കൊച്ചിയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായ ഗാർഹിക പീഡന പരാമർശവും ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഉണ്ടായിരിക്കെ 65 ദിവസത്തിനുള്ളിൽ ജാമ്യം അനുവദിച്ചു എന്നത് ഗൗരവമുള്ള വിഷയമാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന മരണം), 498 എ (സ്ത്രീധന പീഡനം), 306 (ആത്മഹത്യ പ്രേരണ), 34 (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരമാണ് സുഹൈലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇവയെല്ലാം നിലനിൽക്കെ തന്നെ ഇയാൾക്ക് ജാമ്യം അനുവദിച്ചത് വകുപ്പുകളുടെ ദുർബലതയാണ് വ്യക്തമാക്കുന്നത്.
കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും സുഹൈൽ 65 ദിവസത്തിലേറെ കസ്റ്റഡിയിൽ കഴിയുകയും ചെയ്ത സാഹചര്യത്തിൽ ഇനിയും തടങ്കലിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ജസ്റ്റിസ് ഗോപിനാഥ് പി ചൂണ്ടിക്കാട്ടിയത്. സുഹൈലിന്റെ മാതാപിതാക്കൾക്ക് ജനുവരി 4 ന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ കുറ്റ പത്രം സമർപ്പിച്ചപ്പോൾ മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ആലുവ മുൻ സിഐ സുധീറിനെ ഒഴിവാക്കിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ മോഫിയയുടെ പിതാവും രംഗത്ത് വന്നു.
അടുത്ത കാലത്ത് കേരളത്തിൽ നിരവധി ഗാർഹിക പീഡനങ്ങളും തുടർന്നുള്ളo ആത്മഹത്യകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗാർഹിക പീഡനങ്ങളും ബന്ധപ്പെട്ട ആത്മഹത്യകളും അധികരിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നിയമ നടപടി അത്യാവശ്യമാണ്.













