മുസ്ലീംലീഗിനെ അതിശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണ്ണൂരില്‍ സി.പി.എം. ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് നടത്തിയ പ്രസംഗം ലീഗ് നേതാവിന്റെ വ്യഭിചാര പരാമര്‍ശത്താല്‍ കൂരമ്പുകളേറ്റു നിന്ന പാര്‍ടിക്ക് കൂനിന്‍മേല്‍ കുരു പോലെയായി. ലീഗ് രാഷ്ട്രീയപാര്‍ടിയോ മതസംഘടനയോ എന്ന കുറിക്കു കൊള്ളുന്ന ചോദ്യവും നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കാനാണ് എന്ന പരിഹാസവും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായി. മുസ്ലീങ്ങളുടെ അട്ടപ്പേറവകാശം ലീഗിനില്ല എന്ന ആരോപണവും ഉയര്‍ത്തി. ലീഗിനെ ശക്തമായി മുഖ്യമന്ത്രി കടന്നാക്രമിച്ചത് സമുദായത്തിലെ പ്രബലരായ രണ്ടു സുന്നി സംഘടനകളുമായി ആശയവിനിമയം നടത്തി വഖഫ് വിഷയത്തില്‍ നേടിയ ആത്മവിശ്വാസം കൊണ്ടായിരുന്നു എന്നത് പിണറായിയുടെ ഒരോ വാക്കിലും തെളിഞ്ഞുനിന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗം:
വഖഫ് നിയമന പ്രശ്നം ലീഗ് മതപ്രശ്നമാക്കാനാണ് ശ്രമിക്കുന്നത്. ‘നിങ്ങൾ ആദ്യം നിങ്ങൾ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാർട്ടിയാണോ അതോ മത സംഘടനയോ?. മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ല. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യ്, ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല മത സംഘടനാ നേതാക്കൾക്ക് വിഷയം ബോധ്യപ്പെട്ടിട്ടും ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കാനാണ്. ലീഗിനൊപ്പം മാത്രമല്ല, ഞങ്ങളുടെ കൂടെയുമുണ്ട് മുസ്‌ലിം സമുദായക്കാർ. മലപ്പുറം ജില്ലയിലെ എൽഡിഎഫ് ഗ്രാഫ് നോക്കൂ. അത് ഉയർന്നു തന്നെയാണു നിൽക്കുന്നത്. അതാണ് നാട്ടിൽ നടക്കുന്ന മാറ്റം. ഏതെങ്കിലും മതത്തിന്റെ അട്ടിപ്പേറവകാശം തങ്ങൾക്കാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിക്കാനാവില്ല.
വഖഫ് നിയമനം പിഎസ് സിക്ക് വിടണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമൊന്നുമില്ല. പിഎസ്സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. മതസംഘടനകള്‍ക്ക് എല്ലാം മനസിലായി. മുസ്ലിം ലീഗിന് മാത്രമാണ് പ്രശ്നം. ലീഗുകാര്‍ക്ക് മാത്രമാണ് മനസിലാകാത്തത്.
വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മതസംഘടനകള്‍ക്ക് ഇപ്പോള്‍ പ്രശ്നങ്ങളില്ല. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയുടെയും കാന്തപുരം നേതൃത്വം നൽകുന്ന വിഭാഗത്തിന്റെയും പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അവർക്ക് അതു ബോധ്യപ്പെടുകയും ചെയ്തു. വഖഫ് ബോർഡ് നിയമനം ഇപ്പോൾ പിഎസ്‌സിക്കു വിടുന്നില്ലെന്നാണ് അവരോടു പറഞ്ഞത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫും ബിജെപിയും കൂട്ടുകെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു. വികസന പദ്ധതികളെയെല്ലാം എതിര്‍ക്കുന്നു. കെ റെയിലും ജലപാതയുമെല്ലാം മികച്ച പദ്ധതികളാണ്. ഒന്നും ഇവിടെ നടപ്പാക്കാന്‍ പാടില്ലെന്ന നിലപാടാണ് ഇവര്‍ക്ക്.













