യു.ഡി.എഫ്. കേരളത്തില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ ശോഭ ഏതാണ്ട് പൂര്‍ണമായും കെടുത്തുന്ന വിധത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാനാവാതെ വലഞ്ഞ കോണ്‍ഗ്രസ് ഒടുവില്‍ തീരുമാനം പുറത്തുവിട്ടു-ചര്‍ച്ച പൂര്‍ത്തിയായി, തീരുമാനം നാളെ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ് ആണ് ഇന്ന് വൈകീട്ട് എഴു മണി കഴിഞ്ഞ് ഇക്കാര്യം അറിയിച്ചത്. പത്തു ദിവസത്തെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും നിരവധി അഭ്യൂഹങ്ങള്‍ക്കും ശേഷം വൈകീട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ ഏറ്റവും അന്തിമ ആശയവിനിമയത്തിലാണ് എല്ലാം തീരുമാനിച്ചത്.
നാളെ കേരളത്തിലായിരിക്കും പ്രഖ്യാപനം ഉണ്ടാകുക എന്നും രമേശ് സൂചിപ്പിച്ചു. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരാശ നീളുകയാണ്. ഇന്നെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും വീടുകള്‍ക്കു മുന്നില്‍ അനുയായികളുടെ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു. സതീശന്റെ വീട്ടിനു മുന്നിലെത്തിയവര്‍ അഭിവാദ്യങ്ങളും അര്‍പ്പിച്ചിരുന്നു.
കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതി നിന്നത്. കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ ഭൂരിപക്ഷവും കെ.സി.വേണുഗോപാലിനൊപ്പമാണ് എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍ ജനഹിതം സതീശനൊപ്പമാണെന്ന വാദം പാര്‍ടി ഹൈക്കമാന്‍ഡിനു മുന്നിലെത്തിയത് അവഗണിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നു. ഘടകകക്ഷികളില്‍ ഭൂരിഭാഗവും സതീശനെ ആണ് താല്‍പര്യപ്പെട്ടത്. മുസ്ലീംലീഗ് ഇക്കാര്യം പരോക്ഷമായി സൂചന നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ പതിവ് കീഴ് വഴക്കമനുസരിച്ച് നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം മാത്രമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പരിഗണിക്കുക. എന്നാല്‍ കേരളത്തിലെ അന്തരീക്ഷം വ്യത്യസ്തമാണെന്ന് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച പല കേരളനേതാക്കളും രാഹുല്‍ഗാന്ധിയോട് വിശദീകരിച്ചിരുന്നു. കെ.മുരളീധരന്‍, വി.എം.സുധീരന്‍ എന്നിവര്‍ വി.ഡി.സതീശനാണ് ജനഹിതത്തില്‍ മുന്നിലെന്ന കാര്യം രാഹുല്‍ഗാന്ധിയെ വിശദമായി ധരിപ്പിച്ചു. നേതൃത്വം നേരത്തെ വേണുഗോപാലിന് അനുകൂലമായാണ് തീരുമാനിക്കുക എന്ന നില എത്തിയിരുന്നെങ്കിലും സതീശന് അനുകൂലമായി സമൂഹത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ അസാധാരണ പിന്തുണ ഉണ്ടെന്ന തിരിച്ചറിവില്‍ വ്യത്യസ്തമായ ചിന്തകളിലേക്ക് പോകുകയായിരുന്നു. ഇതിന്റെ സ്വാധീനമാണ് ഇന്നത്തെ തീരുമാനത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്.














