നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ റാഫിയെയും ദിലീപിന്റെ സിനിമാ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരിൽ നിന്നും മൊഴിയെടുത്തത്.
ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങൾ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും റാഫിയുടേതായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.
















