സംസ്ഥാനത്ത് പോക്‌സോ കേസുകളും ബലാത്സംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കോടതികൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇതോടെ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായുള്ള അതിവേഗ സ്‌പെഷ്യല്‍ കോടതികളുടെ എണ്ണം 56 ആകും.
പുതിയ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതികൾക്കും നിലവിലുള്ള സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും തസ്തികകള്‍ അനുവദിക്കുമെന്ന് മന്ത്രിസഭ യോഗം അറിയിച്ചു. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകളും നിർമ്മിക്കും.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്/എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റന്‍ഡന്‍റിന്‍റെ രണ്ട് തസ്തികകളും കരാര്‍ അടിസ്ഥാനത്തിലും നിർമിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പുതിയ കോടതികൾ കൂടെ വരുന്നതോടെ സംസ്ഥാനത്തെ പോക്സോ കേസുകളിലും ബലാൽസംഗ കേസുകളിലും ദീർഘ നാളത്തെ കാത്തിരിപ്പില്ലാതെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം, പോക്സോ കേസിൽ 15 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് വധ ശിക്ഷ വിധിച്ച ബീഹാർ അതി വേഗ പോക്സോ കോടതിയുടെ നടപടി വലിയ രീതിയിൽ ജന ശ്രദ്ധ നേടിയിരുന്നു.













