• Home
  • latest news
  • ലഖിംപുർ ഖേരി കൊലപാതകത്തിൽ കേന്ദ്ര മന്ത്രിയുടെ മകന് ജാമ്യം: അബദ്ധത്തിൽ നടന്ന മരണങ്ങളാവാമെന്ന് ഹൈക്കോടതി പരാമർശം

ലഖിംപുർ ഖേരി കൊലപാതകത്തിൽ കേന്ദ്ര മന്ത്രിയുടെ മകന് ജാമ്യം: അബദ്ധത്തിൽ നടന്ന മരണങ്ങളാവാമെന്ന് ഹൈക്കോടതി പരാമർശം

ലഖിംപൂര്‍ ഖേരിയില്‍
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക്‌ നേരെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ലഖിംപുർ ഖേരി സംഭവത്തിലെ വെടിവെപ്പിൽ ആർക്കും പരിക്കേറ്റതായി തെളിഞ്ഞിട്ടില്ലെന്നും, പ്രക്ഷോഭം നടക്കുന്നിടത്തു നിന്ന് സ്വയരക്ഷക്കായി ഡ്രൈവർ വേഗത കൂട്ടി ഓടിച്ചതായിരിക്കാം എന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാർ മൂന്ന് പേരെ കൊലപ്പെടുത്തിയത് കാണാതിരിക്കാൻ ആവില്ലെന്നും കോടതി ചൂണ്ടികാട്ടി.

‘സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ, ആശിഷ് മിശ്ര കാറിൽ ഇരുന്ന് കൊണ്ട് പ്രതിഷേധക്കാർക്ക് നേരെ വണ്ടി ഓടിച്ചു കയറ്റാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതിൽ ആശിഷ് മിശ്രക്ക്‌ പങ്കുള്ളതായി എഫ്ഐആറിൽ പറയുന്നു. എന്നാൽ കേസ് അന്വേഷണത്തിൽ കൊല്ലപ്പെട്ടവരുടെയോ പരിക്കേറ്റവരുടെയോ ദേഹത്ത് വെടിയുണ്ടകൾ കണ്ടെത്തിയിട്ടില്ല. ആയിരക്കണക്കിന് ജനങ്ങൾ ഉണ്ടായിരുന്ന പ്രതിഷേധത്തിൽ നിന്ന് രക്ഷപെടാൻ ഡ്രൈവർ വേഗത കൂട്ടി ഓടിച്ചിരിക്കാം. ഡ്രൈവറെ അടക്കം വണ്ടിയിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പ്രതിഷേധക്കാർ കൊലപ്പെടുത്തുകയും ചെയ്തു. കേസ് ഡയറിയിലെ ചിത്രങ്ങൾ പ്രതിഷേധകരുടെ കൊലപാതകത്തിന്റെ ഭീകരത വെളിവാക്കുന്നതാണ്. കേസിൽ ചാർജ് ഷീറ്റും സമർപ്പിച്ചു കഴിഞ്ഞു’ – ജാമ്യം അനുവദിച്ചു കൊണ്ട് അലഹബാദ് ഹൈക്കോടതി പറഞ്ഞു.
ആശിഷ് മിശ്രയുടെ ജാമ്യം കീഴ്ക്കോടതികൾ നിഷേധിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് ആണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിയ കർഷകർക്കിടയിലേക്ക് ആശിഷ് മിശ്രയും സംഘവും 3 വണ്ടികൾ ഓടിച്ചു കയറ്റുകയും വെടിയുതിർക്കുകയും ചെയ്തത്. സംഭവത്തിൽ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് രോഷാകുലരായ പ്രതിഷേധക്കാർ, ആശിഷ് മിശ്രയുടെ കാർ ഡ്രൈവറേയും വണ്ടിയിൽ ഉണ്ടായിരുന്ന മറ്റു രണ്ട് ബിജെപി നേതാക്കളെയും കൊലപ്പെടുത്തുകയും ആശിഷ് മിശ്രയുടെ കാറുകളടക്കം 2 കാറുകൾ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

കർഷകരെ കൊലപ്പെടുത്തിയ കേസിൽ 13 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ബിജെപി നേതാക്കളുടെ കൊലപാതകത്തിൽ 7 പേരെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *