Categories
kerala

നിയമസഭയിലെ കയ്യാങ്കളിയും വിദ്യാഭ്യാസ മന്ത്രിയുടെ ധാർമികതയും

കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ പണ്ട് നടത്തിയ പരാക്രമം ഇനിയും ടി.വിയില്‍ കാണിക്കണോ എന്ന് ചിന്തിക്കാനുള്ള
സമയമായിരിക്കുകയാണ്. ഹനുമാന്‍ വാലില്‍ തീയുമായി ലങ്കാപുരി കത്തിച്ചത് പോലെ, ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി 2015 ല്‍ നിയമസഭയില്‍ ഓടി നടന്ന്
സഭയിലെ കമ്പ്യൂട്ടറും മൈക്കും ഇലക്ട്രോണിക്ക് സാധനങ്ങളും എല്ലാം പിഴുതെറിയുന്നത് ഇന്നലെയും
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ കണ്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനും പറയുന്നുണ്ടായിരുന്നു ഈ
ദൃശ്യങ്ങള്‍ കുട്ടികളെ കാട്ടരുതെന്ന്. എന്തായാലും, ചര്‍ച്ചയിലെ താരം പതിവ് പോലെ പി.സി.ജോര്‍ജ്ജ് തന്നെ ആയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍
നിയമസഭയിലെ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ ഏക വ്യക്തിയും അദ്ദേഹമായിരുന്നു. അന്ന് സഭയിലെ ചീഫ് വിപ്പായിരുന്ന തന്റെ തലയ്ക്ക്
മുകളിലൂടെയാണ് ശിവന്‍കുട്ടി പാഞ്ഞ് നടന്നതെന്ന് പി.സി.ജോര്‍ജ്ജ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ദീര്‍ഘകാലം നിയമസഭയില്‍ അംഗമായിരുന്ന
ആളുമാണ് പി.സി. ജോർജ്. നിയമസഭ തീര്‍ച്ചയായും പോരാട്ടത്തിന്റെ വേദി തന്നെയാകണം. പക്ഷെ, അത് കായികമായ പോരാട്ടമാകരുത് ആശയങ്ങള്‍
തമ്മിലുള്ള പോരാട്ടമാണ് ആകേണ്ടത്. പ്രഗത്ഭരായ പാര്‍ലമന്റേറിയന്‍മാരാണ് ഈ സഭയില്‍ അംഗങ്ങള്‍ ആയിരുന്നിട്ടുള്ളത്.
സി.അച്യുതമേനോനും ഇ.എം.എസും എം.എന്‍.ഗോവിന്ദന്‍നായരും കെ.കരുണാകരനും ടി.എം.ജേക്കബ്ബും എന്‍.ഐ.ദേവസിക്കുട്ടിയുമൊക്കെ സഭയിലെ
എക്കാലത്തേയും താരങ്ങളായി മാറിയത് അവരുടെ പ്രവര്‍ത്തന മികവിന്റെ ഫലമായിട്ടാണ്.

thepoliticaleditor

ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം പ്രതിനിധി പി.പി.ചിത്തരഞ്ജന്‍ ആകട്ടെ പലപ്പോഴും അവതാരകനായ വിനു.വി.ജോണിന്റെയും മറ്റുള്ളവരുടേയും
ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള വ്യഗ്രതയാണ് കാട്ടിയത്. കോടതിയില്‍ പ്രതിയായി ഹാജരാകേണ്ട മന്ത്രി ശിവന്‍കുട്ടി രാജി വെയ്‌ക്കേണ്ടതല്ലേ
എന്ന ചോദ്യത്തിന് കോടതി പറഞ്ഞാല്‍ രാജി വെയ്ക്കാം എന്നായി ചിത്തരഞ്ജന്‍. നേരത്തേ മറ്റ് നേതാക്കളുടെ പേരില്‍ ഇത്തരം വിഷയങ്ങള്‍
ഉണ്ടായപ്പോള്‍ സി.പി.എം പ്രതികരിച്ചത് ഇങ്ങനെ അല്ലല്ലോ എന്ന വിനുവിന്റെ ചോദ്യത്തിനും മറുപടി തഥൈവ.

ധാര്‍മ്മികമായി നോക്കുമ്പോള്‍ മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കുന്നത് തന്നെയാണ് ഉചിതം. കോടതി കുറ്റവിമുക്തനാക്കിയാല്‍ വീണ്ടും മന്ത്രി
ആകാമല്ലോ. അതേ സമയം, മന്ത്രിക്കസേരയില്‍ ഇരിക്കുമ്പോഴാണ് കോടതി ശിക്ഷിക്കുന്നതെങ്കില്‍ നാണം കെട്ട് രാജിവെക്കേണ്ട അവസ്ഥയുണ്ടാകും.

നിയമസഭയിലെ ഈ കൈയ്യാങ്കളി ചര്‍ച്ച ചെയ്യുന്നവര്‍ ആരും ഇനിയും ചൂണ്ടിക്കാട്ടാത്ത സഭയിലെ പഴയൊരു കൂട്ടയടിയുണ്ട്. 1982 -87 ൽ
കെ.കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തായിരുന്നു അതുണ്ടായത്. അന്ന് സി.പി.എമ്മിലെ ഉഗ്രപ്രതാപിയായ എം.വി.രാഘവനെ
സഭയില്‍ നിന്ന് അതിശക്തനായ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ സസ്‌പെന്‍ഡ് ചെയ്തു. ഒപ്പം ഏതാനും സി.പി.എം അംഗങ്ങളുടെ
പേരിലും നടപടി എടുത്തു.

പക്ഷെ, അടുത്ത ദിവസം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ സസ്‌പെന്‍ഡ്
ചെയ്യപ്പെട്ട എം.എല്‍.എമാരെ ബലമായി നിയമസഭയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. പോലീസ് തന്നെയാണ്
സഭയ്ക്കുള്ളില്‍ പ്രതിപക്ഷ എം.എല്‍.എമാരെ മര്‍ദ്ദിച്ചത്. അന്നത്തെ കഥയിലെ പല നായകന്‍മാരും വില്ലന്‍മാരും ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരെ
ഉള്‍ക്കൊള്ളിച്ച് ഈ സംഭവവും ചര്‍ച്ച ചെയ്യാവുന്നതാണ്. പക്ഷെ ഒരു പ്രശ്‌നമുണ്ട്, അന്ന് ടെലിവിഷന്‍ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അന്നത്ത
പല നേതാക്കളുടേയും പെര്‍ഫോമന്‍സ് കാണാന്‍ ഇന്നത്തെ തലമുറയ്ക്ക് ഭാഗ്യമില്ല എന്ന് മാത്രം.

Spread the love
English Summary: moral questions towards education minister and others

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick