Categories
latest news

രവിശങ്കര്‍ പ്രസാദ്‌, ജാവഡേക്കര്‍, ഹര്‍ഷ്‌ വര്‍ധന്‍…വമ്പന്മാർ പുറത്തായത് എന്ത് കൊണ്ട്…? കാരണങ്ങളുണ്ട്…

12 മന്ത്രിമാരുടെ രാജിയിലൂടെ പുതിയ മുഖം നല്‍കാന്‍ ശ്രമിച്ച മോദി സര്‍ക്കാരില്‍ പുറത്തേക്കു പോയത്‌ മോദി മന്ത്രിസഭയിലെ താപ്പാനകളായ പ്രമുഖരുടെ നിരയാണ്‌. ഇത്‌ സംഭവിച്ചതിന്‌ എന്താണ്‌ ഹേതു..

എന്തുകൊണ്ടാണ്‌ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌, പരിസ്ഥിതി മന്ത്രി ബാബുള്‍ സുപ്രിയോ, വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊക്രിയാല്‍, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, രാസവസ്‌തുവകുപ്പു മന്ത്രി സദാനന്ദ ഗൗഡ, തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ്‌ ഗാങ്‌ വാര്‍ എന്നിവരെ മോദി ഒഴിവാക്കിയത്‌-എല്ലാവരുടെയും ചോദ്യം ഇതാണ്‌. ജാവഡേക്കറുടെയും രവിശങ്കര്‍ പ്രസാദിന്റെയും കാര്യം എല്ലാവര്‍ക്കും അപ്രതീക്ഷിതം.
മോദി അദ്ദേഹത്തിന്റെതായ വിലയിരുത്തലിലൂടെയാണ്‌ മന്ത്രിമാര്‍ തുടരണമോ പോകണമോ എന്ന്‌ തീരുമാനിച്ചത്‌ എന്ന്‌ പറയാനാവില്ല. കാരണം, മോദിയുടെ അടുപ്പക്കാരില്‍ പലരുമാണ്‌ പുറത്തായത്‌. സര്‍ക്കാരിന്റെ ഭാവി പ്രതിച്ഛായ മാത്രമല്ല, നിലവില്‍ പ്രതിച്ഛായക്ക്‌ വലിയ ക്ഷീണമുണ്ടാക്കിയവരെക്കുറിച്ചുള്ള വിമര്‍ശനം ആര്‍.എസ്‌.എസ്‌. നേതൃത്വത്തില്‍ ഉള്‍പ്പെടെ ഉള്ളത്‌ മോദിക്ക്‌ കണക്കിലെടുക്കേണ്ടി വന്നു.

ഹര്‍ഷവര്‍ധന്‍

കൊവിഡ്‌ രണ്ടാംതരംഗത്തെ നേരിടുന്നതില്‍ കാണിച്ച വലിയ മണ്ടത്തരത്തിന്‌ ഡല്‍ഹി ചാന്ദ്‌നി ചൗക്ക്‌ എം.പി.യായ ഹര്‍ഷവര്‍ധന്‍ നല്‍കേണ്ടിവന്ന വലിയ വിലയാണ്‌ കസേര നഷ്ടം. മോദിസര്‍ക്കാര്‍ ആഗോളമായി നാണം കെട്ടുപോയ സാഹചര്യമാണ്‌ കൊവിഡ്‌ രണ്ടാംതരംഗത്തിലുണ്ടായത്‌. രാജ്യത്തെ പൊതു ആരോഗ്യ-പ്രതിരോധ സംവിധാനം അമ്പേ പരാജയപ്പെടുകയും സുപ്രീംകോടതിയുടെ ഉള്‍പ്പെടെ നിശിത വിമര്‍ശനത്തിന്‌ ഇരയാവുകയും ചെയ്‌്‌തു. മോദിക്കുണ്ടായ പ്രതിച്ഛായാ നഷ്ടം ഒരു പക്ഷേ നികത്തുക തന്നെ എളുപ്പമല്ലാതാവുകയും ചെയ്‌തു.

രവിശങ്കര്‍ പ്രസാദ്‌ സീനിയറായ ഭരണാധികാരിയായതിനാല്‍ ഒരിക്കലും മാറ്റപ്പെടാത്തവരുടെ പട്ടികയിലായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ പെടുത്തിയിരുന്നത്‌. പക്ഷേ മോദി അദ്ദേഹത്തെ മാറ്റി. നിയമകാര്യ, ഐ.ടി. മന്ത്രിയായിരുന്നു രവിശങ്കര്‍ പ്രസാദ്‌. എന്നാല്‍ മോദി ഭരണകൂടത്തിന്‌ ആഗോളമായിത്തന്നെ വലിയ വിമര്‍ശനം നേരിടേണ്ടി വന്ന ഐ.ടി.നിയമഭേദഗതിയെ ഫലപ്രദമായി വിശദീകരിക്കാനും ന്യായീകരിക്കാനും രവിശങ്കര്‍ പ്രസാദിന്‌ സാധിച്ചില്ല എന്ന വിലയിരുത്തലിന്റെ ഫലമാണ്‌ മോദി ക്യാബിനറ്റില്‍ താരതമ്യേന യുവത്വമുണ്ടെന്ന്‌ പറയാവുന്ന, 66-കാരനായ അദ്ദേഹത്തിന്റെ പുറത്താകല്‍. പ്രത്യേകിച്ച്‌ ജുഡീഷ്യറിയില്‍ നി്‌ന്നും മോദിഭരണകൂടത്തിനേറ്റ പ്രഹരങ്ങള്‍ പ്രതിരോധിക്കാന്‍ നിയമമന്ത്രി കൂടിയായ രവിശങ്കര്‍ പ്രസാദിന്‌ സാധിച്ചില്ല.

thepoliticaleditor
പ്രകാശ്‌ ജാവഡേക്കര്‍

പ്രകാശ്‌ ജാവഡേക്കര്‍ സത്യത്തില്‍ സര്‍ക്കാരിന്റെ വക്താവായിരുന്നു. മോദിയെ എല്ലാ അര്‍ഥത്തിലും ന്യായീകരിച്ചു ശബ്ദമുയര്‍ത്തിയ ആള്‍. എന്നിട്ടും സ്ഥാനം പോയി. മഹാരാഷ്ട്രയില്‍ നിന്നുള്ള 70 വയസ്സുള്ള ഈ രാജ്യസഭാംഗം പാര്‍ലമെന്ററി കാര്യമന്ത്രി എന്ന നിലയില്‍ വേണ്ടത്ര വിജയിച്ചില്ല എന്നും തീരുമാനങ്ങളെടുത്ത്‌ വിവാദത്തിലായി എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി എന്ന നിലയില്‍ സര്‍ക്കാരിന്റെ പക്ഷം നന്നായി വിശദീകരിക്കാനായില്ല എന്നാണത്രേ വിലയിരുത്തല്‍.

68-കാരനായ കര്‍ണാടക നേതാവ്‌ സദാനന്ദ ഗൗഡ ആദ്യം റെയില്‍വേ മന്ത്രിയും പിന്നീട്‌ രാസവളം, രാസവസ്‌തു വകുപ്പു മന്ത്രിയുമായിരുന്നു. അദ്ദേഹം കര്‍ണാടകയിലെ മാറുന്ന സമവാക്യങ്ങളുടെഇരയാണ്‌ എന്നാണ്‌ പറയപ്പെടുന്നത്‌, ഒപ്പം തൃപ്‌തികരമല്ലാത്ത പ്രകടനവും. ഇപ്പോള്‍ ബി.ജെ.പിയുടെ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷിനാണ്‌ കാര്യങ്ങളില്‍ മേല്‍ക്കൈ. രാജീവ്‌ ചന്ദ്രശേഖറോട്‌ താല്‍പര്യമുള്ളയാളാണ്‌ സന്തോഷ്‌.

രമേശ്‌ പൊക്രിയാല്‍

വിദ്യാഭ്യാസ മന്ത്രി രമേശ്‌ പൊക്രിയാല്‍ പുറമേ പ്രചരിപ്പിക്കുന്നത്‌ ആരോഗ്യപരമായ കാരണങ്ങള്‍ എന്നാണ്‌. എന്നാല്‍ ഈ ഉത്തര്‍ഖണ്ഡ്‌ മുന്‍ മുഖ്യമന്ത്രിക്ക്‌ രാഷ്ട്രീയപരമായി യുവത്വമാണ്‌–61 വയസ്സേ ഉള്ളൂ. പക്ഷേ രാജ്യത്തെ ചില വമ്പന്‍ വിദ്യാഭ്യാസ ബിസിനസ്സ്‌ സ്ഥാപനങ്ങളുമായി നല്ല ബന്ധത്തിലല്ല. പലരും പരാതി ഉയര്‍ത്തിയത്‌ വിനയായി. ഒപ്പം സംഘപരിവാര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസനയം കാര്യക്ഷമമായി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനവും ഏറ്റു.

സന്തോഷ്‌ ഗാങ്‌ വാര്‍


തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ്‌ ഗാങ്‌ വാറിന്‌ വിനയായത്‌ യോഗി ആദിത്യനാഥിനെതിരെ കത്തെഴുതി എന്നതാവാമെന്ന്‌ വിലയിരുത്തലുണ്ട്‌. ഉത്തര്‍പ്രദേശിലെ ബറേലി എം.പി.യാണ്‌ സന്തോഷ്‌. സത്യം സത്യമായി തുറന്നു പറയുന്ന സ്വഭാവം സന്തോഷിനുണ്ടെന്നും ഇത്‌ യോഗി ഉള്‍പ്പെടെയുള്ളവരുടെ കണ്ണിലെ കരടാവാനിടയാക്കി എന്നും പറയപ്പെടുന്നു.

ബംഗാളുകാരായ രണ്ടു മന്ത്രിമാര്‍ പുറത്തായി. പരിസ്ഥിതി മന്ത്രി ബാബുല്‍ സുപ്രിയോയും, ദേബശ്രീ ചൗധരിയും. ബംഗാള്‍ പിടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ബി.ജെ.പി.ക്ക്‌ കനത്ത തോല്‍വിയുണ്ടായപ്പോള്‍ തന്നെ ബാബുല്‍ സുപ്രിയോയുടെ ശേഷിയും പ്രാമാണ്യവും ചോദ്യം ചെയ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടത്‌ കാര്യം ദയനീയമാക്കി. സുപ്രിയോയുടെ ബാലിശമായ പ്രതികരണരീതി വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു എന്ന്‌ പറയുന്നു.



Spread the love
English Summary: why veterans removed from modis cabinet

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick