Categories
latest news

മിന്നല്‍ മുരളി : സൂപ്പര്‍മാന്റെയും സ്‌പൈഡര്‍മാന്റെയും അനുകരണം, സ്ഥിരം ബാലിശ കോമഡികള്‍, ദി ഫ്‌ലാഷ്‌ സീരീസിലെ കഥാനുകരണം

ദി ഫ്‌ലാഷ്‌ എന്ന അമേരിക്കന്‍ കോമിക്‌ സീരീസിലും വെബ്‌സീരീസിലും ഇടിമിന്നലേറ്റയാള്‍ക്ക്‌ ലഭിക്കുന്ന അമാനുഷ ശക്തിയുടെ കഥയാണ്‌. ഇത്‌ കുട്ടികള്‍ രസിച്ച്‌ ആസ്വദിച്ച അഭ്രാവിഷ്‌കാരമാണ്‌

Spread the love

ഇന്നുച്ചയ്‌ക്ക്‌ ഒന്നര മണിക്ക്‌ ‘നെറ്റ്‌ഫ്ലിക്സ് ‘ഒടിടിയില്‍ റിലീസ്‌ ചെയ്‌ത മിന്നല്‍മുരളി ഹോളിവുഡിന്റെ പരിചിത കഥാപാത്രങ്ങളായ സൂപ്പര്‍ ഹീറോകളെ മലയാളത്തിലേക്ക്‌ പറിച്ചു നട്ട സിനിമാനുഭവം എന്ന നിലയില്‍ കൗതുകമുണര്‍ത്തുന്നു. ഒരു ചിന്തയുമില്ലാതെ ചിരിക്കാവുന്ന ചിത്രം ഒരുക്കുന്നതിലാണ്‌ സംവിധായകന്റെ ഊന്നല്‍. കൊമഡി എന്റര്‍ടെയിനര്‍ എന്നു പറയാം.

എന്നാല്‍ സൂപ്പര്‍മാന്റെയും സ്‌പൈഡര്‍മാന്റെയും അനുകരണം എന്നതിനപ്പുറം ഒന്നുമാകാതെ പോയ സിനിമ എന്ന വിമര്‍ശനമാണ്‌ ഉയരുന്നത്‌.

thepoliticaleditor

പ്രത്യേകിച്ച്‌ സിനിമയുടെ അവസാനഭാഗങ്ങളിലെ കാര്‍ണിവല്‍ ദൃശ്യങ്ങളും അതിലെ അക്രമവും വെറും തമാശ പോലെയായിത്തീരുകയാണ്‌.

ഒരു നാട്ടില്‍ അപ്രതീക്ഷിതമായ പ്രകൃതിപ്രതിഭാസം എന്ന നിലയില്‍ മിന്നലേറ്റ രണ്ടു പേര്‍ക്ക്‌ അമാനുഷ ശക്തി കൈവരുന്നതാണ്‌ പ്രമേയം. സിനിമയുടെ ആദ്യഭാഗം രസകരമായി പോയെങ്കിലും അധികം താമസിയാതെ വലിച്ചില്‍ അനുഭവപ്പെട്ടുതുടങ്ങി്‌.

സ്ഥിരം കോമഡികളില്‍ നിന്നും സിനിമയെ മോചിപ്പിക്കാന്‍ സംവിധായകനായ ബേസില്‍ ജോസഫിന്‌ സാധിച്ചതേയില്ല, പ്രത്യേകിച്ച്‌ ഹോളിവുഡിന്റെ പ്രശസ്‌തമായ പ്രമേയത്തെയും കഥാപാത്രത്തെയും മലയാളത്തിലേക്ക്‌ അനുകരിച്ച്‌ കൊണ്ടുവരുമ്പോള്‍…(പൊലീസ്‌ ലോക്കപ്പിന്‌ താക്കോലില്ലാത്ത പൂട്ട്‌, അത്‌ തുറക്കാന്‍ പൂട്ട്‌ അടിച്ചു പൊട്ടിക്കുന്ന പൊലീസുകാര്‍… മാമുക്കോയയുടെ ഡോക്ടറുടെ വിക്രിയകള്‍…. പ്രിയദര്‍ശനെ ഓര്‍ക്കാവുന്ന കോമഡിയാണ്‌!!!)

കഥയുടെ കാര്യത്തില്‍ കുട്ടികള്‍ ഒരു തരം ഇമ്പവും കാണിച്ചില്ല എന്നത്‌ ശ്രദ്ധേയമാണ്‌. കാരണം ഈ അനുകരണത്തിന്റെ അടിപൊളി ഒറിജിനല്‍ വിശദാംശം സഹിതം കുട്ടികളുടെ മനസ്സിലുണ്ട്‌.

അവര്‍ അത്‌ നേരത്തെ തന്നെ ആസ്വദിച്ചിട്ടുള്ളതുമാണ്‌. ദി ഫ്‌ലാഷ്‌ എന്ന അമേരിക്കന്‍ കോമിക്‌ സീരീസിലും വെബ്‌സീരീസിലും ഇടിമിന്നലേറ്റയാള്‍ക്ക്‌ ലഭിക്കുന്ന അമാനുഷ ശക്തിയുടെ കഥയാണ്‌. ഇത്‌ കുട്ടികള്‍ രസിച്ച്‌ ആസ്വദിച്ച അഭ്രാവിഷ്‌കാരമാണ്‌.

എങ്കിലും ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണാന്‍ കുട്ടികള്‍ കൗതുകപൂര്‍വ്വം തന്നെയാണ്‌ സിനിമ ആസ്വദിക്കാന്‍ കൊതിക്കുന്നത്‌.

നാട്ടില്‍ നടക്കുന്ന അതിമാനുഷ സംഭവങ്ങളില്‍ മിന്നലേറ്റ്‌ ശക്തി നേടിയ രണ്ടു പേരുടെ കരങ്ങളാണ്‌. എന്നാല്‍ ഇരുവരുടെയും കൃത്യങ്ങളില്‍ വ്യത്യാസമുണ്ട്‌. ടൊവിനോ അവതരിപ്പിക്കുന്ന മിന്നല്‍ മുരളി നല്ല ഗുണവാനും മറ്റേ അമാനുഷന്‍ ആന്റീ ഹിറോയുടെ അധമ മനസ്സുള്ളയാളുമാണെന്ന്‌ വരുത്തുന്ന രീതിയിലാണ്‌ കഥ വികസിക്കുന്നത്‌.

ഒടുവില്‍ ഇവര്‍ തമ്മിലുള്ള പോരാട്ടത്തിലും അതില്‍ ടൊവിനോ എന്ന ഗുണവാനായ മിന്നല്‍മുരളി ജയിച്ച്‌ ജനങ്ങളുടെ രക്ഷകനും ഹീറോയും ആകുന്നതും ചിത്രീകരിച്ച്‌ സിനിമ അവസാനിക്കുന്നു.

സംവിധായകൻ ബേസിൽ ജോസഫ്

ഏറ്റവും ഒടുക്കഭാഗത്ത്‌ ടൊവിനോയെ സ്‌പൈഡര്‍മാന്‍-ബാറ്റ്‌മാന്‍-സൂപ്പര്‍മാന്‍ വേഷം കെട്ടിച്ച്‌ നിര്‍ത്തുന്നതുള്‍പ്പെടെ കുട്ടികളെ പ്രചോദിപ്പിക്കാനുള്ള പൊടിക്കൈകള്‍ സംവിധായകന്‍ സ്വീകരിച്ചിട്ടുണ്ട്‌.

എന്നാല്‍ ഇത്തരം അനുകരണങ്ങളുടെ അന്തസ്സാരമില്ലായ്‌മ ഇവയുടെ ഒറിജിനലിന്റെ അതീവ ആരാധകരായ കുട്ടികളില്‍ വലിയ അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ലെന്ന്‌ ചില കുട്ടികള്‍ സിനിമ കണ്ട ശേഷം നടത്തിയ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

അപ്പോഴും ടൊവിനോ തോമസിന്റെ ചില നിഷ്‌കളങ്ക മണ്ടത്തരങ്ങളും കേരളീയ അന്തരീക്ഷത്തിലെ ഒരു സൂപ്പര്‍മാന്‍ കോമഡി എന്ന നിലയിലുള്ള കൗതുകവും കുട്ടികളെയും മുതിര്‍ന്നവരെയും മിന്നല്‍മുരളി-യുടെ ഒറ്റക്കാഴ്‌ചയ്‌ക്ക്‌ പ്രേരിപ്പിക്കുമെന്നാണ്‌ പൊതുവെ പറയേണ്ടത്‌. കുട്ടികളയും മുതിര്‍ന്നവരെയും ഒരുപോലെ ലോകമാകെ രസിപ്പിച്ച കോമഡിയുടെ മേമ്പൊടിയുള്ള അതിമാനുഷ ഹീറോയിസത്തെ മലയാള സിനിമയിലേക്ക്‌ കൊണ്ടുവരാന്‍ നടത്തിയ ശ്രമം എന്ന നിലയില്‍ വിപണിയില്‍ വ്യത്യസ്‌തതയായി മാറുന്നു എന്നതാണ്‌ മിന്നല്‍മുരളിയുടെ മൂല്യം. ഒരു അമര്‍ചിത്രകഥ വായിക്കുന്നതിലെ രസം പോലെ കണ്ടാല്‍ മതിയെന്ന്‌ സംവിധായകന്‍ നേരത്തെ തന്നെ തന്റെ സിനിമയെ വിലയിരുത്തിയിട്ടുണ്ട്‌. ആ അര്‍ഥത്തില്‍ ഒരു വിനോദസിനിമയായിത്തീരുന്നുണ്ട്‌ മിന്നല്‍മുരളി. ഒരു എന്റര്‍ടെയിനര്‍ എന്ന നിലയില്‍ വാണിജ്യഘടകങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി സൃഷ്ടിച്ച സിനിമ എന്ന നിലയില്‍ വിജയിച്ച ഒട്ടേറെ തമാശച്ചിത്രങ്ങളുടെ കൂട്ടത്തില്‍ മിന്നല്‍ മുരളിക്കും സ്ഥാനം ലഭിക്കും.

Spread the love
English Summary: minnal murali flat imitation of hollywood heros and theme

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick