Categories
kerala

ചരിത്രം മറക്കാൻ ശ്രമിക്കുന്നവർ

ജീവിച്ചിരുന്ന കാലത്തെപ്പോലെ, മരിക്കുമ്പോഴും പി.ടി.തോമസിനോട് അസൂയ തോന്നിയിട്ടുണ്ടാകും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്ക്.

ഇവിടുത്തെ മാധ്യമങ്ങള്‍ പല കോണ്‍ഗ്രസ് നേതാക്കന്‍മാരുടേയും പേരിനോടൊപ്പം ചാര്‍ത്തിക്കൊടുത്തിട്ടുള്ള ചില ഓമനപ്പേരുകളുണ്ട് – ആദര്‍ശധീരന്‍, വീരന്‍, അതിവേഗ ബഹുദൂരക്കാരന്‍ – തുടങ്ങി അവരുടെ പ്രവൃത്തികളുമായി പുലബന്ധം പോലുമില്ലാത്ത വിളിപ്പേരുകള്‍.

thepoliticaleditor

അത്തരത്തില്‍ ഒരു ബഹുമതിപ്പട്ടവും ആരും ചാര്‍ത്തിക്കൊടുത്തിട്ടില്ലാത്ത അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ പി.ടി.തോമസിന് കേരളം നല്‍കിയ യാത്രയയപ്പ് കണ്ട് പി.ടി യെ ജീവിച്ചിരിക്കെ ശവമഞ്ച ഘോഷയാത്ര നടത്തിയവർ പോലും ഞെട്ടിയിട്ടുണ്ടാകും.

അവര്‍ക്ക് പി.ടി കൃത്യമായ മറുപടി തന്റെ ശവസംസ്‌ക്കാരത്തിലൂടെ നല്‍കുക തന്നെ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിലെ കവര്‍‌സ്റ്റോറി എന്ന പ്രതിവാര പരിപാടി പി.ടിയെന്ന കരുത്തനായ
നേതാവിന്റെ പൊതുജീവിതത്തിലെ സത്യസന്ധതയും ആര്‍ജ്ജവവും ആത്മാര്‍ത്ഥതയുമെല്ലാം വ്യക്തമായ ഭാഷയില്‍ വരച്ചുകാട്ടി.

പി.ടി.തോമസിനെ ഏറ്റവുമധികം ദ്രോഹിച്ചവര്‍ ആരാണ് ? ഒരു സംശയവും വേണ്ട, അത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റിന് അവകാശപ്പെട്ട നിയമസഭാ സീറ്റ് നല്‍കാതെ ജില്ലാ കൗണ്‍സിലില്‍ മല്‍സരിപ്പിക്കാന്‍ സ്വന്തം നേതാക്കള്‍ കാട്ടിയ വ്യഗ്രത എന്താനായിരുന്നു എന്ന് തിരിച്ചറിയാന്‍ നമ്മള്‍ മറ്റെവിടെയും പോകേണ്ടതില്ല. 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയതോ പി.ജെ.ജോസഫിന്റെ ഉറച്ച കോട്ടയായ
തൊടുപുഴയും.

എന്നാല്‍ പി.ടി.തോമസ് എന്ന പോരാളി ഇവിടെ ജയിച്ചു കയറി സ്വന്തം നേതാക്കളെ കാട്ടിക്കൊടുത്തു താന്‍ ആരാണെന്ന്. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വൈരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പുത്രവാല്‍സല്യത്താല്‍ അന്ധനായിപ്പോയ
കെ.കരുണാകരന്റെ മുഖത്ത് നോക്കി ബാലഗോപാലനെ അങ്ങനെയങ്ങ് എണ്ണതേപ്പിക്കണ്ട എന്ന് പറയാനുള്ള ധൈര്യം പി.ടിക്ക് മാത്രമേ
ഉണ്ടായിരുന്നുള്ളൂ. 2001 ല്‍ ജയിച്ചു വന്ന പി.ടിയെ മന്ത്രിയാക്കാതിരിക്കുന്ന കാര്യത്തില്‍ എ-ഐ ഗ്രൂപ്പുകള്‍ എല്ലാ വൈരങ്ങളും മറന്ന് ഒന്നിച്ച് നിന്നു.

ഒടുവില്‍ ഇടുക്കിയില്‍ എം.പിയായിരുന്ന പി.ടിയെ ഗാഡ്ഗില്‍ കമ്മിറ്റിയെ അനുകൂലിച്ചതിന്റെ പേരില്‍ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി
അപമാനിച്ചപ്പോള്‍ അതിന് മുന്നില്‍ നിന്നത് കോണ്‍ഗ്രസുകാര്‍ തന്നെ ആയിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേേത്താലിക്കാ സഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പി.ടിക്ക് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇന്ന് എങ്ങനെ ഉളുപ്പില്ലാതെ പി.ടിയുടെ നിലപാടുകളെ വാഴ്ത്താന്‍ കഴിയും എന്ന് ചോദിച്ചാല്‍ അത് കോണ്‍ഗ്രസുകാരുടെ മാത്രം അപൂര്‍വ്വമായ സിദ്ധി എന്ന് മാത്രമേ പറയാന്‍ കഴിയൂ.

പി.ടി മരിച്ചപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് പല കഥകളും പറഞ്ഞ മാധ്യമങ്ങള്‍ ഒരു കാര്യം മറന്നു. പി.ടിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ കണ്ണടച്ചിരുന്ന പല നേതാക്കള്‍ക്കുമിടയില്‍ അദ്ദേഹത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും പിന്തുണ തങ്ങള്‍ നല്‍കുമെന്നും പറഞ്ഞ ഒരു നേതാവിനെ പറ്റി. എസ്.എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു ആ നേതാവ്. കേരളത്തിലെ ഏറ്റവും വലിയ എസ്.എന്‍.ഡി.പി യൂണിയനായ മലനാട് യൂണിയന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പി.ടിയെ വിജയിപ്പിക്കാം എന്നും അദ്ദേഹം പല വട്ടം പറഞ്ഞിട്ടും ബിഷപ്പിന്റെ മുന്നില്‍ കുനിഞ്ഞ് നിന്നിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അത് കേട്ടതായി ഭാവിച്ചില്ല.

കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ഇന്നോളം ലഭിക്കാത്ത, നാളെ ലഭിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത വിടപറയലാണ് കേരളം നല്‍കിയത്. അക്കാര്യം വളരെ വ്യക്തമായി തന്നെ അവതാരകയായ സിന്ധു സൂര്യകുമാർ വിവരിക്കുകയും ചെയ്തു. നിയമസഭയിലും പി.ടി
ഒരു കൊടുങ്കാറ്റ് പോലെയാണ് ഭരണപക്ഷ ബഞ്ചുകള്‍ക്ക് നേരേ ആഞ്ഞടിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ മറ്റ് പ്രതിപക്ഷ നേതാക്കളെ
പോലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന് വിളിച്ച് സുഖിപ്പിച്ച് വിമര്‍ശിക്കാതെ, അദ്ദേഹം പിണറായി വിജയന്‍ എന്ന് പേരെടുത്ത് പറഞ്ഞ് കൊണ്ട്
തന്നെയാണ് വിമര്‍ശങ്ങള്‍ നടത്തിയത്. അധികാര രാഷ്ട്രീയത്തിന്റെ ഏഴയലത്ത് പി.ടിയെ അടുപ്പിക്കാതിരിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുകാരെ
ഞെട്ടിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പഴയ നേതാവായ വി.എം.സുധീരന്‍ തൃക്കാക്കര സീറ്റ് നല്‍കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍
ജില്ലയിലെ പല കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ഇപ്പോഴും ഇരയെ തള്ളി വേട്ടക്കാരന് ഒപ്പം നില്‍ക്കുമ്പോള്‍ പി.ടി.തോമസ് എന്ന ഒരു നേതാവിന്റെ ശക്തമായ നിലപാട് കാരണമാണ് പ്രതികള്‍ അകത്തായത്.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശിയ കവര്‍‌സ്റ്റോറി ഒരിടവേളക്ക് ശേഷം, സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍
നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉള്ളറകളിലേക്കും വിശദമായി തന്നെ കടന്ന് ചെന്നു. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് വധിക്കപ്പെട്ട്
മണിക്കൂറുകള്‍ക്കകം ബി.ജെ.പി നേതാവും കൊല്ലപ്പെട്ടത് ഇതിനെല്ലാം നേരത്തേ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നതിന്റെ സൂചനയായിരുന്നു
എന്ന് സിന്ധു ചൂണ്ടിക്കാട്ടിയത് ഏറെ പ്രസക്തമാണ്.

ആരൊക്കെ മരിച്ചാലും നഷ്ടം അവരുടെ കുടുംബങ്ങള്‍ക്ക് തന്നെയാണ്. അതിന് അവരുടെ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. തങ്ങളുടെ ഒരു നേതാവ് മരിച്ചാല്‍ വിലാപയാത്രയല്ല ഘോഷയാത്രയാണ് നടത്തുക എന്ന ഒരു നേതാവിന്റെ പ്രസ്താവനയും കവര്‍‌സ്റ്റോറി നമ്മള്‍ക്ക് കാട്ടിത്തരുന്നു. ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്? പണ്ട് വിശുദ്ധയുദ്ധം നടത്താന്‍ പോയവരുടെ കഥ ഇവരില്‍
പലര്‍ക്കും അറിയില്ലെന്ന് വേണം കരുതാന്‍. അല്ലെങ്കിലും ചരിത്രം ഇവരൊക്കെ മറക്കാന്‍ ശ്രമിക്കുന്ന കാര്യമാണല്ലോ..

Spread the love
English Summary: WHAT HAPPENIING WHEN SOME ONE TRIES TO FORGET HISTORY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick