തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ സാക്ഷിയാക്കി തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു തൊട്ടു പിന്നാലെ വിവാദം. സത്യപ്രതിജ്ഞാ ചടങ്ങിലെ കീഴ്‌വഴക്കങ്ങളിൽ വന്ന മാറ്റമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ചെന്നൈയിൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആയിരക്കണക്കിന് ആരാധകരും രാഷ്ട്രീയ നേതാക്ക ളും കണ്ടുനിൽക്കേയാണ് വിജയ് ജനനായകനിൽ നിന്നും മുഖ്യമന്ത്രി ആയി മാറിയത്.
സാധാരണയായി തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകൾ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്‌ത്തോ’ടു കൂടിയാണ് ആരംഭിക്കാറുള്ളത്. എന്നാൽ ‘വന്ദേമാതരം’ ആലപിച്ചു കൊണ്ടായിരുന്നു വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. ഇതിന് പിന്നാലെ ദേശീയഗാനവും തുടർന്ന് തമിഴ് തായ് വാഴ്ത്തും ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ഈ നീക്കം ബിജെപിയെ പ്രീതിപ്പെടുത്താനെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഡിഎംകെയും ടിവികെയും തമ്മിൽ സൈബർ ഇടത്തിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
നിലവിൽ ബിജെപി ഭരിക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പോലും ‘വന്ദേമാതരം’ ആലപിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ അനുകൂലികൾ രംഗത്തെത്തിയത്. ഇതിന് മറുപടിയായി, 2021ലെ സ്റ്റാലിന്റെ സത്യപ്രതിജ്ഞാ വീഡിയോയും ടിവികെ ഹാൻഡിലുകൾ പുറത്തുവിട്ടു. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ അർലേക്കർ ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നുവെന്നും, ഇതിൽ പുതുമയൊന്നുമില്ലെന്നുമാണ് ടിവികെയുടെ വാദം.














