻ ഒരാളെ നിയമിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം.

പിന്നെ ആകെയുള്ളത് അഞ്ചു പാർട്ടികളിൽ മാറിമാറി ചാടിയ പ്രവൃത്തി പരിചയമാണ്. കേരളത്തിൽ മുൻപിരുന്ന ഏത് ഗവർണർക്ക് അവകാശപ്പെടാൻ കഴിയും ഈ എക്സ്പീരിയൻസ്?. ദീർഘകാലമായി വിവിധ പാർട്ടികളുടെ ഭാഗമായി നിരവധി സ്ഥാനങ്ങളിലിരുന്നിട്ടും എക്സിക്യൂട്ടീവിന്റെ അധികാരമെന്ത്, നിയമസഭയുടെ അധികാരമെന്ത് എന്ന് പോലും അറിയാതെ ചാനൽ മൈക്കുകൾ കാണുമ്പോൾ ഓരോ ജൽപനങ്ങൾ എഴുന്നള്ളിക്കുകയാണ് അദ്ദേഹം. നിലവിലെ കാലാവധി കഴിഞ്ഞാൽ അടുത്ത സ്ഥാനം എങ്ങനെ നേടാമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

അധികാര ദുർവിനിയോഗം നടത്തി ഡി ലിറ്റുകൾ ഒപ്പിച്ചു നൽകിയും പാർട്ടി നേതാക്കളെ സുഖിപ്പിച്ചുമൊക്കെ ഇതിനായുള്ള പരിശ്രമങ്ങൾ തുടരും. സ്വന്തക്കാരനെ സ്റ്റാഫ് അംഗമായി നിയമിച്ചു കൊടുത്തോ, ഒന്ന് നേരിട്ടുകണ്ട് സോപ്പിട്ടോ ആർക്കും ഇത്തരക്കാരെകൊണ്ട് ഏത് ഓർഡിനൻസിലും ഒപ്പിട്ടുവാങ്ങാനും കഴിയും. ഗവർണർമാരെ സ്വന്തം ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ചട്ടുകമായി കാണുന്നവർ സ്വപ്നം കാണുന്നതും ഇത്തരമൊരു കിനാശ്ശേരി തന്നെയാണ്’.

Spread the love
English Summary: shibu baby john against governor

One reply on “കേരളത്തിലെ ഒരു ഗവർണർക്കും അവകാശപ്പെടാനില്ലാത്ത എക്സ്പീരിയൻസാണ് ആരിഫ് മൊഹമ്മദ് ഖാനുള്ളത് ; പരിഹാസവുമായി ഷിബു ബേബി ജോൺ”

ഗവർണ്ണർ ഉന്നയിച്ച വിഷയത്തിൽ എന്താണ് തെറ്റ്?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick