Categories
latest news

ആസ്സാം-മിസോറാം അതിര്‍ത്തിത്തര്‍ക്കം, വെടിവെപ്പ്‌… കൊല്ലപ്പെട്ടത്‌ അഞ്ച്‌ ആസ്സാം പൊലീസുകാര്‍, ഇരു സംസ്ഥാനത്തും ഭരണം ബി.ജെ.പി. തന്നെ… അമിത്‌ ഷാ ഇടപെട്ടു… മിസോറാം പോലീസ്‌ ഗുണ്ടകള്‍-ആസാം മുഖ്യമന്ത്രി…

അത്യസാധാരണമായ ഒരു സംഭവമാണ്‌ ഇന്നലെ ആസ്സാം-മിസോറാം സംസ്ഥാന അതിര്‍ത്തിയില്‍ ഉണ്ടായത്‌. അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ ആസ്സാം പൊലീസുകാരും മിസോറാമിലെ ജനങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച്‌ ആസ്സാം പൊലീസുകാര്‍ മിസോറാം വെടിവെപ്പില്‍ കൊല്ലപ്പെട്ടു. 50 ആസ്സാം പോലീസുകാര്‍ക്കു പരിക്കേറ്റതായും മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ്മ പ്രസ്‌താവിച്ചു. കച്ചാര്‍ ജില്ലാ പൊലീസ്‌ സൂപ്രണ്ടും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്‌ കാലില്‍ വെടിയേറ്റതായാണ്‌ പറയുന്നത്‌.
ഇരു സംസ്ഥാനങ്ങളും ബി.ജെ.പി. നേതൃത്വത്തിലുള്ള ഭരണമാണ്‌ ഇപ്പോഴുളളത്‌.

ആസ്സാം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മ

ആസ്സാം-മിസോറാം അതിര്‍ത്തിയില്‍ നടത്തിയ നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ പ്രശ്‌നങ്ങളുടെ തുടക്കമെന്ന്‌ പറയുന്നു. നിര്‍മ്മാണങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട്‌ ജൂലായ്‌ 10-ന്‌ തന്നെ ആസ്സാം സര്‍ക്കാരിന്റെ സംഘം അതിര്‍ത്തിയില്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത്‌ തന്നെ ആസ്സാം സംഘത്തിനു നേരെ മിസോറാമില്‍ നിന്നും ആക്രമണം ഉണ്ടായി. തുടര്‍ന്ന്‌ പൊലീസ്‌ ഇരുഭാഗത്തും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു.

ഇന്നലെ വീണ്ടും അതിര്‍ത്തി നിര്‍മ്മാണം നീക്കിയെതിനെ ചൊല്ലി ആസ്സാം പോലീസുമായി മിസോറാമിലെ ആളുകള്‍ സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു എന്ന്‌ പറയുന്നു. വടിയും കല്ലുമായി ഇരുപക്ഷത്തു നിന്നും ഏറ്റുമുട്ടലുണ്ടായി. ഇതിനിടയില്‍ പൊലീസ്‌ കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന്‌ ആസ്സാം പോലീസിനു നേരെ വെടിവെപ്പുണ്ടായി എന്നാണ്‌ ആസ്സാം പക്ഷത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

thepoliticaleditor
ആഭ്യന്തര മന്ത്രി അമിത്‌ ഷാ

ആസ്സാം മുഖ്യമന്ത്രി ഹിമന്ദ ബിസ്വ സര്‍മയുടെ ട്വീറ്റില്‍ മിസോറാം പൊലീസും ഗുണ്ടകളും ചേര്‍ന്ന്‌ അഞ്ച്‌ പോലീസുകാരെ കൊന്ന കാര്യം പറയുന്നു. മിസോറാം പൊലീസ്‌ ലൈറ്റ്‌ മെഷിന്‍ ഗണ്‍ ഉപയോഗിച്ചതായും സര്‍മ്മ ആരോപിച്ചിട്ടുണ്ട്‌. പൊലീസുകാരെ കൊന്നത്‌ മിസോറാം പോലീസ്‌ ആഘോഷിക്കുകയാണെന്നും സര്‍മ്മ ട്വീറ്റ്‌ ചെയ്‌തു.
ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഇരു സംസ്ഥാനങ്ങളെയും ബന്ധപ്പെട്ട്‌ അതിര്‍ത്തിയില്‍ നിന്നും പിന്‍മറാന്‍ ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന്‌ രാത്രി വൈകി ഇരു സംസ്ഥാനത്തെയും സേനകള്‍ അതിര്‍ത്തിയില്‍ ന്‌ി്‌ന്നും മാറിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ്‌ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാനായി അമിത്‌ ഷാ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്‌. അതില്‍ ആസ്സാം മിസോറാം മുഖ്യമന്ത്രിമാരുള്‍പ്പെടെ പങ്കെടുത്തിരുന്നു.
മിസോറാം മുഖ്യമന്ത്രി സോറാംതാങ്‌ ആസ്സാം പോലീസ്‌ മിസോറാമിലെ ആള്‍ക്കാരെ ആക്രമിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌ററു ചെയ്‌തു. കേന്ദ്രസര്‍ക്കാരിനോട്‌ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

മിസോറാം മുഖ്യമന്ത്രി സോറാംതാങ്‌

ആസ്സാം മുഖ്യമന്ത്രി ഹിമന്ദ സര്‍മ്മ താന്‍ മിസോറാം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും മിസോറാം പൊലീസ്‌ ഇതുവരെയും അക്രമം നിര്‍ത്തിയിട്ടില്ലെന്നും ഇങ്ങനെയായാല്‍ എന്തു ചെയ്യുമെന്നും ചോദിക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ വേണമെങ്കില്‍ കൂടിക്കാഴ്‌ച നട്‌ത്താനും തയ്യാറാണെന്നും പ്രസ്‌താവിച്ചിട്ടുണ്ട്‌.

ഇതിന്‌ മറുപടിയായി സോറാംതാങ്‌ ഇട്ട ട്വീറ്റില്‍, ആസ്സാം പോലീസും ജനക്കൂട്ടവും അപ്രതീക്ഷിതമായി മിസോറാമിലെ വെരിങ്‌ടെ ഓട്ടോറിക്ഷാ സ്‌റ്റാന്‍ഡില്‍ വരികയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ്‌ ചെയ്യുകയുമായിരുന്നു എന്ന്‌ പറയുന്നു.

കോണ്‍ഗ്രസ്‌ സംഭവത്തെ ശക്തിയായി അപലപിച്ചു. അമിത്‌ ഷായുടെ നയങ്ങളാണ്‌ ഇത്തരം അക്രമങ്ങള്‍ക്ക്‌ കാരണമെന്ന്‌ വക്താവ്‌ രണ്‍ദീപ്‌സിങ്‌ സുര്‍ജേവാല ആരോപിച്ചു. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരണമാണ്‌.കേന്ദ്രത്തിലും ബി.ജെ.പി. ഭരിക്കുന്നു. എന്നിട്ടും ക്രമസമാധാനം പാലിക്കാനാവുന്നില്ല എന്നത്‌ വന്‍ പരാജയമാണെന്ന്‌ സുര്‍ജേവാല കുറ്റപ്പെടുത്തി.

Spread the love
English Summary: assam misoram boarder dispute five police men killed in firing

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick