Categories
latest news

സന്തോഷത്തോടെ ദത്തെടുത്ത ദമ്പതിമാര്‍ കുഞ്ഞിനെ നഷ്ടമാകുമെന്നറിയുമ്പോള്‍ ആ കുഞ്ഞിനെ എങ്ങിനെയാവും കാണുക…

തിരുവനന്തപുരത്തെ അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാര്‍ അവനെ സ്വന്തം അരുമയായി വളര്‍ത്താന്‍ തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. പെട്ടെന്നാണ്‌ കുഞ്ഞിന്‌ യഥാര്‍ഥ അമ്മ തന്നെ അവകാശവാദവുമായി വന്നിരിക്കുന്നത്‌. നിയമത്തിന്റെ മുന്നില്‍ ബയോളജിക്കല്‍ പാരന്റ്‌ ആണ്‌ പ്രഥമസ്ഥാനത്ത്‌. കുഞ്ഞ്‌ അതിനെ നൊന്തുപ്രസവിച്ച അമ്മയ്‌ക്കുള്ളതാണ്‌. അതില്‍ ഒരു നീതിപീഠത്തിനും വേറൊരു നയം സ്വീകരിക്കുക സാധ്യമല്ല. കോടതി തീര്‍പ്പാക്കുക എന്ന നിയമത്തിന്റെ നൂലാമാല മാറ്റിവെച്ചാല്‍ കുഞ്ഞ്‌ ഇപ്പോഴേ സ്വന്തം അമ്മയുടെതായിക്കഴിഞ്ഞു.

ദത്തെടുത്തവരുട കാര്യമോ. അവരും ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി ഹൃദയത്തില്‍ ചേര്‍ത്തുകഴിഞ്ഞു. അവര്‍ അവനെ ലാളിച്ചും ഊട്ടിയും സ്വന്തം ജീവന്റെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞിരിക്കും ഇപ്പോള്‍ത്തന്നെ. അവരിലും മാതൃത്വവു പിതൃത്വവും നാമ്പിട്ടു പൂവിട്ടുകൊണ്ടിരിക്കയായിരിക്കും. നോക്കുമ്പോള്‍ അവര്‍ ആ കുഞ്ഞിന്റെ മാതാവും പിതാവുമായിരിക്കുന്നു. ലോകത്ത്‌ ഒരു കുഞ്ഞിന്റെ കാര്യത്തില്‍ സംഭവിച്ച അപൂര്‍വ്വമായ കുരുക്ക്‌ ഈ കേരളത്തില്‍ നിന്നു തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കയാണ്‌.

thepoliticaleditor

ആന്ധ്ര ദമ്പതിമാരും, മാധ്യമ വാര്‍ത്ത പ്രകാരം, തങ്ങളുടെ കുഞ്ഞിന്‌ യാഥാര്‍ഥ അമ്മ വന്നിരിക്കുന്നു എന്ന കാര്യം അറിഞ്ഞിട്ടുണ്ട്‌. അവര്‍ പറയുന്നു, തങ്ങള്‍ എല്ലാ നിയമവും പാലിച്ച്‌ ആ കുരുന്നിനെ സ്വന്തമാക്കിയതാണ്‌ എന്ന്‌. അതായത്‌ അവനെ കൈവിടാന്‍ കഴിയില്ലെന്ന്‌ അവരുടെ മനസ്സ്‌ പറയാതെ പറയുന്നു. അപ്പോള്‍ ഇനി മനുഷ്യരെ കുഴയ്‌ക്കുന്ന ഒരു ചോദ്യം ആ കുഞ്ഞിന്റെ മുഖം ചോദിക്കുന്നു–ആരാണെന്റെ മാതാ പിതാക്കള്‍?

അമ്പാടിക്കണ്ണന്റെ കഥയാണ്‌ ഓര്‍ത്തു പോകുന്നത്‌. പ്രസവിച്ചത്‌ ഒരമ്മ. പോറ്റിയത്‌ വേറൊരമ്മ. ശ്രീകൃഷ്‌ണനെ പോലെയായിരിക്കുന്നു അനുപമയുടെ മകനും. അമ്പാടിയില്‍ വളര്‍ന്ന കണ്ണന്‍ വസുദേവരുടെതായിരുന്നെങ്കിലും നന്ദഗോപരുടെതുമായിരുന്നു. രോഹിണിയുടെതാണെങ്കിലും യശോദയുടെതുമായിരുന്നു. എന്നാല്‍ ശ്രീകൃഷ്‌ണന്റെ യഥാര്‍ഥ മാതാവായി രോഹിണി അവകാശവാദവുമായി വന്നാല്‍ യശോദയ്‌ക്ക്‌ എന്തുചെയ്യാനാവുമായിരുന്നു.

അനുപമ

മറ്റൊരു ചോദ്യമാണ്‌ അതിലും പ്രധാനമാകുന്നത്‌. കുഞ്ഞിനെ അവസാനമായി തങ്ങള്‍ക്കിനി കിട്ടാന്‍ പോകുന്നില്ല എന്ന തോന്നല്‍ ഇപ്പോള്‍ ഒരു പക്ഷേ ആന്ധ്രയിലെ ദത്തെടുത്ത ദമ്പതിമാര്‍ക്ക്‌ പതുക്കെ വരുന്നുണ്ടാവും. അപ്പോള്‍ അവര്‍ ഇനി ഓരോ നിമിഷവു അവര്‍ ആ കുഞ്ഞിനെ എങ്ങിനെയായിരിക്കും കാണുക…എങ്ങിനെയായിരിക്കും ഊട്ടുക…അവര്‍ക്കിനി ആ കുഞ്ഞ്‌ സ്വന്തമെന്ന്‌ പൂര്‍ണമനസ്സോടെ ആലോചിക്കാനാവുമോ…ഏതു സമയവും കൈവിടേണ്ടി വരുമെന്ന ആശങ്കയില്ലാതെ ആ കുരുന്നിനെ ലാളിക്കാനാവുമോ…
ഈ അവസ്ഥയിലേക്ക്‌ അവരെയും അനുപമയെയും സര്‍വ്വോപരി ആ കുഞ്ഞിനെയും തള്ളിവിട്ടവര്‍ക്ക്‌ എന്ത്‌ ഉത്തരമാണ്‌ നല്‍കാനുള്ളത്‌…മനുഷ്യാവകാശങ്ങള്‍ എത്ര വിചിത്രമായാണ്‌ ലംഘിക്കപ്പെടുന്നത്‌!!!

Spread the love
English Summary: HUMAN RIGHTS OF ANUPAMA, ADAPTED PARENTS AND THE KID

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick