പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐയ്ക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നിലപാട് കടുപ്പിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനും കെ.എൻ. ബാലഗോപാലിനെ ഉപനേതാവാക്കാനും സി.പി.എമ്മിൽ ചർച്ചകൾ നടക്കവെയാണ് സി.പി.ഐ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. പ്രതിപക്ഷ ഉപനേതാവെന്ന സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. “പ്രതിപക്ഷ ഉപനേതൃസ്ഥാനം കീഴ്‌വഴക്കമാണെന്നും സാങ്കേതികമാണെന്നുമാണ് സി.പി.എം നേതാക്കൾ പറയുന്നത്. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ലെന്നും പറഞ്ഞു. അത് ഞങ്ങൾക്കും അറിയാം. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ല. പക്ഷേ കേരളത്തിൽ അതുണ്ട്. എല്ലാത്തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്ന് തന്ന ആകണമെന്ന് നിർബന്ധമൊന്നുമില്ല.”- ബിനോയ് പറഞ്ഞു.














