ഗോവയിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത് മുതൽ ബിജെപിയിൽ വ്യാപകമായി കൊഴിഞ്ഞുപോക്കും വിമത നീക്കവുമാണ് ഉണ്ടായിരിക്കുന്നത്.
അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ, മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ഉൾപ്പെടെ അരഡസനോളം പേരാണ് ഇപ്പോൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ പൊതുമരാമത്ത് മന്ത്രി ദീപക് പുഷ്കറും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൂറുമാറ്റ രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനമാണ് ഗോവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഗോവയിലെ വ്യാപകമായ കൂറു മാറ്റങ്ങൾക്ക് രാജ്യം സാക്ഷിയായതാണ്.
40 സീറ്റുകളുള്ള ഗോവയിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോൺഗ്രസിന് അധികാരം സ്ഥാപിക്കാനാവാതെ പോയത് ഈ കൂറുമാറ്റങ്ങളുടെ ഫലമായാണ്.ഗോവയിലെ ഏറ്റവും വലിയ ബിജെപി നേതാവായ മനോഹർ പരീക്കറെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നിറക്കി ഗോവയിലേക്ക് അയച്ചാണ് ബിജെപി അട്ടിമറി നടത്തിയത്.
മൂന്നു സീറ്റ് വീതമുണ്ടായിരുന്ന മഹാരാഷ്ട്രവാദി ഗൊമന്തക് പാർട്ടിയും (എംജിപി) ഗോവ ഫോർവേഡ് പാർട്ടിയും (ജിഎഫ്പി) മൂന്നിൽ രണ്ടു സ്വതന്ത്രരും എൻസിപിയുടെ ഏക എംഎൽഎയും ബിജെപിയെ പിന്തുണച്ചതോടെ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോൺഗ്രസിന്റെ 17 എംഎൽഎമാരിൽ പത്തുപേരും ബിജെപിയിൽ ചേർന്നു.
എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗോവയിൽ കൂറുമാറ്റത്തിന്റെ പരമ്പരയാണ് ഉണ്ടായിരിക്കുന്നത്.ഒരു മന്ത്രിയടക്കം 9 എംഎൽഎമാരാണ് രാജിവച്ച് മറ്റു പാർട്ടികളിൽ ചേർന്നത്.ബിജെപി മന്ത്രിയായിരുന്ന മൈക്കിൾ ലോബോയും ഭാര്യയും പ്രാദേശിക നേതാവുമായ ഡെലില ലോബോയും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.ഒരാൾ ആം അദ്മി പാർട്ടിയിലേക്ക് ചേക്കേറി.3 എം എൽ എ മാർ, ഗോവയിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി യായിരുന്ന ലൂസിഞ്ഞോ ഫലെയ്റോയെ തൃണമൂൽ സ്വന്തമാക്കി രാജ്യ സഭാംഗമാക്കിയിരുന്നു. പിന്നീട് എൻസിപിയുടെ ഏക എംഎൽഎയും മുൻ മുഖ്യമന്ത്രിയുമായ ചർച്ചിൽ അലിമാവോയെ തൃണമൂലിൽ എത്തിച്ചു. കഴിഞ്ഞ മാസം മറ്റൊരു എം എൽ എ കൂടി തൃണമൂലിലേക്ക് എത്തിയിരുന്നു.
ഗോവ സംസ്ഥാനം രൂപീകൃതമായത് മുതലുള്ള 35 വർഷങ്ങൾക്കിടയിൽ 20 മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. 7 മുഖ്യമന്ത്രിമാർ വേണ്ടയിടത്താണ് 20 പേർ!! ഈ കണക്കുകൾ തന്നെ ഗോവയിലെ രാഷ്രീയ അസ്ഥിരതയുടെ തോത് വ്യക്തമാക്കുന്നതാണ്.ഗോവയിൽ
ഇനി 6 മണ്ഡലങ്ങളുടെ കൂടെ ബിജെപി സ്ഥാനാർഥി പട്ടികയാണ് പുറത്ത് വരാനുള്ളത്.













