Categories
kerala

മുഹമ്മദിന്റെ ജനിതക ചികിത്സാ നടപടിക്രമങ്ങള്‍ തുടങ്ങി, മരുന്ന് ഫലപ്രദമാകുമോ എന്നറിയാൻ ആന്റിബോഡി പരിശോധന

അപൂര്‍വ്വമായ ജനിതക വൈകല്യമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ പിഞ്ചുബാലന്‍ മുഹമ്മദിന് ചികില്‍സയുടെ പ്രാംരഭ നടപടികള്‍ കോഴിക്കോട്ട് ആസ്റ്റര്‍ മിംസ്ആശുപത്രിയില്‍ തുടങ്ങി. മലയാളികളുടെ നന്മയിലൂടെ 18 കോടി പിരിഞ്ഞികിട്ടിയതോടെ കുഞ്ഞിന് ചികില്‍സയ്ക്കുള്ള വഴി തുറന്നിരുന്നു.

കുഞ്ഞിനെ ചികിത്സിക്കുന്ന പീഡിയാട്രിക് ന്യൂറോളജിസ് ഡോ. സ്മിലു മോഹന്‍ലാല്‍ കുഞ്ഞിന്റെ ബന്ധുക്കളുമായി സംസാരിക്കുകയും ചികിത്സാ സംബന്ധമായ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. മുഹമ്മദിന് മരുന്ന് ഫലപ്രദമാകുമോ എന്നറിയാനുള്ള ആന്റിബോഡി പരിശോധനയാണ് ആദ്യം നടത്തേണ്ടത്.
ഇതിനായി സാംപിള്‍ സ്വീകരിച്ച് അഡിനോവൈറസ് ആന്റിബോഡി ടെസ്റ്റിനായി വിദേശത്തേക്കയക്കുകയാണ് ചെയ്യുക. ഇതിന്റെ ഫലം അറിയുന്നതിനിടയില്‍ തന്നെ കരള്‍, വൃക്ക മുതലായവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള നിരവധി പരിശോധനകള്‍ ഇവിടെ നിന്നും പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

thepoliticaleditor
കുഞ്ഞിനെ ചികിത്സിക്കുന്ന ഡോ. സ്മിലു മോഹന്‍ലാല്‍

വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനകളിലൂടെയാണ് മരുന്നിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുന്നതും ചികിത്സ ആരംഭിക്കുന്നതുമെന്നും ഡോ. സ്മിലു മോഹന്‍ലാല്‍ പറഞ്ഞു. പ്രധാനമായും അഞ്ച് തരത്തിലാണ് സ്‌പൈനൽ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന രോഗം കാണപ്പെടുന്നത്. ഇതില്‍ ടൈപ്പ് 2, ടൈപ്പ് 3 എന്നിവയാണ് മുഹമ്മദിനെ ബാധിച്ചിരിക്കുന്ന വകഭേദങ്ങള്‍. നിലവില്‍ മുഹമ്മദ് പിടിച്ച് നില്‍ക്കാനും അല്‍പ്പം നടക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ക്രമേണ ഈ കഴിവുകള്‍ നഷ്ടപ്പെടും. ഈ അവസ്ഥ കുറയാതെ നിലനിര്‍ത്താനും കൂടുതല്‍ മികച്ച ആരോഗ്യം തിരിച്ച് പിടിക്കാനുമായാണ് ജീന്‍ തെറാപ്പി എന്ന ചികിത്സ മുഹമ്മദിനായി നിര്‍ദേശിക്കപ്പെട്ടത്. സോള്‍ജെന്‍സ്മ എന്ന മരുന്നാണ് ഇതിനാവശ്യമായി വരുന്നത്. ഒറ്റത്തവണ മാത്രമാണ് ഈ മരുന്ന് കുത്തിവയ്ക്കേണ്ടതുള്ളൂ. ഇത് ഡി.എന്‍. എയില്‍ പ്രവേശിച്ച് തകരാര്‍ സംഭവിച്ച ജീനില്‍ പ്രതിപ്രവര്‍ത്തിച്ച് അവയുടെ തകരാര്‍ പരിഹരിക്കുകയാണ് ചെയ്യുന്നത്. വളരെ സങ്കീർണമായ പ്രവര്‍ത്തനമാണ് മരുന്നിന്റേത് എന്നതിനാലും നിര്‍മിക്കാനും അതിനാവശ്യമായ ഗവേഷണങ്ങള്‍ക്കും വലിയ ചെലവ് വരുന്നുണ്ട്.

മുഹമ്മദും സഹോദരിയും

ഏതാണ്ട് 15 മുതല്‍ 20 ദിവസം വരെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് റിസല്‍ട്ട് വരാനെടുക്കും. ഈ പരിശോധന ഫലങ്ങളെല്ലാം അനുകൂലമാണെങ്കില്‍ മുഹമ്മദിന്റെ മാതാപിതാക്കളും കമ്പനിയുമായി പണമിടപാട് നടത്തുകയും കമ്പനി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലേക്ക് മരുന്ന് അയച്ച് തരികയും ചെയ്യും. ഇത്തരത്തില്‍ മരുന്ന് ലഭ്യമായാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കാമെന്നും മുഹമ്മദിന് മരുന്ന് നല്ലരീതിയില്‍ ഫലപ്രദമായി തീരുമെന്നാണ് വിശ്വാസമെന്നും ഡോ. സ്മിലു മോഹന്‍ലാല്‍ പറഞ്ഞു. ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന്  വിദഗ്ധ ഡോക്ടർമാർ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡിന് ആസ്റ്റര്‍ മിംസില്‍ രൂപം നല്‍കിയിട്ടുണ്ട്.

Spread the love
English Summary: treatment procedure begun for infant muhammad

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick