മൂര്‍ഖന്റെ കടിയേറ്റ് ആതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന വാവ സുരേഷിന്റെ ശരീരത്തിൽ നിന്നും വിഷം പൂർണമായി മാറി.സ്നേഹിച്ചവരോടും സഹായിച്ചവരോടും സുരേഷ് തൊഴുകൈകളോടെ നന്ദി പറഞ്ഞു. പൂർണ്ണ ആരോഗ്യവാനാകുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം പുറത്ത് വാവ സുരേഷിന്റെ പാമ്പ് പിടുത്ത രീതിയെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നു.
സുരേഷിന്റെ ആശാസ്ത്രീയവും അശ്രദ്ധയോടെയുമുള്ള പാമ്പ് പിടുത്തം കൊണ്ടാണ് കടിയേറ്റത് എന്നാണ്
ശാസ്ത്രീയ പാമ്പ് പിടുത്തത്തിൽ വിദഗ്‌ദ്ധ ആയ മലപ്പുറം തിരൂർ സ്വദേശിനി ടി.പി ഉഷ പറഞ്ഞത്.
‘സ്നെയിക്ക് ഹുക്കും’ ബാഗും ഉപയോഗിച്ച് മാത്രമാണ് പാമ്പിനെ പിടിക്കേണ്ടത്. സമാന അഭിപ്രായം മറ്റ് പല പാമ്പ് പിടുത്ത വിദഗ്ദ്ധരും പറഞ്ഞിരുന്നു.

ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ സുരേഷിന്റെ പാമ്പ് പിടുത്ത രീതിയെ ശക്തമായ രീതിയിൽ വിമർശിച്ചിരുന്നു.’വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. എങ്ങനെയെങ്കിലും പിടിക്കുന്നതല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരാകുമ്പോഴാണ് ഒരാൾക്ക് ആ പണി അറിയാം എന്ന് നാം പറയുന്നത്’-ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.
പല മുഖ്യധാരാ മാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും ശാസ്ത്രീയ പാമ്പ് പിടുത്തത്തിന്റെ വിവരണങ്ങളാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ മലയാളികള്‍ക്ക് പാമ്പിനോടുള്ള പേടിയും അനാവശ്യ ആശങ്കകളും അകറ്റിയത് വാവ സുരേഷ് ആണെന്ന് സുരേഷ് അനുകൂലികളും പറയുന്നു.
‘ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന പല കാര്യങ്ങളിലും അപകടങ്ങൾ സംഭവിക്കാം.ശാസ്ത്രീയ പഠനങ്ങൾ ആരുടേയും കുത്തകയല്ല. നിത്യ പരിചയം അറിവുണ്ടാക്കും. നിത്യാഭ്യാസി ആനയെ എടുക്കും എന്നാണ്. ചിലപ്പോൾ ആന തലയിൽ വീണേക്കാം’ എന്നാണ് പ്രമുഖ കഥാകൃത്തും സാമൂഹിക വിമര്‍ശകനുമായ വി.എസ്.അനില്‍കുമാർ സുരേഷിനെ അനുകൂലിച്ചു കൊണ്ട് കുറിച്ചത്.
‘അദ്ദേഹത്തിന്റെ മാർഗ്ഗങ്ങളെ നിങ്ങൾക്ക് വിമർശിക്കാം. പക്ഷെ നിലവിലെ മാർഗ്ഗങ്ങളിൽ 100% സക്സസ് റേറ്റ് ഉള്ളവയാണ് . തന്റെ സാഹസിക രീതികൾ മറ്റാരും അനുകരിക്കരുതെന്ന് പറയുന്നവനാണ്. ഏതൊരു സാഹസികനും അതേ പറയാൻ കഴിയൂ.’ – രാഷ്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പറയുന്നു.
വാവ സുരേഷിന്റെ സേവനം ലഭിച്ച മറ്റനവധി പേരും തങ്ങളുടെ അനുഭവം പങ്ക് വെച്ച് സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും മനുഷ്യ സ്നേഹിയായ വാവ സുരേഷിനെയാണ് കാണാനായതെന്ന് വ്യക്തമാക്കുന്നു.













