Categories
kerala

പന്തീരാങ്കാവ്‌ യുഎപിഎ കേസ്‌: താഹയ്‌ക്ക്‌ സുപ്രീംകോടതി ജാമ്യം നല്‍കി, അലന്റെ ജാമ്യം റദ്ദാക്കില്ല

പന്തീരാങ്കാവ് യുഎപിഎ കേസില്‍ രണ്ടാംപ്രതി താഹ ഫസലിന് ജാമ്യം. സുപ്രീം കോടതിയാണ് താഹഹയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഐഎയുടെ വാദങ്ങള്‍ കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്നുളള എന്‍ഐഎയുടെ ആവശ്യം സുപ്രീം കോടതി തള്ളി. 2019 നവംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥികളായ അലനേയും താഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഈ കേസ് എന്‍ഐഎ ഏറ്റെടുത്തു. 2020 സെപ്റ്റംബറില്‍ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു. എന്നാല്‍ പിന്നീട് ഹൈക്കോടതി അലന്റെ ജാമ്യം നിലനിര്‍ത്തുകയും താഹയുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു. ഒരേ കേസില്‍ ഒരാള്‍ക്ക് ജാമ്യം റദ്ദാക്കുകയും മറ്റേയാള്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തതിനെ നേരത്തെ സുപ്രീം കോടതി ചോദ്യം ചെയ്തിരുന്നു.

അലന്റെയും താഹയുടേയും മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഐഎയുടെ വാദം. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. അലന്റെയും താഹയുടേയും പക്കല്‍ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖകളും മാവോയിസ്റ്റ് ബന്ധത്തിന് തെളിവാകുന്നത് എങ്ങനെയാണ് എന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ഇരുവര്‍ക്കും മേല്‍ യുഎപിഎ ചുമത്തിയതിനേയും കോടതി ചോദ്യം ചെയ്യുകയുണ്ടായി. നിരോധിച്ച പുസ്തകം കൈവശം വെച്ചു എന്നതിന്റെ പേരിലോ മുദ്രാവാക്യം വിളിച്ചു എന്ന പേരിലോ എങ്ങനെയാണ് യുഎപിഎ ചുമത്തുക എന്നാണ് കോടതി ആരാഞ്ഞത്. മകന് ജാമ്യം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും രണ്ടാം ജന്മം കിട്ടിയത് പോലെയാണ് എന്നും താഹയുടെ ഉമ്മ പ്രതികരിച്ചു. കൂടെയുളള എല്ലാവര്‍ക്കും നന്ദിയുണ്ട്. നവംബര്‍ 1ന് കേസ് വന്നിട്ട് രണ്ട് വര്‍ഷമായി. പഠനമൊക്കെ മുടങ്ങി. മകന് പഠിക്കാനുളള പുസ്തകങ്ങളൊക്കെ അയച്ച് കൊടുക്കാറുണ്ട്. പക്ഷേ പഠിക്കാനുളള സൗകര്യമില്ലെന്നാണ് അവന്‍ പറയുന്നത്. ജയിലില്‍ കൊറോണ വന്നത് കൊണ്ട് പോയി കാണാന്‍ കുറേയായി സാധിച്ചിട്ടില്ല. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു എന്നും താഹയുടെ ഉമ്മ പ്രതികരിച്ചു.

thepoliticaleditor
Spread the love
English Summary: bail granted by supreme court for thaha fazal in kozhikkode uapa case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick