• Home
  • latest news
  • യു.പി.യില്‍ ബി.ജെ.പി. നിര്‍ണായക തിരിച്ചടി നേരിടും…കോൺഗ്രസിനു സംഭവിക്കാവുന്നത് എന്ത്? അഭിപ്രായ സർവ്വേ വിശദമാക്കുന്നത്…

യു.പി.യില്‍ ബി.ജെ.പി. നിര്‍ണായക തിരിച്ചടി നേരിടും…കോൺഗ്രസിനു സംഭവിക്കാവുന്നത് എന്ത്? അഭിപ്രായ സർവ്വേ വിശദമാക്കുന്നത്…

403 അംഗ ഉത്തര്‍പ്രദേശ്‌ നിയമസഭയില്‍ 312 സീറ്റുള്ള ബി.ജെ.പി.ക്ക്‌ അടുത്ത മാര്‍ച്ചില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നൂറിനടുത്ത്‌ സീറ്റുകള്‍ നഷ്ടമാകുമെന്ന്‌ അഭിപ്രായ സര്‍വ്വേ ഫലം. കുറയുന്ന സീറ്റുകളില്‍ ഭൂരിഭാഗവും കിട്ടുക സമാജ്‌ വാദി പാര്‍ടിക്കായിരിക്കും.

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്യാമ്പ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത്‌ കോണ്‍ഗ്രസിന്‌ പത്ത്‌ സീറ്റു പോലും തികയ്‌ക്കാനാവില്ലെന്നും സര്‍വ്വേയില്‍ നിഗമനം.

ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തുമെങ്കിലും 233 മുതല്‍ 252 സീറ്റുകള്‍ വരെ മാത്രമേ കിട്ടൂ. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ ഇന്ത്യ ന്യൂസ് നടത്തിയ സര്‍വേയിലാണ് യോഗി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിക്ക് 135 മുതല്‍ 149 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാധ്യമാണെന്നും ഒറ്റ അക്കത്തില്‍ ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

മായാവതിയുടെ ബിഎസ്പിക്ക് 11 മുതല്‍ 12 സീറ്റുകള്‍ ലഭിച്ചേക്കാം. 39 ശതമാനം വോട്ട് ഷെയറാണ് ബിജപിക്ക് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2022 മാര്‍ച്ചിലാണ് യുപി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് ഇതിന് മുന്‍പായി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും. 2017 മാര്‍ച്ച് മാസത്തിലാണ് യുപി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 403 അംഗ യുപി നിയമസഭയില്‍ 312 സീറ്റുകള്‍ നേടി ബിജെപി അധികാരം പിടിച്ചപ്പോള്‍ ബിഎസ്പി 19 സീറ്റിലും എസ്.പി 47 സീറ്റിലുമായി ഒതുങ്ങി.

177 സീറ്റുണ്ടായിരുന്ന സമാജ്‌ വാദി പാര്‍ടിക്കാണ്‌ 2017-ല്‍ 47 ആയി ചുരുങ്ങിയത്‌. ഇതില്‍ വലിയ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ്‌ 2022-ലെ പ്രതീക്ഷ. 135-149 സീറ്റുകള്‍ നേടുമെന്നാണ്‌ പ്രവചനം. 61 സീറ്റുണ്ടായിരുന്ന ബി.എസ്‌.പി.ക്ക്‌ 2017-ല്‍ കിട്ടിയത്‌ വെറും 19 സീറ്റ്‌ മാത്രം. അതേസമയം 265 സീറ്റുണ്ടായിരുന്ന ബി.ജെ.പി. 312 ആക്കി സീറ്റ്‌ വര്‍ധിപ്പിച്ചു. എന്നാല്‍ ഇത്‌ ഇത്തവണ 233 വരെയായി കുറയുമെന്നാണ്‌ അഭിപ്രായസര്‍വ്വേ പറയുന്നത്‌.
കോണ്‍ഗ്രസിന്‌ നിലവില്‍ ഏഴ്‌ അംഗങ്ങള്‍ മാത്രമാണുള്ളത്‌. നേരത്തെ 21 പേരുണ്ടായിരുന്നത്‌ 2017-ലെ തിരഞ്ഞെടുപ്പില്‍ ഒറ്റ അക്കത്തിലേക്ക്‌ ചുരുങ്ങി. ഇത്തവണയും വലിയ മാറ്റുണ്ടാവില്ലെന്ന പ്രവചനം പാര്‍ടി കേന്ദ്രങ്ങളില്‍ നിരാശയുണ്ടാക്കും. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ മാത്രം മല്‍സരിച്ച അപ്‌നാ ദള്‍ 9 ഇടത്ത്‌ വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *