Categories
latest news

ഉപരാഷ്ട്രപതി കരഞ്ഞു, ഉറങ്ങാനാവാത്ത രാത്രികളായിരുന്നു എന്ന് വെങ്കയ്യ നായിഡു

സംഘപരിവാറിന്റെ നേതാവായിരിക്കുമ്പോഴും മൂല്യങ്ങള്‍ക്കൊപ്പം നടന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇന്ന് വിതുമ്പിക്കരഞ്ഞു. രാജ്യസഭാധ്യക്ഷന്റെ കസേരയില്‍ ഇരുന്ന് അദ്ദേഹം വികാരാധീനനായി ചൊവ്വാഴ്ച സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ദുഖം പ്രകടിപ്പിച്ചു. സഭയുടെ പരിപാവനത നഷ്ടപ്പെട്ടതായി പരിതപിച്ചു. ഏതാനും അംഗങ്ങള്‍ മേശപ്പുറത്ത് കയറിയതോടെ സഭയിലെ അച്ചടക്കവും പ്രൗഢി നഷ്ടപ്പെട്ടതായി വെങ്കയ്യ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച കാര്‍ഷികനിയമത്തിനെതിരായ സമരത്തെക്കുറിച്ച് രാജ്യസഭയില്‍ ചര്‍ച്ച നടന്നപ്പോഴാണ് പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ മേശപ്പുറത്ത് കയറുകയും മുദ്രാവാക്യം വിളിക്കുകയും കറുത്ത കൊടി ഉയര്‍ത്തിക്കാട്ടുകയും ചെയ്തത്. സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ സഭയില്‍ മുഴങ്ങി. ഒന്നര മണിക്കൂര്‍ നേരം സഭയില്‍ ബഹളം തുടരുകയുണ്ടായി.

ബുധനാഴ്ച ഇതേക്കുറിച്ച് പരാമര്‍ശിക്കവേയാണ് ഉപരാഷ്ട്രപതി വികാരാധീനനായത്. തനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വെങ്കയ്യ പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലാണിത്. അതിലെ ഗര്‍ഭഗൃഹത്തിലേക്കാണ് നിങ്ങളില്‍ ചിലര്‍ കയറിയത്. അത് അനുവദനീയമല്ലാത്തതായിരുന്നു. അമ്പലത്തിലെ ഗര്‍ഭഗൃഹത്തിലേക്ക് ഭക്തര്‍ക്കു പോലും പ്രവേശിക്കാമോ. ഒരു സര്‍ക്കാരിനെ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അഭിപ്രായവ്യത്യാസമുണ്ടാകാം, അത് ഉന്നയിക്കാം, വോട്ടു ചെയ്യാം.–ഉപരാഷ്ട്രപതി പറഞ്ഞു.

thepoliticaleditor

ഒരു വര്‍ഷത്തോളമായി ഡല്‍ഹിയിലെ അതിര്‍ത്തിത്തെരുവുകളിലും രാജ്യത്താകമാനവും മഴയും മഞ്ഞും വെയിലും കൊവിഡ് മഹാമാരിയും കൂസാതെ ലക്ഷക്കണക്കിന് കര്‍ഷകര്‍ നടത്തിവരുന്ന ഐതിഹാസികമായ സമരത്തെ ഇത്ര കാലമായിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതിനെക്കുറിച്ച് പക്ഷേ ഉപരാഷ്ട്രപതി പരാമര്‍ശിച്ചില്ല. രാജ്യസഭയില്‍ കാര്‍ഷികനിയമം പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമായ ഏകപക്ഷീയമായ നടപടികളിലൂടെയായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വലിയ കോലാഹലം പാര്‍ലമെന്റില്‍ ഉണ്ടാക്കിയിരുന്നു. അവകാശ ലംഘനം ചൂണ്ടിക്കാട്ടിയ രണ്ട് എം.പി.മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു താഴെ എം.പി.മാര്‍ രാപകല്‍ സത്യാഗ്രഹം നടത്തിയിരുന്നു. ഇത്രയധികം വലിയ കര്‍ഷകമുന്നേറ്റമുണ്ടായിട്ടും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന ഏകാധിപത്യ നടപടിയാണ് സ്വീകരിച്ചത്. ഇതില്‍ പൊറുതിമുട്ടിയാണ് ഇപ്പോള്‍ ജനപ്രതിനിധികളുടെ പ്രതിഷേധം സഭയ്ക്കുള്ളിലുണ്ടായത് എന്നത് ഉപരാഷ്ട്രപതിക്ക് മനസ്സിലാവാത്ത കാര്യവുമല്ല.

Spread the love
English Summary: venkayya naidu became emotional in rajyasabha on yesterdays rukus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick