• Home
  • kerala
  • പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ല, മറിച്ച് മുഖ്യമന്ത്രി ജനസാമാന്യത്തിനെ ആകെ വെറുപ്പിച്ചത് …. ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പിണറായി വിജയന്‍ എന്റെ പാര്‍ലമെന്ററി ജീവിതത്തിന് തിരശീലയിട്ടു – സെബാസ്റ്റ്യന്‍ പോള്‍
Image

പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ല, മറിച്ച് മുഖ്യമന്ത്രി ജനസാമാന്യത്തിനെ ആകെ വെറുപ്പിച്ചത് …. ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പിണറായി വിജയന്‍ എന്റെ പാര്‍ലമെന്ററി ജീവിതത്തിന് തിരശീലയിട്ടു – സെബാസ്റ്റ്യന്‍ പോള്‍

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ജനസാമാന്യത്തിനെ ആകെ വെറുപ്പിച്ചതാണെന്ന് തുറന്നടിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നേരത്തെ പല പ്രാവശ്യം ഇടത് പക്ഷ എം പി യും എം എൽ എ യുമായ ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ദീപിക പത്രത്തിൽ എഴുതിയ ‘വികാരം പിണറായി വിരുദ്ധം’ എന്ന ലേഖനത്തിലാണ് പിണറായി വിജയന്റെ ഏകാധിപത്യ ശൈലിക്കെതിരെയും ജനങ്ങളിൽ ഉണ്ടാക്കിയ വിരുദ്ധ വികാരത്തെപ്പറ്റിയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. രണ്ടാം പിണറായി ഭരണത്തില്‍ മുഖ്യമന്ത്രി ഓരോ വോട്ടര്‍ക്കും അനഭിമതനായി മാറിയെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം ജനങ്ങളില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തിന്റെ ആദ്യകാല ഇരകളില്‍ ഒരാളാണ് താനെന്നും സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് തന്റെ പാര്‍ലമെന്ററി ജീവിതത്തിന് തിരശീലയിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
തുടര്‍ഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന തന്റെ മുന്‍ നിലപാട് ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. അധികാരത്തിന് പരിധിയും പരിമിതിയുമുണ്ടാകണം. പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന തത്വം പിണറായി വിജയന്റെ കാര്യത്തില്‍ അന്വര്‍ത്ഥമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ലേഖനത്തില്‍ എഴുതുന്നു.അടിയന്തരാവസ്ഥാ കാലത്തെ ഇന്ദിരാഗാന്ധിയുടെ തേര്‍വാഴ്ചയോടാണ് പിണറായി വിജയന്റെ ശൈലിയെ സെബാസ്റ്റ്യന്‍ പോള്‍ ഉപമിക്കുന്നത്.

പിണറായി വിജയന് ഇനിയും അവസരം നല്‍കിയിരുന്നുവെങ്കില്‍ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയിലേക്ക് കേരളത്തിലെ പാര്‍ട്ടിയും നിപതിക്കുമായിരുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകളിലെ പരുഷതയും അശ്ലീലതയുമാണ് ജനങ്ങളെ അകറ്റിയ പ്രധാന ഘടകമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടുന്നു. ‘നികൃഷ്ടജീവി’ മുതല്‍ ‘ഡാഷ് മോന്‍’ വരെയുള്ള പ്രയോഗങ്ങള്‍ ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല. മുഖ്യമന്ത്രി സദാ ‘ദുര്‍മുഖം’ കാണിക്കുന്നയാളാണെന്നതാണ് മറ്റൊരു പ്രധാന വിമര്‍ശനം. മൈക്ക് ഓപ്പറേറ്ററോടും സ്വാഗതപ്രസംഗകയോടും പോലും തട്ടിക്കയറുന്ന അദ്ദേഹത്തിന്റെ രീതി ജനാധിപത്യത്തിന് ചേരാത്ത രോഷമാണ്. ചോദ്യങ്ങള്‍ ചോദിക്കാന്‍ വരുന്ന സഖാക്കളോട് പോലും വീട്ടില്‍ പോകാന്‍ പറയുന്ന മുഖ്യമന്ത്രിയുടെ ശൈലി അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
സോവിയറ്റ് യൂണിയനിലെ സ്റ്റാലിന്റെ കാലത്തെ ഭയത്തിന്റെ അന്തരീക്ഷവുമായി ഇന്നത്തെ കേരള സാഹചര്യത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നു. ക്രൂഷ്‌ചേവ് സ്റ്റാലിനെ വിമര്‍ശിച്ചപ്പോള്‍ ഉണ്ടായ മറുപടിയെ ഉദ്ധരിച്ചുകൊണ്ട്, പിണറായി വിജയന്റെ കീഴില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഒരു തരം വീർപ്പുമുട്ടൽ അനുഭവിച്ചിരുന്നു എന്ന് സെബാസ്റ്റ്യന്‍ പോള്‍ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം:

തുടര്‍ഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന നിലപാട് ചരിത്രവീക്ഷണത്തില്‍ വിശദീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. എന്റെ വീക്ഷണത്തോട് യോജിക്കുന്ന നിലപാടാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലെയും ജനങ്ങള്‍ സ്വീകരിച്ചത്. അധികാരത്തിന് പരിധിയും പരിമിതിയും ഉണ്ടാകണം.
പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടണ്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കിക്കൊണ്ടാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി പരമാവധി എട്ടു വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നത്. നാലു വര്‍ഷം കൂടുമ്പോള്‍ ജനവിധി പുതുക്കണം. ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഈ നിയന്ത്രണം മാത്രമാണ് ലോകത്തിന് സമാശ്വാസവും പ്രതീക്ഷയും നല്‍കുന്നത്.
ഹിറ്റ്ലറെ പരാജയപ്പെടുത്തിയ ചര്‍ച്ചിലിന് ബ്രിട്ടീഷ് ജനത വീണ്ടുമൊരു അവസരം നല്‍കിയില്ല. അഞ്ചു വര്‍ഷം മാറ്റിനിര്‍ത്തിയതിനു ശേഷമാണ് യുദ്ധജേതാവിനെ അവര്‍ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. തുടര്‍ഭരണം ആരെയും എകാധിപതിയാക്കും. പിണറായി വിജയന്‍ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണംകൂടിയാണ്. കേരളം ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ രാഷ്ട്രപതി ഡല്‍ഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനിസ്വഭാവം പൂര്‍ണമായും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നു മാത്രം.

തുടര്‍ഭരണം ഇന്ദിരാഗാന്ധിയെ ഏകാധിപതിയാക്കി. അടിയന്തരാവസ്ഥ എന്ന പേരിലുള്ള തേര്‍വാഴ്ചയായിരുന്നു അക്കാലം. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമൂഴമായിരുന്നു അത്. ജനാധിപത്യത്തിലെ ഈ സത്യം കേരളത്തിലെ വോട്ടര്‍മാര്‍ മാത്രമല്ല തമിഴ്‌നാട്ടിലെയും ബംഗാളിലെയും വോട്ടര്‍മാരും മനസിലാക്കി. അതുകൊണ്ട് അവര്‍ സ്റ്റാലിനെ മാറ്റിനിര്‍ത്തി.

ഇടവേളയ്ക്കുവേണ്ടിയുള്ള മാറ്റിനിര്‍ത്തലാവാം അത്. മൂന്ന് വ്യാഴവട്ടക്കാലം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ചുകൊണ്ട് ബംഗാളില്‍ അധികാരം പിടിച്ച മമത ബാനര്‍ജി മൂന്നു വട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ മതി എന്നു ജനം പറഞ്ഞു. പിണറായി വിജയന് ഒരു വട്ടംകൂടി അവസരം നല്‍കിയിരുന്നുവെങ്കില്‍ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം നിപതിക്കുമായിരുന്നു.
ബംഗാളില്‍ മമത നിഷ്‌കാസിതയായപ്പോള്‍ കടന്നുവന്നത് ബിജെപിയാണ്. കേരളത്തില്‍ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് സിപിഎം വീണേടം വിഷ്ണുലോകമാക്കാതെ വീഴ്ചയില്‍നിന്ന് എഴുന്നേറ്റ് കരുത്താര്‍ജിക്കണം. എങ്കില്‍ അടുത്ത അഞ്ചാണ്ട് എല്‍ഡിഎഫിനുള്ളതായിരിക്കും. 2021ല്‍ ക്രോധത്തോടെ ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിനെയാണ് കൊട്ടും കുരവയും ആര്‍പ്പുവിളികളുമായി ജനം 2026ല്‍ എതിരേറ്റത്. എല്ലാം സഹിക്കുകയും അവസരം കിട്ടുമ്പോള്‍ പ്രതകരിക്കുകയും പിന്നെ ഒരു തരം മനസ്താപത്തോടെ എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന ദൈവികഭാവമാണ് സമ്മതിദായകരുടേത്.

ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന വിലയിരുത്തല്‍ ശരിയായ കാരണം കണ്ടുപിടിക്കുന്നതിനുള്ള വൈമനസ്യത്തിന്റെ സൂചനയാണ്. എല്‍ഡിഎഫിനെ ചവിട്ടിക്കൂട്ടി ഷെഡ്ഡിലാക്കാന്‍ മാത്രമുള്ള ഭരണവിരുദ്ധ വികാരം കേരളത്തില്‍ പ്രകടമായിരുന്നില്ല. വിരോധം പിണറായിയോടായിരുന്നു. ധാര്‍ഷ്ട്യം എന്ന ഒറ്റ വാക്കില്‍ എതിരാളികള്‍ പിണറായിയുടെ വ്യക്തിത്വത്തെ ഒതുക്കി.

ജനാധിപത്യത്തിലെ ഭരണാധികാരിക്കു ചേര്‍ന്ന പദസൃഷ്ടിയല്ല പിണറായി നടത്തിക്കൊണ്ടിരുന്നത്. ‘നികൃഷ്ടജീവി’ മുതല്‍ ‘ഡാഷ്‌മോന്‍’ വരെ പൊതുവെ അസ്വീകാര്യമായ നിരവധി കാര്യങ്ങള്‍ പിണറായിക്കെതിരേ വോട്ട് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ചങ്കെത്രയെന്ന് വോട്ട് ചെയ്യാന്‍ പോകുന്ന പൗരന്‍ ആലോചിക്കില്ല. ആശ്രയിക്കാവുന്ന ഭരണാധികാരിക്കുവേണ്ടിയാണോ താന്‍ വോട്ട് ചെയ്യുന്നത് എന്നു മാത്രമാണ് അയാള്‍ ആലോചിക്കുന്നത്.

2021ലെ പിണറായി വിജയന്‍ ദീനാനുകമ്പയുള്ള ഭരണാധികാരിയായിരുന്നു. മഹാമാരിയും പേമാരിയും ഒരുമിച്ചു വന്ന്, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അവസ്ഥയിലായ ജനത്തിനു മുന്നില്‍ പിണറായി അപ്രകാരം അവതരിക്കുകയായിരുന്നു. രക്ഷിക്കപ്പെട്ടവര്‍ രക്ഷകനെ തള്ളിപ്പറയുന്നതിന് അധികം സമയം വേണ്ട. വിമോചകനായ മോശ പുറപ്പാടിന്റെ പല ഘട്ടങ്ങളിലും അപ്രകാരമുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്. വികസനത്തിന്റെ കണക്കു പറഞ്ഞ് ജനത്തെ ബോധ്യപ്പെടുത്താനാവില്ല. കിട്ടാനുള്ളത് കിട്ടിയവര്‍ക്ക് ഇനിയും എന്തു കിട്ടുമെന്നാണ് ആലോചന. പെന്‍ഷന്‍ ആനുകൂല്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആനുകൂല്യങ്ങളും കരുതപ്പെടുന്നത് അങ്ങനെയാണ്. അതാണ് അതിന്റെ ശരി.

നല്ലവനും ദയാലുവുമായ മുഖ്യമന്ത്രിയെ ആണ് ജനം പ്രതീക്ഷിക്കുന്നത്. നമ്പര്‍ വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയുണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പിണറായി ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ ഒന്നു കയറിപ്പോകുന്നത് നല്ലതാണെന്നു ഞാന്‍ എഴുതിയിട്ടുണ്ട്. രാത്രിയില്‍ ലോക്കപ്പുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിഞ്ഞിരിക്കണം. ഇനി വരുന്ന ആഭ്യന്തരമന്ത്രികൂടി ശ്രദ്ധിക്കാനാണ് ഇതെഴുതുന്നത്. കഥാപാത്രമെന്ന നിലയില്‍ മമ്മൂട്ടിയുടെ മുഖം പ്രസന്നമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി സദാ ദുര്‍മുഖം കാണിക്കുന്നയാളാണ്.
മൈക്ക് ഓപ്പറേറ്ററോടും സ്വാഗതപ്രസംഗകയോടും അദ്ദേഹം തട്ടിക്കയറും. ആരാധനയോടെ ചോദ്യം ചോദിക്കാന്‍ തുടങ്ങിയ സഖാവിനോട് ചോദ്യം വീട്ടില്‍ ചെന്ന് ചോദിക്കാനാണ് പിണറായി പറഞ്ഞത്. നികൃഷ്ടജീവി മുതല്‍ ഡാഷ്‌മോന്‍ വരെ പിണറായി നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങളില്‍ ഏറ്റവും അശ്ലീലമായത് ഈ ശകാരമായിരുന്നു. പൊതുമണ്ഡലം ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്. ജനാധിപത്യത്തിനു ചേരാത്ത രോഷമായിരുന്നു പിണറായിയുടേത്. സദസിലെ ചോദ്യം തടഞ്ഞ മുഖ്യമന്ത്രി ഉദ്ദേശിച്ച വീട് ഏതെന്ന് വ്യക്തമായില്ല. പിണറായിയിലെ വീടാണെങ്കില്‍ എല്ലാ ചോദ്യങ്ങളും കേള്‍ക്കുന്നതിന് ജനം ഒരാളെ അവിടെ ഇരുത്തിയിട്ടുണ്ട്.

സ്റ്റാലിന്റെ മരണശേഷം നടന്ന വിപുലമായ പാര്‍ട്ടി സമ്മേളനത്തില്‍ സ്റ്റാലിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ക്രൂഷ്‌ചേവ് സംസാരിച്ചപ്പോള്‍ ഇതൊക്കെ സഖാവിന് അന്നു പറയാമായിരുന്നില്ലേ എന്ന് സദസില്‍നിന്നു ചോദ്യമുണ്ടായി. ക്രൂഷ്‌ചേവ് പ്രസംഗം നിര്‍ത്തി ചോദ്യം ചോദിച്ചയാളിനോട് എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ആരും എഴുന്നേറ്റില്ല. ക്രൂഷ്‌ചേവ് പറഞ്ഞു: ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്‌നം. ചില കാര്യങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പിണറായിക്ക് അനഭിമതനായ ആളാണ് ഞാന്‍. പാര്‍ട്ടി സെക്രട്ടറിയായിരിക്കേ അദ്ദേഹം എന്റെ പാര്‍ലമെന്ററി ജീവിതത്തിനു തിരശീലയിട്ടു.
രണ്ടാം പിണറായി ഭരണത്തില്‍ പിണറായി ഓരോ വോട്ടര്‍ക്കും അനഭിമതനായിത്തീര്‍ന്നു. പിണറായിക്കെതിരേ വോട്ട് ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ കപ്പല്‍തന്നെ മുക്കുന്നതിന് വോട്ടര്‍മാര്‍ക്കു ന്യായമായ കാരണമായി.

ബെര്‍മുഡയിലെ ചുഴിപോലെ ജനരോഷത്തില്‍ അപ്രത്യക്ഷമാകാനുള്ളതല്ല എല്‍ഡിഎഫ് എന്ന കപ്പല്‍. ബംഗാളില്‍ തുടര്‍ഭരണത്തിന്റെ തുടര്‍ച്ചയില്‍ സിപിഎം കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. പിന്നീട് മമത ബാനര്‍ജിയുടെ തുടര്‍ഭരണമായിരുന്നു. നാടകാന്തത്തില്‍ അധികാരം ബിജെപിയുടെ കൈയിലെത്തി. കേരളത്തിലും മൂന്നു പേര്‍ നിയമസഭയില്‍ കടന്നുകൂടിയിട്ടുണ്ട്. അറബിയുടെയും ഒട്ടകത്തിന്റെയും കഥ ഓര്‍ക്കുന്നത് നല്ലതാണ്. കൂടാരത്തിനകത്തേക്ക് തലയിടാന്‍ അവസരം ലഭിച്ച ഒട്ടകം പയ്യെപ്പയ്യെ അറബിയെ പുറത്താക്കി കൂടാരം സ്വന്തമാക്കി.
അതുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഉത്തരവാദിത്വത്തോടെയും ചരിത്രബോധത്തോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രത്യേകത. അതുണ്ടായില്ല എന്നത് പാര്‍ട്ടിയുടെ വീഴ്ചയാണ്. സംഹാരദൂതന്‍ കടന്നുപോയ രാത്രിയില്‍ കുഞ്ഞാടിന്റെ രക്തത്താല്‍ അടയാളപ്പെടുത്തിയ വീടുകള്‍ കുറവായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *