• Home
  • latest news
  • കോണ്‍ഗ്രസുമായി ദേശീയ സഖ്യം വേണ്ട, മുന്നണിയുടെ ഭാഗമാകുന്നതിനു തടസ്സമില്ല-സി.പി.എം രാഷ്ട്രീയ നിലപാട്

കോണ്‍ഗ്രസുമായി ദേശീയ സഖ്യം വേണ്ട, മുന്നണിയുടെ ഭാഗമാകുന്നതിനു തടസ്സമില്ല-സി.പി.എം രാഷ്ട്രീയ നിലപാട്

സി.പി.എം. അഖിലേന്ത്യാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കുന്ന കരട്‌ രാഷ്ട്രീയപ്രമേയത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന നിലവിലുള്ള നിലപാട്‌ തുടരാന്‍ പാര്‍ടി തീരുമാനിക്കുമെന്ന്‌ മാധ്യമറിപ്പോര്‍ട്ട്‌.

ഡെല്‍ഹിയില്‍ രാഷ്ട്രീയ പ്രമേയചര്‍ച്ചയ്‌ക്കായി ചേര്‍ന്ന പൊളിറ്റ്‌ ബ്യൂറോ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച്‌ ധാരണയായത്‌. കോണ്‍ഗ്രസ്‌ അഖിലേന്ത്യാതലത്തില്‍ മൃദുഹിന്ദുത്വ നിലപാടാണ്‌ തുടരുന്നത്‌. അത്‌ സ്വീകാര്യമല്ല. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാര്‍ട്ടികളെന്നും യോഗം വിലയിരുത്തി.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും എടുത്തിട്ടുള്ള കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട്‌ എന്ന നിലപാടിനെ പൂര്‍ണമായും നിരാകരിക്കുന്ന തീരുമാനമാണ്‌ കണ്ണൂരില്‍ നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ്സിനു മുന്നില്‍ കരട്‌ രൂപത്തില്‍ അവതരിപ്പിക്കുക എന്ന്‌ ഇതോടെ വ്യക്തമാകുകയാണ്‌.

ബംഗാളില്‍ കോണ്‍ഗ്രസുമായി നേരിട്ട്‌ തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയപ്പോള്‍ കഴിഞ്ഞ തവണ നേരിട്ട ദയനീയമായ തിരിച്ചടിയും പാര്‍ടിയെ പുനര്‍ ചിന്തയ്‌ക്ക്‌ പ്രേരിപ്പിച്ചു.

പാര്‍ടി ഉന്നത നേതൃത്വത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും കേരള ഘടകത്തിലെ നേതാക്കള്‍ മൊത്തമായും സ്വീകരിക്കുന്ന കോണ്‍ഗ്രസുമായി ഒരു തരം കൂട്ടുകെട്ടും വേണ്ടെന്ന നിലപാടിനാണ്‌ അംഗീകാരം ലഭിച്ചിരിക്കുന്നത്‌ എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്നു സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു.

യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുകക്ഷികൾ ഒന്നിച്ചു മത്സരിക്കും. ഇവിടങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കും. തമിഴ്നാട് മാതൃകയിൽ, പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന, കോൺഗ്രസ് പങ്കാളിയായ മുന്നണിയുടെ ഭാഗമാകുന്നതിനു തടസ്സമില്ല. സംസ്ഥാന ഘടകങ്ങൾക്ക് പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *