Categories
kerala

തോട്ടടയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ ആൾ…

കണ്ണൂരിലെ തോട്ടടയില്‍ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ ആള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടട ചാല പന്ത്രണ്ടുകണ്ടി റോഡിലായിരുന്നു സംഭവം.

കണ്ണൂർ പടന്നപ്പാലത്തെ വധുവിന്റെ വീട്ടിൽ നടന്ന വിവാഹച്ചടങ്ങിനു ശേഷം വധുവിനെയും കൂട്ടി വരൻ ഷമലും സംഘവും വീട്ടിലേക്ക് എത്തിയപ്പോഴാണ് ബോംബാക്രമണം ഉണ്ടായത്.

thepoliticaleditor

വരന്റെ വീട്ടിൽ ശനിയാഴ്ച രാത്രി പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ഇന്നലെ എതിർസംഘത്തിനുനേരെ എറിഞ്ഞ ബോംബാണ് ലക്ഷ്യം തെറ്റി സ്വന്തം സംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. ജിഷ്ണുവിന്റെ തല പൊട്ടിത്തെറിച്ചിരുന്നു.

ഏച്ചൂർ സ്വദേശിയായ ഷമലും കുടുംബവും തോട്ടടയിലായിരുന്നു താമസം. ഇവിടെയാണ്‌ വിവാഹ സൽക്കാരവും നടന്നത്. ശനിയാഴ്ച രാത്രി സൽക്കാരത്തിനിടെ ഏച്ചൂർ സ്വദേശികളായ വരന്റെ സുഹൃത്തുക്കൾ പാട്ട് വെച്ചതിനെ ചൊല്ലി തൊട്ടടയിലെ ഒരു സംഘം യുവാകളുമായി തർക്കവും കയ്യാങ്കളിയും ഉണ്ടായി. ശേഷം നാട്ടുകാർ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ചു വിട്ടു.

ഞായറാഴ്ച വിവാഹത്തിന് പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിച്ച് വരന്റെ സുഹൃത്തുക്കളായ ഏച്ചൂർ സംഘം എത്തി. വരനെയും വധുവിനെയും കൊണ്ട് ആഘോഷമായി തോട്ടടയിലെ വീട്ടിൽ എത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയ യുവാക്കളെ ദൂരെയായി കണ്ടത്. ഉടൻ ട്രാവലറിൽ നിന്ന് ബോംബെടുത്ത് എറിഞ്ഞെങ്കിലും ഇവരുടെ തന്നെ സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയ്ക്കാണ് ബോംബ് പതിച്ചത്. സംഘം ഉടനെ ട്രാവലറിൽ കയറി രക്ഷപെടുകയായിരുന്നു. രണ്ട് ബോംബ് എറിഞ്ഞെങ്കിലും രണ്ടാമത്തെ ബോംബ് മാത്രമാണ് പൊട്ടിയത്.

പൊട്ടാത്ത ഒരു ബോംബും എട്ടു ഏറുപടക്കവും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.അക്രമത്തിൽ പരിക്കേറ്റ തോട്ടട സ്വദേശികളായ റിജിലേഷ്, അനുരാഗ്, ഹേമന്ദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Spread the love
English Summary: bomb attack in kannur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick