യുവാവിനെ കൊന്ന് മൃതദേഹവും ചുമന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ട് കോട്ടയത്ത് ഗുണ്ടയുടെ ഭീകര വിളയാട്ടം. താന്‍ ഒരാളെ ഇതാ തീര്‍ത്തിരിക്കുന്നു എന്ന് പൊലീസിന് കാണിച്ചു കൊടുത്ത കൂസലില്ലായ്‌മയും കൊടും ക്രൂരതയും കേരളത്തെ നടുക്കിയിരിക്കയാണ്.
ഇന്ന് പുലര്‍ച്ചെയാണ് ഈ പൈശാചിക സംഭവം. കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട ജോമോന്‍ ജോസ് ആണ് ഷാന്‍ എന്ന യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നില്‍ കൊണ്ടിട്ടത്. ജോമോനെ പൊലീസ് പിടികൂടി. കോട്ടയം വിമലഗിരിയില്‍ നിന്നുമാണ് ഷാനിനെ ജോമോന്‍ പിടിച്ചുകൊണ്ടിപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പിടിക്കുകയായിരുന്നു. കാലിന് സുഖമില്ലാത്തതിനാല്‍ ഷാന് രക്ഷപ്പെടാനായില്ല. ഒപ്പമുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

തലേന്ന് രാത്രി ഒന്‍പത് മണിയോടെ ഷാനിനെ ജോമോന്‍ ഉള്‍പ്പെടെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. മകനെ കാണാനില്ലെന്ന് ഷാനിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി, പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തുടങ്ങിയപ്പോഴാണ് മൃതദേഹവുമായി ജോമോന്‍ എത്തിയത്.
ലഹരിക്കടിമയായിരുന്നു ഇയാള്‍ എന്നു പറയുന്നു. മകനെ കാണാനില്ലെന്ന പരാതിയുമായി ഷാൻ ബാബുവിന്റെ അമ്മ രാത്രി ഒന്നരയോടെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഷാനിന്റെ ശരീരം മുഴുവൻ ക്രൂരമർദ്ദനത്തിന്റെ പാടുകളുണ്ട്. നേരത്തേ കാപ്പ ചുമത്തപ്പെട്ട നാട് കടത്തപ്പെട്ടയാളാണ് ജോമോൻ.
എന്നാൽ കോടതിയിൽ നിന്ന് ഇളവ് നേടി കോട്ടയത്ത് എത്തുകയായിരുന്നു. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ ഒപ്പിടണമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു. സൂര്യനെന്ന മറ്റൊരു ഗുണ്ടയുമായുള്ള സൗഹൃദമാണ് ഷാൻ ബാബുവിനെ കൊലപാതകത്തിൽ കലാശിച്ചത്.















