നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികളുടെയും ഫോണുകള്‍ ഇന്ന് 10.15 ന് മുമ്പായി കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
ദിലീപിന്റെ മൂന്ന് മൊബൈല്‍ ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണുകളും സഹോദരീഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണുമാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
തന്റെ ഫോണുകള്‍ ഫൊറന്‍സസിക് പരിശോധനയ്ക്കായി അയച്ചെന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നത്. ഹാജരാക്കാന്‍ ചൊവ്വാഴച്ച വരെ സമയവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫോണുകള്‍ സ്വന്തം നിലയ്ക്ക് പരിശോധിക്കാന്‍ അയച്ചത് ശരിയായ നടപടി അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കോടതി ഇന്നു തന്നെ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.













